വയോജന ക്ഷേമ കോള്‍ സെന്റര്‍ ജില്ലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു

post

കാസര്‍കോട് : കോവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നത്തിന്റെ ഭാഗമായി റിവേഴ്സ് ക്വാറന്റൈനില്‍ കഴിയുന്ന മുതിര്‍ന്ന പൗരന്മാരുടെ ആരോഗ്യ സംരക്ഷണം, ടെലി മെഡിസിന്‍ സേവനങ്ങള്‍, ആരോഗ്യ സുരക്ഷ എന്നിവ  ഉറപ്പുവരുത്താനായി കാഞ്ഞങ്ങാട് ചെമ്മട്ടംവയല്‍ സയന്‍സ് പാര്‍ക്ക് കെട്ടിടത്തില്‍  ജില്ലാ വയോക്ഷേമ കോള്‍ സെന്റര്‍ തുറന്നു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു മുതിര്‍ന്ന പൗരനെ വിളിച്ചുകൊണ്ടു ഉദ്ഘാടനം ചെയ്തു.  ചടങ്ങില്‍ കാഞ്ഞങ്ങാട്  മുന്‍സിപ്പല്‍ ചെയര്‍മാന്‍ വി വി രമേശന്‍, സബ് കളക്ടര്‍ മേഘശ്രീ, ഡെപ്യൂട്ടി ഡി എം ഒ ഡോ. എ.ടി മനോജ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.രാമന്‍ സ്വാതി വാമന്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. ബിജു, ഐ.സി.ഡി.എസ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ കവിത റാണി രഞ്ജിത്ത്, കെ എസ് എസ് എം ജില്ലാ കോര്‍ഡിനേറ്റര്‍ ജിഷോ ജെയിംസ്,  ബി.എസ്.എന്‍.എല്‍ സബ് ഡിവിഷണല്‍ എഞ്ചിനീയര്‍ പി.പി സുരേന്ദ്രന്‍, ശിശു വികസന പദ്ധതി ഓഫീസര്‍ ഷൈനി  കുടുംബശ്രീ, ഐ സി ഡി എസ്, നാഷണല്‍ ന്യൂട്രീഷന്‍ മിഷന്‍, ആരോഗ്യവകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.         

വയോജനങ്ങള്‍ക്ക് വിളിക്കാം 

വയോജനങ്ങള്‍ക്ക് 04672289000 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. കാള്‍ സെന്ററിലേക്ക് രണ്ടു ഷിഫ്റ്റ് അടിസ്ഥാനത്തില്‍ നാലു ബാച്ച്  ഉദ്യോഗസ്ഥരെ സന്നദ്ധ സേവനത്തിനായി നിയോഗിച്ചിട്ടുണ്ട്. നാല് ബാച്ചുകളിലായി നാല്‍പത് ജീവനക്കാരാണ് ഇവിടെ സേവനമനുഷ്ടിക്കുക.

 വയോജനങ്ങളുടെ ആരോഗ്യം മരുന്ന് എന്നിവയുമായി ബന്ധപ്പെട്ട് കോള്‍ സെന്ററില്‍ ലഭിക്കുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം കാണുന്നതിന് ജില്ലയിലെ മുഴുവന്‍ വയോമിത്രം യൂണിറ്റുകളുടേയും സേവനം പ്രയോജനപ്പെടുത്തും. മരുന്ന്, വൈദ്യ സഹായം ടെലി മെഡിസിന്‍ എന്നിവ ലഭ്യമാക്കും. അടിയന്തിര സാഹചര്യത്തില്‍ കള്‍സെന്റര്‍ പ്രവര്‍ത്തനത്തിന് ആവശ്യമായ സഹായ സഹകരണങ്ങള്‍ കോള്‍സെന്ററിന് അടുത്ത് സ്ഥിതി ചെയ്യുന്ന കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ ഉറപ്പ് വരുത്തും. വിവിധ വകുപ്പ് ജീവനക്കാര്‍ക്കൊപ്പം സന്നദ്ധപ്രവര്‍ത്തകരും കോള്‍സെന്റര്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരും.

കോള്‍ സെന്റര്‍ ഡ്യൂട്ടിയ്ക്കായി ഹയര്‍ സെക്കന്ററി അധ്യാപകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, അംഗന്‍വാടി വര്‍ക്കര്‍, മൈന്റെനന്‍സ് ട്രിബുണല്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്മാര്‍, എന്നിവരെ നിയോഗിച്ചിട്ടുണ്ട്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ ഏകോപനം ജില്ലാ സാമൂഹ്യ നീതി ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഇന്‍ ചാര്‍ജ് എം അബ്ദുള്ളയ്ക്കാണ്. മുന്‍സിപ്പല്‍ മേഖലകളിലെ വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍,  ടെലിമെഡിസിന്‍ ജീവിത ശൈലീ രോഗങ്ങളുടെ മരുന്ന് വിതരണം എന്നിവയുടെ ഏകോപനം ജില്ലയിലെ  വയോമിത്രം കോര്‍ഡിനേറ്റര്‍മാര്‍ നിര്‍വഹിക്കും. ജില്ലയിലെ 38 പഞ്ചായത്ത്കളിലെ വയോജനങ്ങളുടെ  ആരോഗ്യ പ്രശ്ങ്ങള്‍  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ മെഡിക്കല്‍ സര്‍വൈലന്‍സ് ടീം(എം.എം.എസ്.ടി), ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ വഴി  മെഡിക്കല്‍ ഓഫീസ് ഏകോപിപ്പിക്കും. നിലവില്‍ ആരോഗ്യം, കുടുബശ്രീ, വനിതാ ശിശു വികസനം, സാമൂഹ്യ നീതി വകുപ്പുകളും കേരളാ സോഷ്യല്‍ സെക്യൂരിറ്റി മിഷന്‍ വയോമിത്രം യൂണിറ്റുകള്‍,  മെയിന്‍ന്റെനന്‍സ്  ട്രിബുണല്‍ എന്നിവ വഴി വയോജനങ്ങള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ കാള്‍ സെന്റര്‍ വഴി ഏകോപനം നടത്തുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി. ബിജു പറഞ്ഞു.