തിരുവനന്തപുരം എന്‍സിസി നേവല്‍ ട്രെയിനിംഗ് സെന്റര്‍ നിര്‍മ്മാണത്തിന് തുടക്കം

post

തിരുവനന്തപുരം: ദേശീയ നിലവാരത്തിത്തിലുള്ള എന്‍. സി. സി നേവല്‍ ട്രെയിനിംഗ് സെന്ററിന്റെ നിര്‍മ്മാണം ആക്കുളത്ത് തുടങ്ങി. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ഉന്നത വിദ്യഭ്യാസ മന്ത്രി കെ. ടി. ജലീല്‍ ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. രാജ്യത്തെ ഏറ്റവും ആധുനിക സജ്ജീകരണമുള്ളതും അന്തര്‍ദേശീയ മത്സരങ്ങള്‍ നടത്താന്‍ ഉപയുക്തമാക്കുന്നതുമായ രീതിയിലാണ് സെന്റര്‍ നിര്‍മ്മിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. സെന്റര്‍ പൂര്‍ത്തിയാകുന്നതോടെ ആക്കുളം കായലിനെ സംരക്ഷിച്ച് നിര്‍ത്താനുള്ള കാവല്‍ക്കാരുടെ ചുമതല നേവല്‍ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുക്കണമെന്ന് മന്ത്രി അഭിപ്രയായപ്പെട്ടു.

സെന്റര്‍ പ്രവര്‍ത്ത സജ്ജമാകുന്നതോടെ ഓരോ വര്‍ഷവും ജില്ലയിലെ ആയിരത്തോളം നേവല്‍ കേഡറ്റുകള്‍ക്ക് ഇന്ത്യന്‍ നേവിയുടെ  പ്രാഥമിക പരിശീലനം, നീന്തല്‍, സെയിലിംഗ് എക്‌സ്‌പെഡീഷന്‍, ബോട്ട് പുളളിംഗ്, റാഫ്റ്റിംഗ്, യാച്ചിംഗ്, കായക്കിംഗ്, കാനോയിംഗ്, തുടങ്ങിയ ജലസാഹസിക പരിശീലനവും ഡ്രില്‍, ഫയറിംഗ് പരിശീലനവും നല്‍കാനാവും. മറ്റ് സംസ്ഥാനങ്ങളിലെ കേഡറ്റുകള്‍ക്ക് 10 ദിവസം വീതമുള്ള ക്യാമ്പുകളും സെന്ററില്‍ നടത്താം. ഒരേ സമയം 300 പേര്‍ക്ക് പരിശീലന സൗകര്യമുള്ള സെന്ററില്‍  പ്രകൃതി ദുരന്ത സമയത്ത് 600 ഓളം  പേരെ മാറ്റി പാര്‍പ്പിക്കാനും സാധിക്കും. കെട്ടിടത്തിന്റെ രൂപകല്‍പന പൊതുമരാമത്ത് ആര്‍ക്കിടെക്ചര്‍ വിഭാഗവും ഡിസൈന്‍ വിഭാഗവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള  നാഷണല്‍  കേഡറ്റ് കോറിന്റെ കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിന്റെ പരിധിയിലാണ് സെന്റര്‍.

ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ഉഷാ ടൈറ്റസ്,  എന്‍.സി. സി. അഡീഷണല്‍ ഡയറക്ടര്‍  ജനറല്‍  മേജര്‍ മന്‍ദീപ് സിംഗ് ഗില്‍, പൊതുമരാമത്ത് ചീഫ് എന്‍ജിനിയര്‍ ഹൈജീന്‍ ആല്‍ബര്‍ട്ട്,  കേണല്‍ എസ്. ഫ്രാന്‍സിസ്, കമാന്‍ഡിംഗ് ഓഫീസര്‍ മനുപ്രതാപ് സിംഗ് ഹൂഡ എന്നിവര്‍ പങ്കെടുത്തു.