പെരിങ്ങല്‍ക്കുത്ത് ഡാം തുറന്നു; ചാലക്കുടി പുഴയോര വാസികള്‍ ജാഗ്രത പാലിക്കുക

തൃശൂര്‍ : ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയോട് അടുക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ അനുമതി നല്‍കിയതിനെ തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാമിലെ നാല് ക്രസ്റ്റ് ഗേറ്റുകള്‍ ശനിയാഴ്ച വൈകീട്ട് ആറ് മണിയോടെ തുറന്നു. ചാലക്കുടി പുഴയോരവാസികള്‍ ജാഗ്രത പാലിക്കണമെന്ന് തൃശൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു. രണ്ട് ക്രസ്റ്റ് ഗേറ്റുകള്‍ വൈകീട്ട് ആറ് മണിക്കും ഒന്ന് നാല് മണിക്കും മറ്റൊന്ന് അഞ്ച് മണിക്കുമാണ് തുറന്നത്.
ഡാം പൂര്‍ണസംഭരണ ശേഷിയോട് അടുത്തതോടെയാണ് അധികജലം 423.98 മീറ്ററിന് മുകളില്‍ വരാതെ നിയന്ത്രിക്കുന്നതിനും ജലനിരപ്പ് നിയന്ത്രിക്കാനാവാത്ത സാഹചര്യത്തില്‍ പകല്‍സമയം മാത്രം ഡാമിലെ സ്ലൂയിസ് ഗേറ്റുകള്‍ തുറന്ന് പ്രളയ സാധ്യത ഒഴിവാകും വരെ അധികജലം പുറത്തേക്ക് ഒഴുക്കി വിടുന്നതിനും അനുമതി നല്കി തൃശൂര്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടത്. അധികജലം ഒഴുക്കി വിടുന്നത് മൂലം ചാലക്കുടി പുഴയിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാനും വെള്ളം കലങ്ങാനും സാധ്യതയുള്ളതിനാല്‍ പുഴയില്‍ മത്സ്യബന്ധനത്തിനും അനുബന്ധ പ്രവൃത്തികള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. 423.55 മീറ്ററാണ് ശനിയാഴ്ച രാത്രി ഏഴിന് ഡാമിലെ ജലനിരപ്പ്. 424 മീറ്ററാണ് ഡാമിന്റെ പൂര്ണസംഭരണനില. ഡാമില്‍ നിലവില്‍ സംഭരണശേഷിയുടെ 95.71% ജലമുണ്ട്.
അതേസമയം, കേരള ഷോളയാര്‍ ഡാമില്‍ ശനിയാഴ്ച രാത്രി ഏഴിന് 2662.70 അടിയാണ് ജലനിരപ്പ്. സംഭരണശേഷിയുടെ 99.42 ശതമാനം ജലം. ഷോളയാര്‍ ഡാമിന്റെ റെഡ് അലേര്‍ട്ട് ലെവല്‍ 2661 അടിയും പൂര്‍ണ സംഭരണശേഷി 2663 അടിയുമാണ്. വൃഷ്്ടി പ്രദേശത്ത് വൈകീട്ട് നാല് മുതല്‍ ഏഴ് വരെ 3 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി.