മലബാര്‍ ക്യാന്‍സര്‍ സെന്റര്‍ വികസനക്കുതിപ്പില്‍: മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

post

കണ്ണൂര്‍ : കണ്ണൂര്‍ തലശേരി മലബാര്‍ ക്യാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ന്്  രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. 11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക്, 9.5കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീന്‍ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാന്‍, 4 കോടിയുടെ സ്പെക്റ്റ് സി.ടി. സ്‌കാനര്‍ തുടങ്ങി പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുക. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ വിപുലീകരണം, ഒ.പി ബ്ലോക്ക് നവീകരണം, 32 കോടിയുടെ സ്റ്റുഡന്‍സ് ഹോസ്റ്റല്‍ എന്നീ പുതിയ പദ്ധതികളുടെ ശിലാസ്ഥാപനവും  നടക്കും.ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷയാകും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവരാണ് മുഖ്യാതിഥികള്‍.

ആര്‍.സി.സി.യെ മാത്രം ആശ്രയിച്ചിരുന്ന മലബാര്‍ മേഖലയിലെ കാന്‍സര്‍ രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്ന കേന്ദ്രമായി മലബാര്‍ കാന്‍സര്‍ സെന്ററിനെ മാറ്റാന്‍ കഴിഞ്ഞതായി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു.

പൂര്‍ത്തീകരിച്ച പദ്ധതികള്‍

പീഡിയാട്രിക് ഹെമറ്റോളജി ആന്റ് ഓങ്കോളജി ബ്ലോക്ക്

പീഡിയാട്രിക് ഓങ്കോളജി ബ്ലോക്ക് കുട്ടികള്‍ക്ക് രണ്ടാമത്തെ വീട് എന്ന നിലയ്ക്കാകും അനുഭവപ്പെടുക.

കുട്ടികളുടെ അര്‍ബുദ ചികിത്സക്കായി മാത്രം പ്രത്യേകം സജ്ജീകരിച്ച ബ്ലോക്കാണിത്.

പ്രത്യേകം കീമോ തെറാപ്പി വാര്‍ഡ്, ഓപ്പറേഷന്‍ തീയേറ്റര്‍, ഐ.സി.യു എന്നിവയ്ക്കു പുറമെ കളിസ്ഥലം, ഗ്രന്ഥശാല, സിനിമാ തീയേറ്റര്‍ എന്നിവയെല്ലാം സജ്ജമാക്കി.

ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്

വിവിധ ക്യാന്‍സറുകളുടെ രോഗ നിര്‍ണയത്തിനും ചികിത്സയ്ക്കുമാണ് റേഡിയോ ഐസോടോപ്പുകള്‍ ഉപയോഗിച്ചുള്ള ന്യൂക്ലിയര്‍ മെഡിസിന്‍ ചികിത്സാ സംവിധാനം. 

 ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക്

പുതിയ ലാബ് ബ്ളോക്കില്‍ പാത്തോളജി മോളിക്യൂലര്‍ ബയോളജി, ജെനറ്റിക്സ്എന്നിവ പ്രവര്‍ത്തിക്കും. പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന നിലയിലേക്കുള്ള എംസിസിയുടെ വളര്‍ച്ചക്കനുസൃതമായ ക്ലാസ് മുറികള്‍, അധ്യാപക, അനധ്യാപക ജീവനക്കാര്‍ക്കുള്ള സൗകര്യങ്ങള്‍, സെമിനാര്‍ റൂം സൗകര്യങ്ങള്‍ എന്നിവയുമുണ്ട്്. 

 ഇന്റ്രെ്വന്‍ഷനല്‍ റേഡിയോളജി വിഭാഗം

അത്യധികം രക്ത സംക്രമണമുള്ള മുഴകളില്‍ ശസ്ത്രക്രിയാ സമയത്ത് ഉണ്ടായേക്കാവുന്ന അമിത രക്തസ്രാവം കുറയ്ക്കാന്‍ ഇന്റ്രെ്വന്‍ഷനല്‍ റേഡിയോളജി സഹായകമാണ്. ഇന്ത്യയിലെ തന്നെ ചുരുക്കം ചില മുന്‍നിര കാന്‍സര്‍ ചികിത്സ കേന്ദ്രങ്ങളില്‍ മാത്രമാണ് ഈ സംവിധാനമുള്ളത്. 

64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാന്‍

അത്യാധുനിക 64 സ്ലൈസ് ഫ്ളൂറോ സിടി സ്‌കാന്‍ മുഖേന ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മുഴകളില്‍ നിന്നും ബയോപ്സി നടത്താനും ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കുന്ന റേഡിയോ ഫ്രീക്വന്‍സി അബ്ലേഷന്‍, മൈക്രോ വേവ് അബ്ലേഷന്‍ എന്നിവ നടത്തുവാനും സാധിക്കും.

സ്പെക്റ്റ് സി. ടി സ്‌കാനര്‍

ഈ മെഷീനിലെ പ്രത്യേക ക്യാമറ അവയവങ്ങള്‍, അസ്ഥികള്‍, ടിഷ്യു എന്നിവയിലെ റേഡിയോ ട്രേസര്‍ കണ്ടെത്തി ശരിയായ രോഗ നിര്‍ണയത്തിന് സഹായിക്കുന്നു.

പുതിയ ചുവടുവെപ്പുകള്‍

റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കും ഒപി ബ്ളോക് നവീകരണവും

കിഫ്ബി ഒന്നാംഘട്ട വികസനത്തിന്റെ ഭാഗമായി റേഡിയേഷന്‍ ഓങ്കോളജി ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങും.  

ഒരേ സമയം 40 രോഗികള്‍ക്ക് കീമോ തെറാപ്പി ചെയ്യാനാകും.

ഇതോടൊപ്പം ഒപി ബ്ലോക്കിന്റെ നവീകരണവും നടത്തും.

സ്റ്റുഡന്‍സ് ഹോസ്റ്റല്‍

300 ഓളം വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠിക്കുവാനുള്ള സംവിധാനം സ്റ്റുഡന്റസ് ഹോസ്റ്റലില്‍ ഏര്‍പെടുത്തും.