ടൂറിസം മേഖലയ്ക്ക് പ്രത്യേക സഹായ പദ്ധതി - മന്ത്രി കടകംപളളി സുരേന്ദ്രന്

തിരുവനന്തപുരം : കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സര്‍ക്കാര്‍ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്. വേളി ടൂറിസം വില്ലേജിലെ വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴില്‍ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേര്‍ക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നല്‍കും. സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന ഹൗസ്ബോട്ടുകള്‍ക്ക് ഒറ്റത്തവണ മെയിന്റനന്‍സ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80000, 100000, 120000 എന്നിങ്ങനെ നല്‍കും. നവംബര്‍ 30 നകം അപേക്ഷിക്കണം.
ഹോം സ്റ്റേകള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കമേഴ്സ്യല്‍ വിഭാഗത്തില്‍ നിന്ന് റസിഡന്‍ഷ്യല്‍ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കുകയുമാണ്. 1000 ഓളം സംരംഭകര്‍ക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.
വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ്. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറി്സം ഫെസിലിറ്റി സെന്റര്‍, 9.98 കോടി രൂപയുടെ കണ്വന്ഷന് സെന്റര്‍, അനുബന്ധ സൗകര്യവികസനത്തിനായി 7.85 കോടിയുടെ പദ്ധതി എന്നിവയും നടപ്പിലാക്കുകയാണ്.
9.50 കോടി രൂപ ചെലവില്‍ പ്രധാന പാര്‍ക്കിനോടു ചേര്‍ന്ന് ആര്‍ട്ട് കഫെ സ്ഥാപിക്കും. ഡിജിറ്റല്‍ മ്യൂസിയം ഉള്‍പ്പെടയുള്ള സൗകര്യങ്ങളാണ് ഇതോടൊപ്പം ഉണ്ടാകുക.
വേളിയില്‍ തന്നെ അര്‍ബന്‍ വെറ്റ്ലാന്‍ഡ് നേച്ചര്‍ പാര്‍ക്കും വരികയാണ്. ടൂറിസ്റ്റ് വില്ലേജിന് എതിര്‍വശമുള്ള 10 ഏക്കറോളം പ്രദേശത്താണ് പ്രകൃതി സംരക്ഷണം കൂടി ലക്ഷ്യമാക്കുന്ന പദ്ധതി രൂപകല്പന ചെയ്യുന്നത്.
അര്‍ബന്‍ - ഇക്കോ പാര്‍ക്കുകളും ഇവിടെ തുടങ്ങുന്നു. ആംഫിതിയറ്റര്‍ ഉള്‍പ്പെടയുള്ള സംവിധാനങ്ങള്‍ക്കായി 4.99 കോടി രൂപ അനുവദിച്ചു. പ്രദേശത്തെ തീരപാത വികസനത്തിനായി 4.78 കോടി രൂപയുടെ പദ്ധതിയുമുണ്ട്.
കുട്ടികളുടെ പാര്‍ക്കിന്റെ നവീകരണം പൂര്‍ത്തിയാക്കാനായി. നിലവിലുള്ള നീന്തല്‍ക്കുളവും പാര്‍ക്കും നവീകരിക്കുന്നതിനും അനുമതി നല്കി. കാനായി കുഞ്ഞിരാമന് നിര്‍മിച്ച കലാവിസ്മയമായ ശംഖ് സംരക്ഷണവും പരിസരത്ത് സൗരോര്‍ജ്ജ വിളക്ക് സ്ഥാപനവും നടത്തി.
വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് സ്പീഡ് ബോട്ട്, അഞ്ച് പെഡല്‍ ബോട്ട്, ഒരു സഫാരി ബോട്ട്, 100 ലൈഫ് ജാക്കറ്റുകള്‍ എന്നിവ വാങ്ങും. കെ. ടി. ഡി. സിയുടെ ഫണ്ട് വിനിയോഗിച്ച്് 50 ലൈഫ് ബോയ് സ്വന്തമാക്കാനായി. ഇവിടെയുള്ള ഫ്ളോട്ടിംഗ് റസ്റ്ററന്റ് 70 ലക്ഷം രൂപ ചെലവാക്കി നവീകരിക്കുകയും ചെയ്തു. 56 കോടിയിലധികം രൂപയുടെ വികസന പദ്ധതികളാണ് വേളിയില്‍ നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
വേളിയില്‍ ഇനി കുട്ടി തീവണ്ടിയും
വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കല്‍ക്കരി ട്രെയിനോടും. സൗരോര്‍ജ്ജത്തിലാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈര്‍ഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചര്‍ ട്രെയിന്‍ സര്‍വീസ് തുടങ്ങുന്നത്. കുട്ടികളെ ആകര്‍ഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന് വ്യക്തമാക്കി.
സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിന്‍ സര്‍വീസ് ഒരു മാസത്തിനകം പ്രവര്‍ത്തന സജ്ജമാകും. ബംഗലുരുവില്‍ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേര്‍ക്ക് സഞ്ചരിക്കാം. സ്റ്റേഷന് ഉള്‍പ്പടെ സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.