പോഷകാഹാരങ്ങളെ നിറങ്ങളിലൂടെ പഠിപ്പിച്ച് അങ്കണവാടികള്‍

post

കാസര്‍ഗോഡ് : പോഷണ്‍ അഭിയാന്‍ പദ്ധതിയുടെ പോഷകാഹാര മാസാചരണത്തിന്റെ   ഭാഗമായി നിറങ്ങളിലൂടെ കുഞ്ഞുങ്ങള്‍ക്കും കുടുംബത്തിനും പോഷകാഹാരങ്ങളെ പരിചയപ്പെടുത്തുന്ന നൂതന പരിപടിക്ക് ജില്ലയില്‍ തുടക്കമായി. ജില്ലാ ഐ.സി.ഡി.എസ് പ്രോഗ്രാം ഓഫീസിന്റെ നേതൃത്വത്തിലാണ് വിവിധ അങ്കണവാടികളില്‍ പരിപാടികള്‍ നടന്നുവരുന്നത്. ആദ്യ ദിവസമായ ഇന്നലെ (സെപ്റ്റംബര്‍ 12)  വയലറ്റ് നിറമാണ് നല്‍കിയത്. ജില്ലയിലെ മുഴുവന്‍ അങ്കണവാടികളിലും വയലറ്റ് നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും പരിചയപ്പെടുത്തി. വയലറ്റ് നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് കുഞ്ഞുങ്ങളും തിളങ്ങി.

 അടുത്ത ദിവസം ഇന്‍ഡിഗോ, പിന്നെ നീല, പച്ച, മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളും പിന്നീട് മറ്റ് നിറങ്ങളും പരിചയപ്പെടുത്തിയ ശേഷം മാസ അവസാനം മഴവില്‍ നിറത്തില്‍ പോഷക സമ്പുഷ്ടമായ ഭക്ഷണത്തെ പരിചയപ്പെടുത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.