മാഷ് പദ്ധതി; പതിരോധത്തിന് വേറിട്ട കാഴ്ചയൊരുക്കി കുറ്റിക്കോല്‍ പഞ്ചായത്ത്

post

കാസര്‍ഗോഡ്  : കോവിഡ് പ്രതിരോധത്തിന് വേറിട്ട കാഴ്ച സമ്മാനിക്കാനൊരുങ്ങി കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത്. റേഡിയോ സാധ്യതയെ മാഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പഞ്ചായത്തുകള്‍ രംഗത്തെത്തിയപ്പോള്‍ വേറിട്ട രീതിയില്‍ ദൃശ്യാവിഷ്‌ക്കാരത്തിലൂടെ കോവിഡ് ബോധവത്ക്കരണത്തിന് ഒരുങ്ങുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് ജാഗ്രതാ സമിതിയുടേയും മാഷ് പദ്ധതി പ്രവര്‍ത്തകരായ അധ്യാപകരുടേയും കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് പരിപാടി നടത്തുന്നത്.

നവ മാധ്യമത്തിന്റെ സാധ്യത ഉപയോഗപ്പെടുത്തി സര്‍ഗ്ഗാത്മകമായ കലാരൂപങ്ങളിലൂടെയും ബോധവത്ക്കരണ ക്ലാസുകളിലൂടെയും കോവിഡ് അവബോധം നല്‍കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കും. കാസര്‍കോട് ജില്ലയിലേയും ജില്ലയ്ക്ക് പുറത്തുള്ളതുമായ നിരവധി കലാകാരന്‍മാര്‍ പദ്ധതിയുടെ ഭാഗമാകും. വിക്ടേഴ്സ് ഫസ്റ്റ് ബെല്‍ പരിപാടിയില്‍ ക്ലാസെടുത്ത അധ്യാപകരും ചലചിത്ര മേഖലയിലെ പ്രമുഖരും മറ്റ് കലാകാരന്‍മാരും ഈ ദൗത്യത്തില്‍ ഒത്തുചേരും.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, മാനദണ്ഡങ്ങള്‍, ആരോഗ്യ വകുപ്പ് നിര്‍ദ്ദേശങ്ങള്‍ തുടങ്ങിയവയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് വിഷയമാവുക. ടി.വി ചാനലിന് സമാനമായി പ്രവര്‍ത്തിക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളും ഭാഗമാകും. പാണ്ടി സ്‌കള്‍ അധ്യാപകനായ വിജയന്‍ ശങ്കരമ്പാടിയാണ് പരിപാടികള്‍ക്കാവശ്യമായ സാങ്കേതിക സഹായം നല്‍കുന്നത്. മറ്റ് സാങ്കേതിക സഹായവും ഫണ്ടിങുമായി പഞ്ചായത്തും ഒപ്പം ചേരുന്നു. പത്തോളം വീഡിയോകള്‍ ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞുവെന്നും വരും ദിവസങ്ങളില്‍ പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ ഒതുങ്ങാതെ ജില്ലയ്ക്ക് പുറത്തേക്കും സന്ദേശങ്ങള്‍ എത്തിക്കുന്നതിനായി നവ മാധ്യമങ്ങളിലൂടെ പുറത്തിറക്കുമെന്നും മുഖ്യ സംഘാടകനായ വിജയന്‍ ശങ്കരമ്പാടി പറഞ്ഞു.  

കുറ്റിക്കോല്‍ പഞ്ചായത്ത് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പരിപാടിയുടെ ലോഗോ പ്രകാശനം കള്കടറേറ്റില്‍ നടന്നു. ജില്ലാകളക്ടര്‍ ഡോ.ഡി സജിത് ബാബു ലോഗോ പ്രകാശനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.ജെ.ലിസി, വൈസ് പ്രസിഡന്റ് പി. ഗോപിനാഥന്‍, പാണ്ടി സ്‌കൂള്‍ അധ്യാപകന്‍ വിജയന്‍ ശങ്കരമ്പാടി,  സീനിയര്‍ സൂപ്രണ്ട് കെ.ജി മോഹന്‍, വിദ്യ പി.സി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.