കോവിഡ് ബോധവത്കരണത്തിന് വേറിട്ട ശൈലിയുമായി ഐ ഇ സി

post

കാസര്‍കോട്: ആര്ന്നും സൂക്കേട് ബരും ജാഗ്രതാക്കണം, ടെസ്റ്റാക്കിയാ നേരെ വീട്ടു പോണം, ടെസ്റ്റ് പണ്‍ട്രത്ക്കപ്പറം സുട്രക്കൂടാത്, സീഘ്രം വീട്ട് പോയിട്...ടെസ്റ്റ് കഴിഞ്ഞ് ചുറ്റി നടന്നാല്‍ 10 ഇരട്ടി പിഴ... ഇങ്ങനെ ഇങ്ങനെ കാസ്രോഡന്‍ ഭാഷയിലും കന്നഡയിലും തമിഴിലുമെല്ലാം നല്ല കിടിലന്‍ ട്രോളുകളാണ് സാമൂഹ്യ മാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗം. ട്രോളുകള്‍ മാത്രമല്ല കേട്ടോ  കോവിഡ് ബോധവത്കരണ സന്ദേശങ്ങളും, പോസ്റ്ററുകളും നോട്ടീസും, ലഘുലേഖകളും വീഡിയോകളുമൊക്കെ തയ്യാറാക്കി പ്രചരിപ്പിക്കുന്നത് ജില്ലാ ഐ ഇ സി ( ഇന്‍ഫര്‍മേഷന്‍ എജ്യുക്കേഷന്‍ കമ്മ്യൂണിക്കേഷന്‍) വിഭാഗമാണ്. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബുവിന്റെ നേതൃത്വത്തില്‍ ജില്ലയിലെ പ്രധാന വകുപ്പുകളിലെ ഉദ്യോഗസ്ഥരെല്ലാം ഒറ്റക്കെട്ടായി പ്രവൃത്തിക്കുന്ന സംവിധാനമാണുള്ളത്. അതിന്റെ ഭാഗമായാണ് ഐ ഇ സി ജില്ലാതല കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം. കോവിഡിന്റെ ആദ്യ ഘട്ടങ്ങളില്‍ ലോക ശ്രദ്ധ നേടിയ കാസര്‍കോടന്‍ മാതൃകയ്ക്ക് പുതിയ അധ്യായം രചിക്കുക എന്ന ദൗത്യമാണ് ഐ ഇ സി കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടേത്. നമ്മുടെ ഓണത്തിന് നാട്ടിലെ പൂക്കള്‍ എന്ന സന്ദേശം ഓണാഘോഷത്തില്‍ ഫലം കണ്ടു.

കോവിഡിനും ഒരു മുഴം മുന്നേ

കോവിഡ് പശ്ചാത്തലത്തില്‍ പുതിയ ബോധവത്കരണ പദ്ധതികള്‍ ആസൂത്രണം ചെയ്യുക, ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുമ കൊണ്ടുവരുന്നതിന്റെ ഭാഗമായി ട്രോളുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, നാടന്‍ പാട്ടുകള്‍, ഡിജിറ്റല്‍ പോസ്റ്ററുകള്‍, ലഘുലേഖകള്‍ തുടങ്ങിയവ നിര്‍മ്മിച്ച് പ്രചരിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഐ ഇ സി കമ്മിറ്റി ചെയ്യുന്നത്. ജില്ലയിലെ വിവിധ വകുപ്പുകളുടെ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ സംയോജിപ്പിച്ച് കൂടുതല്‍ ആളുകളിലേക്കെത്തിക്കുന്ന തരത്തിലാണ് കമ്മിറ്റിയുടെ പ്രവര്‍ത്തനം. ജനശ്രദ്ധയാകര്‍ഷിക്കുന്ന അമ്പതിലേറെ ട്രോളുകള്‍, നാടന്‍ പാട്ടുകള്‍, ഷോര്‍ട്ട് ഫിലിമുകള്‍, ലഘുലേഖകള്‍, നോട്ടീസുകള്‍ എന്നിവ ഇതിനകം തന്നെ ഐ ഇ സി യിലൂടെ ജില്ലയില്‍ പ്രചരിക്കുന്നുണ്ട്. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസൂദനന്‍ ആണ് കമ്മിറ്റിയുടെ കണ്‍വീനര്‍. ജില്ലാ ഭരണ സംവിധാനം, ആരോഗ്യ വകുപ്പ് ജില്ലാ മാസ് മീഡിയാ വിഭാഗം, ഇന്‍ഫര്‍മേഷന്‍  പബ്ലിക് റിലേഷന്‍സ് വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, ശുചിത്വ മിഷന്‍, മാഷ് പദ്ധതി തുടങ്ങിയ വിഭാഗങ്ങളുടെ സംയോജിത ശൃംഖലയാണ് ഐ ഇ സി കോര്‍ഡിനേഷന്‍ കമ്മിറ്റി.

ഹിറ്റായി 'നമ്മുടെ ഓണത്തിന് നമ്മുടെ നട്ടിലെ പൂക്കളം'

ഓണക്കാലത്തിനും അതിനു ശേഷവും ഏറെ ശ്രദ്ധയാകര്‍ഷിച്ച ഐ ഇ സി കമ്മിറ്റിയുടെ ക്യാമ്പയിനായിരുന്നു 'നമ്മുടെ ഓണത്തിന് നമ്മുടെ നട്ടിലെ പൂക്കളം' ട്രോളുകളായും വീഡിയോകളായും പോസ്റ്ററുകളായും മത്സരങ്ങളായുമെല്ലാം വലിയ ക്യാമ്പയിനായിരുന്നു ഐ ഇ സി നടത്തിയത്. ഓണത്തിന് ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന പൂക്കള്‍ വാങ്ങുന്നത് കോവിഡ് പകരാന്‍ കാരണമാകുമെന്ന സന്ദേശം ജനങ്ങളിലെത്തിക്കാനായിരുന്നു ക്യാമ്പയിന്‍ നടന്നത്. 

വൈറലായി 'വീട്ടിലിരുന്നോണം'

65 നു മുകളിലും 10 ല്‍ താഴെയും പ്രായമുള്ളവരില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇവരോട് പൊതു ഇടങ്ങളില്‍ വരരുതെന്ന രീതിയില്‍ വ്യാപകമായി പ്രചരണം നടത്തുന്ന ക്യാമ്പയിനിനും ഐ ഇ സി യാണ് മുന്നിട്ടിറങ്ങിയത്.