കോവിഡ് 19 ഗൃഹചികിത്സയിലും നീലേശ്വരം മുന്നില്‍

post

കാസര്‍കോട്: കോവിഡ് 19 ചികിത്സ രംഗത്ത് ചരിത്രം സൃഷ്ടിച്ചുകൊണ്ട് കേരളത്തില്‍ ആദ്യമായി ജില്ലയില്‍ തുടങ്ങിയ ഗൃഹചികിത്സ പദ്ധതിയിലും നീലേശ്വരം നഗരസഭ മുന്നില്‍. ഓഗസ്റ്റ് 13നാണ് നീലേശ്വരത്ത് ഗൃഹചികിത്സ പദ്ധതി ആരംഭിച്ചത്. നീലേശ്വരം നഗരസഭയില്‍ ഇതിനകം 92 കോവിഡ് രോഗികളെയാണ് ഗൃഹചികിത്സ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചികില്‍സിച്ചത് . ജില്ലയിലെ തന്നെ ഉയര്‍ന്ന കണക്കാണിത്. 

കോവിഡ് രോഗികളില്‍ ഭൂരിഭാഗവും രോഗലക്ഷണങ്ങളും പ്രത്യേക പ്രശ്‌നങ്ങളും കാണിക്കാത്ത പരിതസ്ഥിതിയിലാണ് ജില്ലയില്‍ ഗൃഹചികിത്സാ പദ്ധതി തുടങ്ങാന്‍ കളക്ടറും ഡിഎംഒയും അടങ്ങുന്ന സമിതി തീരുമാനിച്ചത്. ഇക്കാര്യം നീലേശ്വരം നഗരസഭ പ്രദേശത്തും തുടങ്ങാന്‍ നീലേശ്വരം താലൂക്ക് ആശുപത്രി അധികൃതര്‍ നഗരസഭ ചെയര്‍മാന്‍ കെ പി ജയരാജനുമായി ആലോചിച്ച് തീരുമാനിക്കുകയായിരുന്നു. ഇതിന് വന്‍ സ്വീകാര്യതയാണ് രോഗികളില്‍ നിന്ന് ലഭിച്ചത്. ഭുരിപക്ഷം രോഗികളും വീട്ടില്‍ നിന്ന് കിടന്ന് ചികിത്സ തുടരാനാണ് ആഗ്രഹം പ്രകടിപ്പിച്ചത്. 

വീട്ടില്‍ കിടക്കുന്നവരെ നിരിക്ഷിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് താലൂക്ക് ആശുപത്രി അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ ദിവസേന രോഗികളുമായി ഫോണ്‍ വഴി ബന്ധപ്പെട്ട് രോഗ വിവരങ്ങള്‍ ശേഖരിച്ച് രേഖപ്പെടുത്തുന്നുണ്ട്. രോഗിയുടെ രക്തത്തിലെ ഓക്‌സിജന്‍ അളവ്, പള്‍സ് റേറ്റ് എന്നിവ അറിയാനുള പള്‍സ് ഓക്‌സി മീറ്ററും നല്‍കിയിട്ടുണ്ട്. ഇത് അളക്കുന്നതിന് ആവശ്യമായ പരിശീലനം രോഗികള്‍ക്കും കെയര്‍ ടേക്കര്‍ക്കും നല്‍കുന്നുണ്ട്. രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരെ അവശ്യം വരുകയാണെങ്കില്‍ ആശുപത്രിയിലേക്ക് മാറ്റുന്നതിന് ആംബുലന്‍സ് സൗകര്യവും ജില്ലതലത്തില്‍ തന്നെ എര്‍പ്പെട്ടുത്തിയിട്ടുണ്ട്. ഡോ. വി. സുരേശനാണ് നീലേശ്വരത്ത് ഗൃഹചികിത്സ പദ്ധതിക്ക് ചുക്കാന്‍ പിടിക്കുന്നത്. അവശ്യമായ സഹായ സഹകരണങ്ങള്‍ നീലേശ്വരം നഗരസഭയും നല്‍കുന്നു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ശശിധരന്‍ ഫീല്‍ഡില്‍ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നു. ഇത് കൂടാതെ നീലേശ്വരം നഗരസഭയുടെയും താലൂക്ക് ആശുപത്രിയുടെയും കീഴില്‍ സിഎഫ്എല്‍ടിസിയും പാലാത്തടത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ 288 രോഗികളാണ് ഇത് വരെ അഡ്മിറ്റ് ആയത്.ഇതില്‍ 255 പേരെയും അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. ഇവിടെ പ്രവേശിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ജില്ലയിലെ മറ്റ് പ്രദേശത്ത് നിന്ന് ഉള്ളവരാണ്.