ആരോഗ്യസംവിധാനങ്ങള്‍ ശാക്തീകരിച്ച് ജനപങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിന്‍ ഫലപ്രദമാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : ആരോഗ്യസംവിധാനങ്ങളുടെ ശാക്തീകരണവും ജനങ്ങളുടെ പങ്കാളിത്തത്തോടെ ബ്രേയ്ക്ക് ദ ചെയിന്‍ ക്യാമ്പയിന്‍ കൂടുതല്‍ ഫലപ്രദമാക്കലുമാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ പരിഗണിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

രോഗവ്യാപനത്തിന്റെ തോത് ഫലപ്രദമായി നിയന്ത്രിച്ചതിനാല്‍ കേരളത്തിനുണ്ടായ ഗുണങ്ങള്‍ അനവധിയാണ്. നമ്മുടെ ആരോഗ്യമേഖലയെ ശക്തിപ്പെടുത്താന്‍ നമുക്ക് അവസരം ലഭിച്ചു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍, ആവശ്യത്തിനു ലാബ് പരിശോധന സൗകര്യങ്ങള്‍, കോവിഡ് കെയര്‍ ആശുപത്രികള്‍, പരിശോധന സൗകര്യങ്ങള്‍, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് ബ്രിഗേഡ് തുടങ്ങി രോഗാവസ്ഥ അതിന്റെ പരമാവധിയിലെത്തുമ്പോള്‍ തടയാന്‍ ആവശ്യമായ സൗകര്യങ്ങള്‍ കൃത്യമായി സജ്ജമാക്കാന്‍ സാധിച്ചു. ഇപ്പോഴുള്ളതിലും എട്ടു മടങ്ങ് രോഗികള്‍ വര്‍ധിച്ചാല്‍ വരെ ചികിത്സ നല്‍കാനുതകുന്ന സൗകര്യങ്ങള്‍ നമ്മള്‍ സജ്ജമാക്കിയിട്ടുണ്ട്.

ഇന്ത്യ ഇപ്പോള്‍ ലോകത്തേറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രാജ്യമായി മാറിയിരിക്കുന്നു. 75995 കേസുകളാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 47,828 കേസുകളുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ബ്രസീലുമായി താരതമ്യം ചെയ്യുമ്പോളാണ് ഇന്ത്യയിലെ സ്ഥിതി എത്ര ഗുരുതരമാണെന്ന് മനസ്സിലാവുക. മരണങ്ങള്‍ ഒരു ദിവസം ആയിരത്തില്‍ കൂടുതല്‍ ഉണ്ടാകുന്ന സാഹചര്യമാണ് ഇന്ത്യയിലുള്ളത്. ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 1017 മരണങ്ങളാണ്.

ദക്ഷിണേന്ത്യയിലും രോഗവ്യാപനം കൂടുതല്‍ രൂക്ഷമാകുന്നു. കര്‍ണാടകയില്‍ കേസുകള്‍ മൂന്നു ലക്ഷം കവിഞ്ഞു. 5107 പേരാണ് അവിടെ മരണമടഞ്ഞത്. തമിഴ്‌നാടില്‍ കേസുകള്‍ ഏകദേശം 4 ലക്ഷമാവുകയും ഏതാണ്ട് 7000 പേര്‍ മരിക്കുകയും ചെയ്തു.

ഈ സംസ്ഥാനങ്ങള്‍ തൊട്ടടുത്തായിട്ടും, അവയേക്കാള്‍ വളരെ കൂടിയ തോതില്‍ ജനസാന്ദ്രതയും വയോജനങ്ങളുടെ ജനസംഖ്യാനുപാതവും പ്രമേഹം ഹൃദ്രോഗം പോലുള്ള രോഗാവസ്ഥകളും ഉണ്ടായിരുന്നിട്ടും രോഗവ്യാപനവും മരണനിരക്കും നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത് സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണ്.

അകലം പാലിക്കുന്നതിനും, കൈകള്‍ നിരന്തരം ശുചിയാക്കുന്നതിനും, മാസ്‌കുകള്‍ ധരിക്കുന്നതിനും വിട്ടുവീഴ്ച ഉണ്ടാകാതിക്കാന്‍ ശ്രദ്ധിക്കണം. ഓരോരുത്തരും അവനവനു ചുറ്റും സുരക്ഷാവലയം ഒരുക്കണം.

ലോകത്തുതന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുള്ള പ്രദേശമായി കേരളത്തെ നിലനിര്‍ത്തിയേ തീരൂവെന്ന് നമ്മളെല്ലാവരും ദൃഢനിശ്ചയം ചെയ്യണം. ഇതുവരെ കാണിച്ച ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകണം. കൈ കഴുകുമ്പോളും മാസ്‌ക് ധരിക്കുമ്പോളും ശാരീരിക അകലം പാലിക്കുമ്പോളും രക്ഷിക്കുന്നത് സ്വയം മാത്രമല്ല, ചുറ്റുമുള്ളവരുടെ ജീവനുകള്‍ കൂടിയാണ്. ആ പ്രതിബദ്ധത കൈ വെടിയരുത്.

അഭിമാനകരമായ സവിശേഷതകള്‍ നമ്മുടെ കോവിഡ് പ്രതിരോധത്തിനുണ്ട്. ഇവിടെ കോവിഡ് രോഗികള്‍ക്കുള്ള ചികിത്സ തികച്ചും സൗജന്യമാണ്. കോവിഡ് പരിശോധന, രോഗിയുടെ ഭക്ഷണം, മരുന്നുകള്‍, കിടക്കകള്‍, വെന്റിലേറ്റര്‍, പ്ലാസ്മ തെറാപ്പി തുടങ്ങിയവ എല്ലാം സൗജന്യമായി നല്‍കുന്നു. സര്‍ക്കാര്‍ അംഗീകൃത സ്വകാര്യ ലാബുകളില്‍ കോവിഡ് 19 പരിശോധനയ്ക്കായി സ്വമേധയാ വരുന്ന എല്ലാവര്‍ക്കും ടെസ്റ്റ് നടത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ലാബുകളിലും സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് മാത്രമേ ഈടാക്കാവൂ.

155 സിഎഫ്എല്‍ടിസികളാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. 21,700 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഇതില്‍തന്നെ പകുതിയോളം കിടക്കകള്‍ ഒഴിവാണ്. ഇതുകൂടാതെ ഒന്നാം ഘട്ടത്തില്‍ തന്നെ 148 സിഎഫ്എല്‍ടിസികളും 20,104 കിടക്കകളും തയ്യാറാണ്. ആകെ 1076 സിഎഫ്എല്‍ടിസികളിലായി 90,785 കിടക്കകളാണ് സജ്ജമാക്കിയത്. സിഎഫ്എല്‍ടിസികളിലേക്ക് മാത്രമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നിഷ്യന്‍മാര്‍, ഫാര്‍മസിസ്റ്റ് മുതലായ 1843 പേരെ നിയമിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലമായതിനാല്‍ ഓണാഘോഷത്തിന് മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള പൂക്കച്ചവടക്കാരെയും ഓണക്കാലത്ത് കര്‍ശന നിബന്ധനകള്‍ക്കു വിധേയമായി കച്ചവടത്തിന് അനുവദിക്കും.

പൂ കൊണ്ടുവരുന്നവരും കച്ചവടം ചെയ്യുന്നവരും മാസ്‌ക് ധരിക്കുന്നതും ഇടയ്ക്കിടെ കൈ കഴുകുന്നതും ഉള്‍പ്പെടെയുള്ള സുരക്ഷാ നിബന്ധനകളും പാലിക്കണം. പൂ കൊണ്ടുവരുന്ന കുട്ടകളും മറ്റും ഉപയോഗത്തിനുശേഷം നശിപ്പിക്കുകയും അത് കഴിഞ്ഞയുടനെ കൈകള്‍ വൃത്തിയാക്കുകയും വേണം. കച്ചവടക്കാര്‍ ഇടകലര്‍ന്നു നില്‍ക്കരുത്. ശാരീരിക അകലം നിര്‍ബന്ധമായും പാലിക്കണം. കാഷ്‌ലെസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണം. പൂക്കളുമായി വരുന്നവര്‍ ഇ-ജാഗ്രത രജിസ്‌ട്രേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. പൂക്കളം ഒരുക്കുന്നവര്‍ക്കും കൃത്യമായ കോവിഡ് നിയന്ത്രണങ്ങള്‍ ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.