കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം

post

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്ക് അനുയോജ്യമായി കണ്ടെത്തിയ കോമണ്‍ തസ്തികകള്‍ക്ക് നാല് ശതമാനം സംവരണം അനുവദിച്ച് സാമൂഹ്യനീതി വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ നിയമനങ്ങളില്‍ ഭിന്നശേഷി സംവരണം മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമായി ഉയര്‍ത്തി നേരത്തെ പൊതു ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായാണ് മുമ്പ് മൂന്ന് ശതമാനം സംവരണം അനുവദിച്ചിരുന്ന 49 കോമണ്‍ കാറ്റഗറി തസ്തികകള്‍ക്ക് നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ച് ഇപ്പോള്‍ ഉത്തരവ് പുറപ്പെടുവിച്ചത്. ഉദ്യോഗാര്‍ത്ഥികള്‍ സംവരണത്തിനായി ഉത്തരവിനോടനുബന്ധിച്ചിറക്കിയ നിശ്ചിത മാതൃകയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. 

ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ് ഈ ഭിന്നശേഷി സംവരണം. 2016ലെ ആര്‍.പി.ഡബ്ല്യു.ഡി. ആക്ടനുസരിച്ചാണ് നേരത്തെ മൂന്ന് ശതമാനത്തില്‍ നിന്നും നാല് ശതമാനമാക്കി സംവരണം വര്‍ധിപ്പിച്ചത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസില്‍ (കെ.എ.എസ്.) 2016ലെ അംഗപരിമിതാവകാശ നിയമപ്രകാരം നാല് ശതമാനം ഭിന്നശേഷി സംവരണം അനുവദിച്ചുകൊണ്ട് മുമ്പ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മുഖേന നിയമനത്തിനായി വിടാത്ത തസ്തികകളില്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന നടത്തപ്പെടുന്ന എല്ലാ നിയമനങ്ങളിലും ഭിന്നശേഷി വിഭാഗത്തിന് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തി അടുത്തിടെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

അതേസമയം സംസ്ഥാനത്തെ എയ്ഡഡ് സ്‌കൂള്‍, കോളജുകളിലെ തസ്തികകളില്‍ ഭിന്നശേഷിക്കാര്‍ക്ക് നാല് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചത് സന്തോഷമുള്ള കാര്യമാണെന്ന് മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന എല്ലാ സ്ഥാപനങ്ങളിലും ഭിന്നശേഷിക്കാര്‍ക്ക് തൊഴില്‍ സംവരണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നയം കോടതി ശരിവയ്ക്കുകയായിരുന്നു. ഭിന്നശേഷി മേഖലയിലുള്ള കൂടുതല്‍ പേര്‍ക്ക് ജോലി ലഭിക്കാന്‍ ഇത് സഹായിക്കുമെന്നും മന്ത്രി വ്യക്തമാക്കി.