ഓണസമൃദ്ധി വിപണികള്‍ക്ക് തുടക്കമായി

post

ഓണ്‍ലൈന്‍ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

ഓണ വിപണി ലക്ഷ്യമിട്ട്  കൃഷിവകുപ്പ് സംസ്ഥാനത്താകെ ആരംഭിക്കുന്ന 2,000 നാടന്‍ പഴംപച്ചക്കറി ഓണസമൃദ്ധി വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. കര്‍ഷകര്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് വിപണികളില്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാര്‍ഷികവൃത്തിയും ജൈവ ഉല്പന്നങ്ങളും പ്രോത്സാഹിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ വലിയ മുന്‍ഗണനയാണ് നല്‍കുന്നത്. ഇതിന്റെ ഫലമാണ് 46000 ഹെക്ടര്‍ കൃഷിഭൂമിയെന്നത് 96000 ഹെക്ടര്‍ ആയി വര്‍ധിപ്പിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ജില്ലയില്‍ ആരംഭിക്കുന്ന ഹോര്‍ട്ടികോര്‍പ്പിന്റെ അഞ്ച് ഔട്ട്‌ലെറ്റുകളുടെ ഉദ്ഘാടനവും ചടങ്ങില്‍ മുഖ്യമന്ത്രി നിര്‍വഹിച്ചു.

പാളയത്തെ ഹോര്‍ട്ടികോര്‍പ്പ് വിപണിയില്‍ നടന്ന ചടങ്ങില്‍ കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക ഉല്പാദനത്തോടൊപ്പം വിപണന ശൃംഖല ശക്തിപ്പെടുത്താനുമാണ് കൃഷി വകുപ്പ്് ലക്ഷ്യമിടുന്നതെന്ന് മന്ത്രി  പറഞ്ഞു. കൃഷി വകുപ്പ് ഡയറക്ടര്‍ ഡോ. കെ. വാസുകിക്ക് പച്ചക്കറി കിറ്റ് നല്‍കി  ആദ്യ വില്പന  മന്ത്രി നിര്‍വഹിച്ചു.

വിപണികള്‍ ഇന്നു (27.08.20) മുതല്‍ 30 വരെ പ്രവര്‍ത്തിക്കും. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ 1350, വി.എഫ്.പി.സി.കെയുടെ 150 ഹോര്‍ട്ടികോര്‍പ്പിന്റെ 500 വിപണികളാണ് സജ്ജമാക്കുന്നത്. പ്രാദേശിക കര്‍ഷകരില്‍ നിന്നും വിപണി വിലയേക്കാള്‍ 10 ശതമാനം അധികവില നല്‍കി സംഭരിക്കുന്ന  പഴംപച്ചക്കറികള്‍ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകും. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് മെച്ചപ്പെട്ട വിലയും ഉപഭോക്താക്കള്‍ക്ക് ന്യായവിലയ്ക്ക് ഉല്പന്നങ്ങളും ഉറപ്പാക്കുന്നു. 100 രൂപയുടെയും 150 രൂപയുടെയും കിറ്റുകളും വിപണിയില്‍ ലഭിക്കും.

ഇടുക്കി വട്ടവടകാന്തല്ലൂരില്‍ നിന്നുളള  പച്ചക്കറികള്‍, മറയൂര്‍ ശര്‍ക്കര, കാന്തല്ലൂര്‍,  വെളുത്തുളളി, കൃഷിവകുപ്പ് ഫാമിന്റെ ഉത്പന്നങ്ങള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ എന്നിവയും വില്പനയ്ക്കുണ്ട്. ഹോര്‍ട്ടികോര്‍പ്പ്, വി.എഫ്.പി.സി.കെ മുഖാന്തിരം ഓണ്‍ലൈനായും പച്ചക്കറി ഉപഭോക്താക്കള്‍ക്ക് എത്തിക്കുന്നതിന് സജ്ജീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ കേന്ദ്രീകരിച്ച് ഓണ്‍ലൈന്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് റസിഡന്‍സ് അസോസിയേഷനുകള്‍ മുഖേന വിപണനം ചെയ്യുന്ന സംവിധാനവും ഓണച്ചന്തകളുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

പ്രാദേശിക പച്ചക്കറികള്‍, ഇതര സംസ്ഥാനങ്ങളിലെ പച്ചക്കറികള്‍ എന്നിവയ്ക്ക് പ്രത്യേകം ബോര്‍ഡുകള്‍ വിപണികളില്‍ സ്ഥാപിച്ചിട്ടുണ്ട് പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോളും ഗ്രീന്‍ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടായിരിക്കും വിപണികള്‍ പ്രവര്‍ത്തിക്കുക. ആഴ്ചചന്തകളും, ഗ്രാമചന്തകളും, വഴിയോരകര്‍ഷക ചന്തകളും വ്യാപകമാക്കാനും തീരുമാനമായിട്ടുണ്ട്. ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ.സജീവ്, കൃഷി അഡീഷണല്‍ ഡയറക്ടര്‍ മധു ജോര്‍ജ്ജ് മത്തായി. അഡീഷണല്‍ ഡയറക്ടര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സംബന്ധിച്ചു.