ലോക കേരള സഭ : ആറു പ്രമേയങ്ങള്‍ക്ക് അംഗീകാരം

post

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭ ആറു പ്രമേയങ്ങള്‍ക്ക് അംഗീകാരം നല്‍കി. പി.എം. ജാബിര്‍ അവതരിപ്പിച്ച 'സുസ്ഥിര വികസനത്തിന് അന്താരാഷ്ട്ര കുടിയേറ്റ' നയരേഖയില്‍ പ്രവാസികളും പ്രവാസവും ആതിഥേയ രാജ്യത്തിന്റെയും മാതൃരാജ്യത്തിന്റെയും  വികസനത്തില്‍ നിര്‍ണായക ചാലക ശക്തിയാണെന്ന വസ്തുത വിശദമാക്കുന്നു.

പി. എന്‍. ബാബുരാജ് അവതരിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇമിഗ്രേഷന്‍ ബില്‍ 2019 (കരട്) കൂടുതല്‍ ജനകീയ ചര്‍ച്ചയ്ക്ക് വിധേയമാക്കണമെന്ന് ആവശ്യപ്പെടുന്നു. ഒ.വി മുസ്തഫ അവതരിപ്പിച്ച കേരള പുനര്‍നിര്‍മ്മാണത്തില്‍ പങ്കാളികളാകുക എന്ന പ്രമേയത്തില്‍ നാടിന്റെ സുസ്ഥിര അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പാക്കുന്ന റീ ബില്‍ഡ്‌കേരളയില്‍ പ്രവാസികള്‍ക്ക് വഹിക്കാവുന്ന പങ്കിനെക്കുറിച്ച് വിശദീകരിക്കുന്നു.

വെങ്കിടേഷ് രാമകൃഷ്ണന്‍ അവതരിപ്പിച്ച സാംസ്‌കാരിക അടിത്തറ വിപുലപ്പെടുത്തി പ്രവാസി ലോകത്തെ കേരളസമൂഹത്തില്‍ ആഴത്തിലുള്ള ഉള്‍ചേര്‍ക്കുക എന്ന  പ്രമേയത്തില്‍  സ്‌നേഹ സഹോദര്യങ്ങളില്‍ അധിഷ്ഠിതമായതും വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതുമായ നമ്മുടെ സംസ്‌കാരം വരും തലമുറയിലടക്കം ഊട്ടിയുറപ്പിക്കാന്‍ ഉതകുന്ന ഫലപ്രദമായ പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നു.

എന്‍.അജിത്കുമാര്‍ അവതരിപ്പിച്ച പ്രമേയം സമഗ്ര പുനരധിവാസ  പുനസംയോജന നയം നടപ്പില്‍ വരുത്തണമെന്ന് നിര്‍ദ്ദേശിക്കുന്നു. പ്രവാസി പുനരധിവാസത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സജീവമായി ഇടപെടലുകള്‍ നടത്തണമെന്നും ഇതിനായി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സാമ്പത്തിക സഹായം ഉറപ്പാക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്. ആഭ്യന്തര പ്രവാസികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെടുന്നതാണ് കുമ്പളങ്ങാട് ഉണ്ണിക്കൃഷ്ണന്‍ അവതരിപ്പിച്ച പ്രമേയം.