ഗണേശ വിഗ്രഹ നിമഞ്ജനം; മാനദണ്ഡങ്ങള്‍ പാലിക്കണം

post

തിരുവനന്തപുരം: വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് വിപുലമായ ഘോഷയാത്ര, വാദ്യഘോഷങ്ങള്‍, ഉച്ചഭാഷിണി തുടങ്ങിയവയുടെ ഉപയോഗം കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ അറിയിച്ചു. ഓഗസ്റ്റ് 25ന് വൈകിട്ട് മൂന്നിന് പഴവങ്ങാടിയില്‍ നിന്നും രണ്ടു വാഹനങ്ങളിലായി പരമാവധി ആറുപേര്‍ക്ക് (ഡ്രൈവര്‍ ഒഴികെ) വിഗ്രഹ നിമഞ്ജനത്തിനായി ശംഖുമുഖത്ത് പോകാം. ഇവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കണം. വിഗ്രഹ നിമഞ്ജനത്തിനായി ശംഖുമുഖത്ത് പ്രത്യേക സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. കടലാക്രമണം രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം. പൊതു നിരത്തിലോ പൊതുയിടങ്ങളിലോ പൂജയോ പ്രാര്‍ത്ഥനയോ പാടില്ല. വിഗ്രഹ നിമഞ്ജനവുമായി ബന്ധപ്പെട്ട വാഹനങ്ങള്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ പ്രവേശിക്കരുത്. പൊതുജനങ്ങളില്‍ നിന്നും ദക്ഷിണ സ്വീകരിക്കാനോ പൂജാ ദ്രവ്യങ്ങള്‍ നല്‍കുവാനോ പാടില്ല. വാഹനത്തിന്റെ സഞ്ചാരപഥം ഒരുദിവസം മുന്‍പ് സംഘാടകര്‍ പോലീസിന് നല്‍കണം. നിബന്ധനകള്‍ പാലിക്കാത്തപക്ഷം കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.