പെട്ടിമുടിയിൽ തിരച്ചിൽ തുടരും

post

ഇടുക്കി: പെട്ടിമുടി ദുരന്തത്തിൽ ഇതുവരെയുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ പ്രത്യേക യോഗം ചേർന്നു. മൂന്നാർ പഞ്ചായത്ത് ഹാളിൽ ദേവികുളം എം എൽ എ എസ് രാജേന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തിരച്ചിൽ തുടരാൻ തീരുമാനിച്ചു. ഗ്രാവൽ ബാങ്ക്, ഭൂതക്കുഴി മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ തുടരും. ശേഷിക്കുന്ന 5 പേർക്കുള്ള തിരച്ചിലാണ് നിലവിൽ നടക്കുന്നത്.

വനമേഖലകളും പുഴയും കേന്ദ്രീകരിച്ചു തന്നെയാണ് മുന്നോട്ടുള്ള തിരച്ചിൽ. എൻ.ഡി.ആർ.എഫി.ന്റെയും ഫയർഫോഴ്സിന്റെയും മൂന്നാറിലെ അഡ്വഞ്ചർ ടീമിന്റെയും നേതൃത്വത്തിൽ പോലീസിന്റെയും വനംവകുപ്പ് ജീവനക്കാരുടെയും സാഹായവും ഉൾപ്പെടുത്തി തിരച്ചിൽ നടത്തും. ഇനിയുള്ള തിരച്ചിലിന് പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തി പ്രത്യേക ടീം രൂപികരിക്കും.

ഏറെ ദുഷ്‌കരമായ വന പ്രദേശത്തെക്കുറിച്ച് കൃത്യമായി പഠിച്ചശേഷം ഭൂതക്കുഴി മേഖലയിൽ ചൊവാഴ്ച്ച വീണ്ടും തിരച്ചിൽ നടത്താനാണ് തീരുമാനം. മഴയും മഞ്ഞും മൂലം കാലാവസ്ഥ പ്രതികൂലമായത് കഴിഞ്ഞ ദിവസങ്ങളിലെ തിരച്ചിലിനെ സാരമായി ബാധിച്ചിരുന്നു. ദുരന്തം നടന്ന പെട്ടിമുടിയിൽ നിന്ന് പത്ത് കിലോമീറ്ററിലധികം ദൂരെയാണ് ഭൂതക്കുഴി സ്ഥിതി ചെയ്യുന്നത്. വഴുക്കലുള്ള വലിയപ്പാറകൾ ഉള്ള പ്രദേശമായതിനാൽ റോപ്പ്, മറ്റ് സുരക്ഷാ സംവിധാനങ്ങളും സാങ്കേതിക സംവിധാനങ്ങളും തിരച്ചിലിന് ഉപയോഗിക്കും. ഡ്രോൺ ഉപയോഗിച്ചും പ്രദേശത്ത് തിരച്ചിൽ നടത്തും.

ആവശ്യമായ സാഹചര്യത്തിൽ ഓക്‌സിജൻ സിലണ്ടർ ഉപയോഗപ്പെടുത്താനും യോഗം തീരുമാനിച്ചു. തിരച്ചിൽ നടക്കുന്ന വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കടുവയുടെയും വന്യമൃഗങ്ങളുടെയും സാന്നിദ്ധ്യം അനുഭവപ്പെട്ടിരുന്നു. ഇത്തരം സാഹചര്യത്തിൽ തുടർന്നുള്ള തിരച്ചിലിന് പ്രദേശവാസികളുടെകൂടി സഹായത്തോടെ പ്രത്യേക പ്ലാൻ തയ്യാറാക്കും. ദുരന്തമുണ്ടായ പെട്ടിമുടിയിൽ മണ്ണ് അടിഞ്ഞുകൂടിയത് നീക്കം ചെയ്തുള്ള പരിശോധന ആവശ്യമെങ്കിൽ വീണ്ടും നടത്താനും യോഗത്തിൽ തീരുമാനിച്ചു. ഇടുക്കി എം. പി. ഡീൻ കുര്യാക്കോസ്, ജില്ലാ കളക്ടർ എച്ച് ദിനേശൻ, സബ് കളക്ടർ പ്രേം കൃഷ്ണൻ, അസി. കളക്ടർ സൂരജ് ഷാജി, ഡി.എഫ്.ഒ. കണ്ണൻ, മൂന്നാർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കറുപ്പസ്വാമി, ജനപ്രതിനിധികൾ, വകുപ്പ്തല ഉദ്യോഗസ്ഥർ തുടങ്ങിയവരും പെട്ടിമുടി ദുരന്തത്തിൽ അകപ്പെട്ടവരുടെ ബന്ധുക്കളും യോഗത്തിൽ പങ്കെടുത്തു. ഇന്ന്‌ നടത്തിയ തിരച്ചിലിൽ ആരെയും കണ്ടെത്താനായില്ല.