പിലിക്കോട് ഇനി തരിശ്രഹിത പഞ്ചായത്ത്

post

കാസര്‍കോട് : പരിസ്ഥി സംരക്ഷണത്തിലും ജലസംരക്ഷണത്തിനും കാര്‍ഷിക മേഖലയിലും വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ കൊണ്ട് ശ്രദ്ധേയമായ പിലിക്കോട് പഞ്ചായത്ത് ഇനി തരിശ് രഹിത പഞ്ചായത്ത്. തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യം കൈവരിച്ചത് ഔപചാരിക പ്രഖ്യാപനം റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു.

ഹരിത കേരളം മിഷനുമായി ചേര്‍ന്ന് വെവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിച്ചു ജനപങ്കാളിത്തത്തോടെ വിജയിപ്പിക്കാന്‍ പിലിക്കോടിന് സാധിച്ചിട്ടുണ്ട്.പുഞ്ചപ്പാടം,പൈതൃകം നാട്ടുമാവ്, നാട്ടുവാഴ, ഹരിത മുറ്റം, ഹരിത പുരയിടം  തുടങ്ങിയ പദ്ധതികള്‍ കഴിഞ്ഞ വര്‍ഷങ്ങളിലായി പഞ്ചായത്ത് നടപ്പാക്കി. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏക്കറുകണക്കിന് വൈവിധ്യമാര്‍ന്ന വിളകളും  കൃഷി ചെയ്യുന്നു.പിലിക്കോടിനെ സംബന്ധിച്ചിടത്തോളം പ്രാദേശിക വികസന പ്രവര്‍ത്തനത്തില്‍ നിരവധി മാതൃകകളാണ് സൃഷ്ടിച്ചിരിക്കുന്നത്.2200 കുടുംബങ്ങള്‍ക്ക് കക്കൂസ് നല്‍കിക്കൊണ്ട് രാജ്യത്തെ ആദ്യ നിര്‍മ്മല്‍ പുരസ്‌കാരം നേടിയ പഞ്ചായത്ത് ന്ന  ഖ്യാതി പിലിക്കോടിന് സ്വന്തമാണ്. ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഊര്‍ജ്ജയാനം പദ്ധതിയിലൂടെ ഇന്ത്യയിലെ ആദ്യ ഫിലമെന്റ് രഹിത പഞ്ചായത്ത് കൂടിയാണ് പിലിക്കോട തന്നെ.

ചടങ്ങില്‍ പിലിക്കോട് പഞ്ചായത്ത് പ്രസിഡണ്ട് ടി വി ശ്രീധരന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോക്ടര്‍ ടി എന്‍ സീമ വിശിഷ്ടാതിഥിയായി.പിലിക്കോട് കൃഷി ഓഫീസര്‍ ടി വി ജലേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍ മീണാറാണി, ഹരിതകേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സുബ്രഹ്മണ്യന്‍ , പിലിക്കോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ഷൈലജ, പിലിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ രമേശന്‍ അവര്‍ സംസാരിച്ചു

സുഭിക്ഷ കേരളം പദ്ധതി ജനകീയമായി ഏറ്റെടുത്ത പഞ്ചായത്തായി പിലിക്കോട് - റവന്യു മന്ത്രി

ഹരിത കേരള മിഷനും സുഭിക്ഷ കേരളം പദ്ധതിയും മുന്നോട്ടുവെച്ച പുനരുജ്ജീവന സാധ്യതകളെ ജനകീയമായ ഏറ്റെടുത്ത പിലിക്കോട് ജനതയും പഞ്ചായത്തിന്റെ ഭരണസമിതിയും ലോകത്തിനു മുന്നില്‍ സുസ്ഥിര വികസന മാതൃക നല്കുന്നുവെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പിലിക്കോട് പഞ്ചായത്തിനെ തരിശുരഹിത പഞ്ചായത്തായി പ്രഖ്യാപിക്കുകയാിരുന്നു മന്ത്രി. നമ്മുടെ സംസ്ഥാനത്താകെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി  കര്‍ഷകരുടെയും യുവാക്കളുയെയും കൂട്ടായ്മയില്‍  തരിശ് ഭൂമികള്‍ വിള ഭൂമികളായി മാറുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഈ കോവിഡ് കാലഘട്ടത്തില്‍ നമ്മുടെ  കാര്‍ഷികമേഖലയ്ക്ക് പുത്തനുണര്‍വാണ് ഉണ്ടായിരിക്കുന്നത്.ഉപഭോഗസംസ്‌കാരം സൃഷ്ടിച്ച വികലമായ വികസന സങ്കല്‍പങ്ങള്‍ക്ക് പിന്നാലെ പാഞ്ഞ്   മുറിവേറ്റ ഒരു നാടും പ്രകൃതിയും ആണ് നമ്മുടേത്. നമ്മുടെ  കൃഷിയിടങ്ങളും പുരയിടങ്ങളും നഷ്ടപ്പെട്ടപ്പോള്‍ ഒരു സംസ്‌കാരം കൂടിയാണ് നഷ്ടമായത്. കാര്‍ഷിക നന്മകള്‍ കളമൊഴിഞ്ഞിടത്താണ് അക്രമവും അഴിമതിയും വളരുന്ന സാഹചര്യം ഉണ്ടായത.് പ്രതിസന്ധികള്‍ക്കിടയിലും പ്രതീക്ഷയുടെ സൂര്യനുദിക്കുന്ന ഈ ചിങ്ങമാസത്തില്‍ കരുതലിന്റെ കതിരുകള്‍ വിരിയുന്ന ഈ പാടങ്ങളിലൂടെ പിലിക്കോട് ഗ്രാമം ഒരു പുതിയ യുഗത്തിലേക്ക് കടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

പിലിക്കോടിന്റെ പ്രവര്‍ത്തനങ്ങള്‍ നല്‍കുന്നത് ഭാവിയിലേക്കുള്ള വലിയ പ്രതീക്ഷ

സുരക്ഷിതമായ ഭക്ഷണമെന്ന് ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെച്ച സുഭിക്ഷ കേരളം പദ്ധതിയില്‍ പിലിക്കോട് പഞ്ചായത്ത് വ്യത്യസ്ത മാതൃകകളാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഹരിത കേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടി എന്‍ സീമ. എങ്ങനെയാണ് സുരക്ഷിത ഭക്ഷണം സംഭാവന ചെയ്യാന്‍ പറ്റിയ ഒരു പ്രദേശമായി ഒരു പഞ്ചായത്തിലെ മാറ്റാന്‍ കഴിയുക എന്നത് പിലിക്കോട്  കാണിച്ചുതരുന്നു. കോവിഡാനന്തര കാലത്ത് എങ്ങനെ ജീവിക്കണം എന്നുള്ള ആശങ്കയും വേവലാതിയുമാണ് നമുക്ക്. എന്നാല്‍ പിലിക്കോട് ഗ്രാമപഞ്ചായത്തിന്റെ പ്രവര്‍ത്തനങ്ങള്‍ തീര്‍ച്ചയായും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ്. ജനങ്ങള്‍ക്കും സമൂഹത്തിനും ആരോഗ്യം ഉണ്ടാകണമെങ്കില്‍ ആരോഗ്യകരമായ ഭക്ഷണം കഴിക്കാന്‍ കഴിയുന്ന ഒരു സാഹചര്യം ഉണ്ടാകണം. ഈ നിലയില്‍ ഒരു പ്രദേശത്തെ പരമ്പരാഗതമായ പ്രകൃതിവിഭവങ്ങളെ സംരക്ഷിച്ചുകൊണ്ട് പരിസ്ഥിതി സംരക്ഷണത്തിന് ശുചിത്വത്തിന്റെയും വികസനത്തിന്റെയും മാതൃകയാണ് പിലിക്കോട് നമുക്ക് നല്‍കുന്നത്.