കേരള ലളിതകലാ അക്കാദമിയുടെ 'പുനർജ്ജനി' ചിത്രപ്രദർശനം 13 ന് ആരംഭിക്കും
കേരള ലളിതകലാ അക്കാദമി ശേഖരത്തിലെ തിരഞ്ഞെടുത്ത ചിത്രങ്ങളുടെ പ്രദർശനം 'പുനർജ്ജനി' ഒക്ടോബർ 13 മുതൽ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമി ആർട്ട് ഗ്യാലറിയിൽ ആരംഭിക്കും. രാവിലെ 11ന് അക്കാദമി ചെയർപേഴ്‌സൺ പ്രൊഫ. പ്രകാശ് മൂർത്തി പ്രദർശനം ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു സന്നിഹിതനായിരിക്കും. അക്കാദമി മുൻകാലങ്ങളിൽ സംഘടിപ്പിച്ച വിവിധ ചിത്രകലാ ക്യാമ്പുകളിൽ നിന്ന് തിരഞ്ഞെടുത്ത മുപ്പത് ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
അക്കാദമി ശേഖരത്തിലെ ചിത്രങ്ങളെയും ഗ്യാലറികളെയും പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ ഭരണസമിതി വിഭാവനം ചെയ്ത പദ്ധതിയുടെ തുടക്കമാണ് 'പുനർജ്ജനി'. സൃഷ്ടികളുടെ കലാപരമായ മൂല്യവും അർഥവും സമൂഹത്തിലെത്തിക്കുന്നതിനായി ക്യൂറേറ്റർമാരെ കൂടി ഉൾപ്പെടുത്തി അക്കാദമിയുടെ വിവിധ ഗ്യാലറികളിൽ പ്രദർശനങ്ങൾ തുടരും. കലാകാരുടെ ഒത്തുചേരലിനും ആശയവിനിമയത്തിനും ഈ പ്രദർശനങ്ങൾ വേദിയാകുമെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്.
ജോബി രവീന്ദ്രൻ, സരുൺ ദാസ് ചെറുകാട്ടിൽ, രതീഷ് കക്കാട്ട്, താജ് ബക്കർ, വാണി എൻ.എം, എം.എ വേണു, ബിജി മോൾ കെ.സി, പ്രവീഷ് ചന്ദ്ര, ഒ.ജെ. ദിലീപ്, ജെസ്ഫർ പി, ഹരിത വി.വി, അഖിൽ ജോർജ്, രാജി കൃഷ്ണൻ, ഗോപു പട്ടിത്തറ, ഗിരീശൻ, രജീഷ് കെ, മിഥുൻ മോഹൻ, സുമേഷ് കെ. എസ്, ബബിത കടന്നപ്പള്ളി, ദീപ കെ.കെ, അഞ്ജു പിള്ള, ഡോഡ്സി ആന്റണി, ഷബീബ മലപ്പുറം, സുചിത്ര മധു, ഷംസി ജാസ്മിൻ എം, സ്മിത എം. ബാബു, കുസുമ എസ്, സുരേഖ, ജോളി എം. സുധൻ, സെലസ് കെ. ബാബു എന്നിവരുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.






