ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ ടാസ്‌ക് ഫോഴ്‌സ്; വിദഗ്ധരെ ഉൾപ്പെടുത്തി പ്രത്യേക സമിതി
ആരോഗ്യവും ദീർഘായുസ്സും ഒന്നിച്ച് ഉറപ്പാക്കുന്ന സമഗ്ര ആരോഗ്യമാതൃക വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ ഉന്നതതല ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു. മുഖ്യമന്ത്രി ചെയർപേഴ്സണും ആരോഗ്യമന്ത്രി വൈസ് ചെയർപേഴ്സണും ആരോഗ്യരംഗത്തെ വിദഗ്ധർ അംഗങ്ങളുമായി ‘കേരള ഹോളിസ്റ്റിക് മോഡൽ ഫോർ ഹെൽത്ത്, വെൽനെസ് ആൻഡ് ലോങ്ജിവിറ്റി ടാസ്‌ക് ഫോഴ്‌സ്’ നാണ് രൂപം നൽകിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങൾ തടയുന്നതിനും തുടക്കത്തിൽ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാർധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങൾ, വർധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങൾ എന്നിവയെല്ലാം സമിതി പരിശോധിക്കും. രോഗങ്ങൾ തടയാനും കൃത്യസമയത്ത് പരിശോധനകൾ നടത്താനുമുള്ള സംവിധാനങ്ങൾ സമിതി തയാറാക്കും. ആധുനിക വൈദ്യശാസ്ത്രവും ആയുർവേദം ഉൾപ്പെടെ പരമ്പരാഗത ചികിത്സാ രീതികളും ഉപയോഗപ്പെടുത്താനുള്ള സാധ്യതകളും പരിശോധിക്കും. ആരോഗ്യവിവരങ്ങൾ സുരക്ഷിതമായി ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ഡിജിറ്റൽ സംവിധാനവും ഇതിന്റെ ഭാഗമായി വരും.
ടാസ്‌ക് ഫോഴ്‌സ് ആദ്യയോഗം ചേർന്ന് രണ്ട് മാസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. നടപ്പാക്കാൻ കഴിയുന്ന രണ്ടോ മൂന്നോ പൈലറ്റ് പദ്ധതികൾ, മൂന്ന് വർഷത്തേക്കുള്ള ഘട്ടംഘട്ടമായ കർമപദ്ധതി, ചെലവ്, ധനസമാഹരണ സാധ്യതകൾ തുടങ്ങിയവ റിപ്പോർട്ടിൽ ഉൾപ്പെടുത്തും. പദ്ധതി പുരോഗതി കൃത്യമായി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഓരോ വകുപ്പിനുമുള്ള ഉത്തരവാദിത്തങ്ങളും ഇതിൽ വ്യക്തമാക്കും.
സംസ്ഥാനത്ത് പ്രായമായവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യം മുൻനിർത്തി മുതിർന്ന പൗരന്മാർക്ക് പ്രത്യേക വകുപ്പ് രൂപീകരിച്ചതിന്റെ തുടർച്ചയായാണ് ആരോഗ്യ ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. രോഗം വന്നതിനു ശേഷം ചികിത്സ തേടുന്ന പതിവ് രീതിക്ക് പകരമായി രോഗം വരാതിരിക്കാനുള്ള സംവിധാനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ലോകത്തിന് മാതൃകയാകുന്ന ആരോഗ്യ സംരക്ഷണ ശൈലി യാഥാർഥ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






