സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്റെ സര്‍ക്കാര്‍ ഗ്യാരണ്ടി 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു

post

തിരുവനന്തപുരം : സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് ദേശീയ പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്നും വായ്പ എടുക്കുന്നതിനുള്ള സര്‍ക്കാര്‍ ഗ്യാരണ്ടി 30 കോടി രൂപയില്‍ നിന്ന് 100 കോടി രൂപയായി വര്‍ദ്ധിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ഗ്യാരണ്ടി തുക വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം വായ്പക്കായി കോര്‍പ്പറേഷനെ സമീപിക്കുന്നവര്‍ക്ക് ആശ്വാസമാണ്. 1972 ല്‍ ആരംഭിച്ചതുമുതല്‍ കോര്‍പ്പറേഷന് ലഭിച്ചിട്ടുള്ള 30 കോടി ഗ്യാരണ്ടിയില്‍ നിന്ന് ഒറ്റയടിക്കാണ് 100 കോടിയായി വര്‍ദ്ധിപ്പിച്ചത്.

ഗ്യാരണ്ടി തുക വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനം സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പോലെയുള്ള പദ്ധതികളില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ ജനസമൂഹത്തിന്റെ കൂടി പങ്കാളിത്തം ഉറപ്പുവരുത്താനും ഈ മേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരാനും സഹായിക്കുമെന്ന് ചെയര്‍മാന്‍ ബി.രാഘവനും, മാനേജിംഗ് ഡയറക്ടര്‍ ഡോ.എം.എ.നാസറും അറിയിച്ചു.

വനിതാ ശാക്തീകരണ പദ്ധതി, സ്റ്റാര്‍ട്ട് അപ്പ് വായ്പാ പദ്ധതി 50 ലക്ഷം രൂപ വരെ, പ്രവാസി പുന:രധിവാസ വായ്പാ പദ്ധതി 20 ലക്ഷം രൂപ വരെ, ഭവന വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പ, കൃഷിഭൂമി വായ്പാ പദ്ധതി, സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള കാര്‍ ലോണ്‍ എന്നിവയാണ് കോര്‍പ്പറേഷന്‍ പുതുതായി നടപ്പിലാക്കിയ പദ്ധതികള്‍.