ഏറ്റവുമധികം സാംസ്‌കാരിക സ്മാരകങ്ങൾ നിർമിച്ചത് നാലു വർഷത്തിനിടെ: മന്ത്രി എ കെ ബാലന്‍

post

തിരുവനന്തപുരം: കഴിഞ്ഞ നാലു വർഷത്തിനിടെയാണ് ചരിത്രത്തിൽ ആദ്യമായി സാംസ്‌കാരിക വകുപ്പ് ഏറ്റവും അധികം സ്മാരകങ്ങൾ നിർമിച്ചതെന്ന് സാംസ്‌കാരിക മന്ത്രി എ. കെ. ബാലൻ പറഞ്ഞു. പാലക്കാട്, കാസർകോട്, കൊല്ലം എന്നിവിടങ്ങളിൽ നിർമിക്കുന്ന നവോത്ഥാന നായകരുടെ സ്മാരകങ്ങളുടെ ആദ്യ ഘട്ടം അടുത്ത ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം കനകക്കുന്നിലെ ശ്രീനാരായണ ഗുരുവിന്റെ പ്രതിമ, വടക്കഞ്ചേരിയിലെ നാട്ടരങ്ങ്, തിരുവനന്തപുരം സാംസ്‌കാരിക ഡയറക്‌ട്രേറ്റ് കെട്ടിടത്തിലെ പൈതൃക ഫോട്ടോ ഗാലറി, ലളിതകലാ അക്കാഡമിയുടെ ആർട്ട് ഗാലറി, വാസ്തുവിദ്യാ ഗുരുകുലത്തിലെ ആർട്ട് ഗാലറി, കോഴിക്കോട്ടെ വെള്ളൂർ പി. രാഘവൻ സ്മാരകം, മാപ്പിളകലാ അക്കാഡമിയുടെ നാദാപുരം സബ് സെന്റർ എന്നിവ സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യും. റൂറൽ ആർട്ട് ഹബ്, കോഴിക്കോട് എസ്. കെ. പൊറ്റെക്കാട്ട് സ്മാരക മിനി തിയേറ്റർ എന്നിവയുടെ ഉദ്ഘാടനം നവംബറിൽ നടക്കും. പാലക്കാട് ശബരി ആശ്രമത്തിലെ നവീകരിച്ച മഹാത്മഗാന്ധി സ്മൃതി മന്ദിരം, ചവറ തെക്കുംഭാഗത്തെ വി. സാംബശിവൻ സ്മാരകം, കൊല്ലത്തെ ബസവേശ്വര സ്മാരകം എന്നിവ അടുത്ത ജനുവരിയിൽ ഉദ്ഘാടനം ചെയ്യും. ആലത്തൂർ ബ്രഹ്‌മാനന്ദ ശിവയോഗി സ്മാരകം, കാസർകോട് ഗോവിന്ദ പൈ സ്മാരകം, പെരിങ്ങോട്ടുകുറിശിയിലെ മഹാകവി ഒളപ്പമണ്ണ സ്മാരകം, കാവശേരിയിലെ ഇന്ദുചൂഡൻ സ്മാരകം, കൊല്ലങ്കോട്ടെ മഹാകവി പി. സ്മാരകം, തിരുവനന്തപുരത്തെ പി. ജി. സ്മാരകം എന്നിവ ഫെബ്രുവരിയിൽ പൂർത്തിയാകും.

വിഖ്യാത സംഗീതജ്ഞൻ എം. ഡി. രാമനാഥന്റെ സ്മാരകം ഒരു കോടി ചെലവിൽ കണ്ണമ്പ്രയിൽ നിർമിച്ചു. നടൻ സത്യന്റെ സ്മാരകമായി കഴക്കൂട്ടം കിൻഫ്ര പാർക്കിൽ അന്താരാഷ്ട്ര ചലച്ചിത്ര ആർക്കൈവ്‌സും ഗവേഷണ കേന്ദ്രവും ആരംഭിച്ചു. കവി എൻ. എൻ. കക്കാട്, ഒടുവിൽ ഉണ്ണികൃഷ്ണൻ എന്നിവരുടെ സ്മാരകങ്ങൾ ഉദ്ഘാടനം ചെയ്തു. ലക്കിടിയിലെ കുഞ്ചൻ നമ്പ്യാർ സ്മാരകം, വലപ്പാട് കുഞ്ഞുണ്ണി മാസ്റ്റർ സ്മാരകം എന്നിവയുടെ നിർമാണം പൂർത്തിയായതായി മന്ത്രി പറഞ്ഞു.ചലച്ചിത്ര അക്കാഡമിക്ക് സ്വന്തം ആസ്ഥാന മന്ദിരം പൂർത്തിയായി. 100 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് സ്ഥിരം വേദിയും 150 കോടി രൂപ ചെലവഴിച്ച് ചിത്രാഞ്ജലിയിൽ ഫിലിം സിറ്റിയും നിർമിക്കാൻ നടപടി തുടങ്ങി. പത്തു കേന്ദ്രങ്ങളിൽ കെ. എസ്. എഫ്. ഡി. സി. യുടെ പുതിയ തിയേറ്ററുകളുടെ നിർമാണ നടപടി തുടങ്ങി. ഇതിൽ ആകെ 22 സ്‌ക്രീനുകൾ ഉണ്ടാകും. നാലു കോടി രൂപ ചെലവഴിച്ച് ചിറ്റൂരിലെ ചിത്രാഞ്ജലി തിയേറ്റർ നവീകരിച്ചു. ഗ്രാമീണ കലാകാരൻമാർക്ക് ഉപജീവനത്തിനായി റൂറൽ ആർട്ട് ഹബ് പദ്ധതി 20 കേന്ദ്രങ്ങളിൽ നടപ്പാക്കുമെന്ന് മന്ത്രി അറിയിച്ചു.