ആയുർവേദവും ആധുനിക ഓങ്കോളജിയും ബന്ധിപ്പിച്ച് അന്താരാഷ്ട്ര കാൻസർ പരിചരണ സംഗമം

post

ആയുർവേദവും ആധുനിക ഓങ്കോളജിയും ഉൾപ്പെടെയുള്ള വിവിധ ചികിത്സാ സമ്പ്രദായങ്ങളെ സഹകരണാധിഷ്ഠിതമായി സംയോജിപ്പിക്കുന്ന ഇന്റർനാഷണൽ കോൺവർജൻസ് ഓൺ കോ-ഓപ്പറേറ്റീവ് ഓങ്കോളജി -ICCO 2026 ഓഗസ്റ്റ് 11ന് തിരുവനന്തപുരത്ത് നടക്കും. ഗവൺമെന്റ് ആയുർവേദ കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സംഗമം രാവിലെ 11 മണിക്ക് ആരോഗ്യ മന്ത്രി കെ മുരളീധരൻ ഉദ്ഘാടനം ചെയ്യും.


“ഒരു രോഗി, പല ചികിത്സാ സമ്പ്രദായങ്ങൾ”' എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന ഏകദിന സംഗമത്തിൽ ഓങ്കോളജിസ്റ്റുകൾ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, നയരൂപീകരണ വിദഗ്ധർ, രോഗീ കൂട്ടായ്മകൾ തുടങ്ങിയവർ പങ്കെടുക്കും. ആധുനിക ഓങ്കോളജി, ആയുർവേദം, സിദ്ധ, യുനാനി, ഹോമിയോപ്പതി, പരമ്പരാഗത ചൈനീസ് വൈദ്യം, നാനോ ചികിത്സ, ശസ്ത്രക്രിയാ ഓങ്കോളജി തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ച് ചികിത്സാഫലത്തിന്റെ അടിസ്ഥാനത്തിൽ ചികിത്സാ മാർഗങ്ങൾ തിരഞ്ഞെടുക്കുന്ന 'കോ-ഓപ്പറേറ്റീവ് ഓങ്കോളജി' എന്ന ആശയമാണ് സംഗമം മുന്നോട്ടുവയ്ക്കുന്നത്.


രസശാസ്ത്ര ഔഷധ നിർമാണം, രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന രസായന ചികിത്സാക്രമങ്ങൾ, പഥ്യ-അപഥ്യ ആഹാരനിയന്ത്രണം, സത്ത്വാവജയ മനോനിയന്ത്രണം തുടങ്ങിയ ആയുർവേദ സമീപനങ്ങളെ ശാസ്ത്രീയമായി വിലയിരുത്തുന്നതിനും മുഖ്യധാരാ കാൻസർ പരിചരണവുമായി സമന്വയിപ്പിക്കുന്നതിനുമുള്ള ഗവേഷണ രീതികൾ സംഗമത്തിൽ ചർച്ച ചെയ്യും. പരമ്പരാഗതവും ആധുനികവുമായ ചികിത്സാ രംഗങ്ങളിലെ വിദഗ്ധർ തമ്മിലുള്ള സഹകരണവും ചർച്ചയാകും.


രാവിലെ സാങ്കേതിക പ്രഭാഷണങ്ങളും ഉച്ചയ്ക്കുശേഷം സ്റ്റേക്ക്ഹോൾഡർ ഫോറവുമാണ് പരിപാടിയുടെ ഭാഗമായി നടക്കുക. ബി എ എം എസ്/എംഡി വിദ്യാർഥികൾ, ഓങ്കോളജിസ്റ്റുകൾ, ശസ്ത്രക്രിയാ വിദഗ്ധർ, ആയുർവേദ ഭിഷഗ്വരന്മാർ, ഗവേഷകർ, പാലിയേറ്റീവ് കെയർ ടീമുകൾ, പരിചരണം നൽകുന്നവർ, ആരോഗ്യനയ വിദഗ്ധർ, ബിരുദാനന്തര വിദ്യാർഥികൾ, രോഗികൾ, കാൻസർ അതിജീവിതർ എന്നിവരുൾപ്പെടെ മുന്നൂറോളം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.


സാങ്കേതിക പ്രഭാഷണങ്ങൾ, സഹകരണ ചികിത്സാ പദ്ധതികളെക്കുറിച്ചുള്ള പാനൽ ചർച്ച, ലോകാരോഗ്യ സംഘടനയുടെ ഗ്ലോബൽ ട്രഡീഷണൽ മെഡിസിൻ സെന്ററിലെ ഡോ. ഗീതാകൃഷ്ണൻ ജിയുടെ പ്രത്യേക പ്രഭാഷണം എന്നിവയും പരിപാടിയുടെ ഭാഗമാണ്.