കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി കുടുംബശ്രീ

post

കാസര്‍കോട് : കാസര്‍കോടിനെ ഓണമൂട്ടാന്‍ നാട്ടു ചന്തകളുമായി സജീവമായി കുടുംബശ്രീ. കുടുംബശ്രീ ജെ.എല്‍.ജി കര്‍ഷക സംഘങ്ങളാണ് ജൈവ രീതിയില്‍ നിര്‍മ്മിച്ച പച്ചക്കറികളുമായി വില്‍പ്പനയ്ക്കെത്തുന്നത്. മികവുറ്റ വെണ്ടയും വെള്ളരിയും പാവലുമെല്ലാം പൊതുജനങ്ങളിലേക്ക് എത്തിക്കാനുള്ള പദ്ധതിയാണ് നാട്ടു ചന്തകള്‍.  സാമ്പാറിലും അവിയലിലും തീയ്യലിലും പച്ചടിയിലുമെല്ലാം ഗ്രാമീണതുടെ ശുദ്ധമായ പരിസരത്ത് വളര്‍ന്നുണ്ടായ പച്ചക്കറികള്‍ ചേര്‍ത്ത് ഓണത്തിന് സദ്യവട്ടമൊരുക്കാം.

കുടുംബശ്രീയുടെ ഫാം ലൈവ്ലിഹുഡ് പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തിവരുന്ന പദ്ധതിയാണ് നാട്ടുചന്ത. കുടുംബശ്രീയുടെ സംഘകൃഷി കൂട്ടങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക, അതോടൊപ്പം തന്നെ വിഷരഹിതമായ പച്ചക്കറികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടി നടത്തിയ പദ്ധതിയാണ് നാട്ടു ചന്തകള്‍. വര്‍ഷങ്ങളായി നടന്നുവരുന്ന കുടുംബശ്രീയുടെ ഈ പദ്ധതിക്ക് മികച്ച ജന പിന്‍തുണയാണ് നാളിതുവരെ ലഭിച്ചു വരുന്നത്. ജില്ലയിലെ 42 സിഡിഎസുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുകയാണ് പദ്ധതിയിലൂടെ ചെയ്യുന്നത്. ഓരോ സിഡിഎസ് അല്ലെങ്കില്‍ പഞ്ചായത്ത് കേന്ദ്രീകരിച്ച് അവിടെ ഉല്‍പാദിപ്പിക്കുന്ന കാര്‍ഷിക ഉല്‍പന്നങ്ങള്‍ അവിടെ തന്നെ കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി യുടെ നേതൃത്വത്തില്‍ ചന്തകള്‍ സംഘടിപ്പിച്ച് വില്‍പന നടത്തുന്നു. ഇതിലൂടെ കര്‍ഷകര്‍ക്ക് ന്യായമായ വിലയും ഉല്‍പ്പന്നങ്ങള്‍ക്ക് മികച്ച് വിപണിയും ലഭിക്കുന്നു.  കൂടാതെ ഓരോ നാട്ടു ചന്തയിലും രണ്ട് പേര്‍ക്ക് വീതം ജോലി നല്‍കാനായി സാധിക്കുന്നു.

സുഭിക്ഷ കേരളം ഞാനും എന്റെ അയല്‍ക്കൂട്ടവും കൃഷിയിലേക്ക്, ഞാനും എന്റെ ഊരും കൃഷിയിലേക്ക് ക്യാമ്പയിനുകളുടെ ഭാഗമായി രൂപീകരിച്ച 2159 സംഘകൃഷി ഗ്രൂപ്പുകള്‍ കാര്‍ഷിക വൃത്തിയില്‍ സജീവമാണ്. അവര്‍ ഉല്‍പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുക,  കോവിഡ് നാളുകളില്‍ ഭക്ഷ്യക്ഷാമം നേരിടുന്ന പൊതുജനങ്ങള്‍ക്ക് വിഷരഹിതമായ പച്ചക്കറികള്‍ എത്തിച്ചു നല്‍കുക, ഓണം ഭക്ഷ്യ സമൃദ്ധമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളും പദ്ധതിക്കുണ്ട്.  ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ മാസ ചന്തകളും ആഴ്ച ചന്തകളും ദിവസ ചന്തകളുമെല്ലാം സജീവമാണ്.