108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി അംഗീകൃത നഴ്‌സുമാർ മാത്രം

post

108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി അംഗീകൃത നഴ്‌സുമാരെ മാത്രമേ നിയമിക്കൂവെന്ന് ആരോഗ്യ-ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. 108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് അധികൃതരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. മാസങ്ങളായി ഇക്കാര്യത്തിൽ അനിശ്ചിതത്വം നിലനിൽക്കുകയായിരുന്നു.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച കരാർ പ്രകാരം നഴ്‌സിംഗ് പാസാകാത്തവർക്കും എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി നിയമിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. കമ്പനി ഇതനുസരിച്ച് നിയമനം നടത്താൻ നടപടികൾ തുടങ്ങിയതോടെ ആശങ്കകൾ ഉയർന്നു. നഴ്‌സുമാരെ ഒഴിവാക്കുന്നത് അടിയന്തരവൈദ്യസഹായത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നഴ്‌സുമാരെ മാത്രമേ ഈ തസ്തികയിൽ നിയോഗിക്കാൻ പാടുള്ളൂവെന്ന് മന്ത്രി കെ.മുരളീധരൻ നിലപാടെടുത്തു. എന്നാൽ മറ്റുസംസ്ഥാനങ്ങളിൽ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരായി നഴ്‌സുമാരല്ലാത്തവരുണ്ടെന്ന് ചൂണ്ടിക്കാട്ടി കമ്പനി അധികൃതർ വാദിച്ചു.


ഇതോടെ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനാണ് മന്ത്രി കമ്പനി അധികൃതരുമായി ചർച്ച നടത്തിയത്. പ്ലസ് ടു പാസായ ശേഷം മൂന്നു മുതൽ ആറുമാസം മാസം വരെ ദൈർഘ്യമുള്ള ഇ.എം.ടി കോഴ്‌സ് കഴിഞ്ഞവർ നഴ്‌സുമാർക്ക് പകരം എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻമാരാകാൻ യോഗ്യരാണെന്നും മറ്റു സംസ്ഥാനങ്ങളിൽ ഇത്തരത്തിൽ സുഗമമായി നടക്കുന്നുണ്ടെന്നും കമ്പനി അധികൃതർ പറഞ്ഞു. എന്നാൽ കേരളത്തിന്റെ ആരോഗ്യ സാഹചര്യം വ്യത്യസ്തമാണെന്നും അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ കാലങ്ങളിൽ 108ലെ നഴ്‌സുമാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ നഴ്‌സുമാരെ മാത്രമേ നിയോഗിക്കാനാകൂവെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. ചില സമയങ്ങളിൽ ആശുപത്രിയിലേക്കുള്ള യാത്രയിൽ 108ൽ പ്രസവങ്ങൾ നടക്കാറുണ്ടെന്നും ഈ സാഹചര്യത്തിൽ അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയ്ക്ക് ഉൾപ്പെടെ നഴ്‌സുമാരുടെ സേവനം അനിവാര്യമാണെന്നും മന്ത്രി കെ.മുരളീധരൻ ചൂണ്ടിക്കാട്ടി. ഇതോടെ മന്ത്രിയുടെ നിലപാട് കമ്പനി അധികൃതർ അംഗീകരിക്കുകയായിരുന്നു.


മുൻവർഷത്തക്കാൾ 210 കോടിരൂപ കുറച്ചാണ് ഇത്തവണ കരാർ ഉറപ്പിച്ചത്. 21 ആംബുലൻസ് അധികവുമുണ്ട്. അധികമായി ലഭിച്ച ആംബുലൻസുകളിൽ 14 എണ്ണത്തിൽ അഡ്വാൻസ് ലൈഫ് കെയർ സപ്പോർട്ട് സംവിധാനവും ഏഴ് എണ്ണത്തിൽ നവജാത ശിശു പരിചരണത്തിനാവശ്യമായ സംവിധാനങ്ങളുമുണ്ട്. ആദ്യമായാണ് ഇത്തരം സംവിധാനങ്ങളുള്ള ആംബുലൻസുകൾ 108ന്റെ ഭാഗമാകുന്നത്.


ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ശർമ്മിള മേരി ജോസഫ്, കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ എം.ഡി ഡോ.രേണു രാജ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ.മീനാക്ഷി.വി, അഡീ.ഡയറക്ടർ ഡോക്ടർ ഷിനു.കെ. എസ്, ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് ഡയറക്ടർ കൃഷ്ണം രാജു തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.