പ്രവാസിക്ഷേമം മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് കേന്ദ്രത്തിനുമേല്‍ സമ്മര്‍ദം ചെലുത്തും : മുഖ്യമന്ത്രി

post

തിരുവനന്തപുരം: പ്രവാസികളുടെ ജീവിതക്ഷേമം മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണങ്ങള്‍ക്ക് കേന്ദ്രത്തിനുമേല്‍ എല്ലാ സമ്മര്‍ദവും ചെലുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രത്തെക്കൊണ്ട് ഒരു ദേശീയ കുടിയേറ്റ നയം നടപ്പാക്കിക്കുന്നതിന് ലോക കേരള സഭ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. രണ്ടാം ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്തു സമീപനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിനും പുറംനാടിനുമിടയില്‍ പാലമായി പ്രവാസിസമൂഹം വര്‍ത്തിക്കണം. അറിവുകള്‍, ആശയങ്ങള്‍, നൈപുണ്യം, സാങ്കേതികജ്ഞാനം, വിഭവങ്ങള്‍ എന്നിവയൊക്കെ ആ പാലം വഴി ഇവിടേക്കും ഒഴുകിയെത്തണം.  പ്രവാസി ലോകത്തെ ഈ മലയാളി കൂട്ടായ്മയില്‍നിന്ന് ഇതരനാടുകള്‍ പ്രചോദനം കൊള്ളുന്നതും ഈ വഴിക്കു ചിന്തിക്കുന്നതുമാണ് നാം കണ്ടത്. പ്രവാസി സമൂഹത്തിന്റെ വിഭവശേഷി മുതല്‍ ബുദ്ധിവൈഭവം വരെ കേരളത്തിന്റെ ഭൗതികവും വൈജ്ഞാനികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനും മുതല്‍ക്കൂട്ടായി. ഇരുഭാഗത്തും പ്രയോജനപ്പെടും വിധമുള്ള ഈടുറ്റൊരു പ്രവര്‍ത്തന പ്ലാറ്റ്‌ഫോം രൂപപ്പെട്ടു. ലോക കേരളസഭയുടെ ആദ്യ രണ്ടു വര്‍ഷങ്ങളില്‍ ഇതൊക്കെ സങ്കല്‍പങ്ങളില്‍ നിന്നു യാഥാര്‍ത്ഥ്യങ്ങളിലേക്കു പരിവര്‍ത്തിപ്പിച്ചെടുക്കുകയായിരുന്നു കേരള സര്‍ക്കാര്‍.

നാം നടത്തിയ ഇടപെടലുകള്‍ ഫലം കാണുന്നുണ്ട് എന്ന് പ്രവാസിനിക്ഷേപത്തിലെ വ്യതിയാനം നോക്കിയാല്‍ മനസ്സിലാവും. 2013ല്‍ 71,142 കോടിയായിരുന്നു ഇവിടുത്തെ പ്രവാസി നിക്ഷേപം. 2018 ആയപ്പോള്‍ 85,092 കോടിയായി വര്‍ധിച്ചു. സാമ്പത്തികമാന്ദ്യത്തിന്റെ പ്രതികൂലാവസ്ഥയിലും ഇത്രയും വര്‍ധന ഉണ്ടായതു നമ്മുടെ പ്രവാസി അനുകൂലമായ മനോഭാവമാറ്റം കൊണ്ടും പുതിയ സഹകരണവേദികളുടെ രൂപീകരണം കൊണ്ടുമാണ്.

കഴിഞ്ഞ ലോക കേരള സഭയുടെ തുടര്‍ച്ചയായി ഓവര്‍സീസ് കേരളൈറ്റ്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ആന്റ് ഹോള്‍ഡിങ് ലിമിറ്റഡ് എന്ന നിക്ഷേപ കമ്പനി രൂപീകരിച്ചു. പ്രവാസികളില്‍നിന്ന് 74 ശതമാനം ഓഹരി മൂലധന നിക്ഷേപം സമാഹരിച്ചും സര്‍ക്കാര്‍ തന്നെ 26 ശതമാനം ഓഹരി മൂലധനം നിക്ഷേപിച്ചുമാണ് ഇത് യാഥാര്‍ത്ഥ്യമാക്കിയത്. ആഭ്യന്തര ഉല്‍പാദനത്തിന്റെ 30 ശതമാനമാണ് പ്രവാസി സമൂഹം ഇവിടേക്കയക്കുന്ന തുകയുടെ വലിപ്പം. ഇത് ചിന്നിച്ചിതറി പാഴായിപ്പോവുന്ന അവസ്ഥ അവസാനിപ്പിക്കാനുള്ള ഇടപെടലാണു നടത്തിയത്. നാടിനും പ്രവാസിക്കും ഗുണകരമാകുന്ന വികസന നിക്ഷേപം ഒരുക്കലാണിത്.

കേരളം മൂന്നര വര്‍ഷങ്ങളിലായി അഭൂതപൂര്‍വമായ ഒരു വികസന പ്രക്രിയയിലൂടെ കടന്നുപോവുകയാണ്. ക്ഷേമകാര്യങ്ങളില്‍ മുതല്‍ വികസന കാര്യങ്ങളില്‍ വരെ പ്രതിഫലിക്കുന്ന മാറ്റം ഇവിടെ ദൃശ്യമാണ്. ഒരുവശത്ത് മതനിരപേക്ഷതയുടെ, സമാധാനത്തിന്റെ, സാഹോദര്യത്തിന്റെ പ്രതീകമായി നില്‍ക്കുന്നു. മറുവശത്ത് ക്ഷേമവികസന കാര്യങ്ങളില്‍ കുതിച്ചുചാട്ടം നടത്തുന്നു. മറ്റൊരു കാലത്തുമില്ലാത്ത വിധം പ്രവര്‍ത്തനമികവിനുള്ള പുരസ്‌കാരങ്ങള്‍ കേരളത്തെ തേടിയെത്തുകയാണ്.

സുസ്ഥിര വികസനത്തിനും പൊതുവായ വ്യവസായ വികസനത്തിനും അടിസ്ഥാനമാണ് അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയും മികവും. ഈ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ കേന്ദ്രീകരിക്കുന്നു. അവിടെ പ്രവാസികള്‍ക്ക് ഇഷ്ടപ്പെട്ട മേഖലയില്‍, അവര്‍ക്കു പുരോഗതി കണ്ട് വിലയിരുത്താവുന്ന വിധത്തില്‍, വര്‍ധിച്ച പ്രതിഫലം ഉറപ്പാവുന്നവിധത്തില്‍ നിക്ഷേപം നടത്താനുള്ള സംവിധാനങ്ങള്‍ ഈ സര്‍ക്കാര്‍ ഒരുക്കി.

തങ്ങളുടെ നിക്ഷേപം തങ്ങള്‍ക്കു നേട്ടമുണ്ടാക്കിക്കൊണ്ടുതന്നെ നാടിന്റെ വികസനത്തിനുള്ള മൂലധന നിക്ഷേപമാവുന്നതെങ്ങനെ എന്ന് നേരിട്ട് അനുഭവിക്കാന്‍ സഹായകമാവുന്ന പദ്ധതികള്‍. ഇത്തരം പദ്ധതികളോടു പ്രവാസി ജനങ്ങള്‍ ഉയര്‍ന്നതോതില്‍ സഹകരിക്കുന്നുണ്ട്. പരമ്പരാഗത രീതികള്‍ വിട്ട്  ഭാവനാപൂര്‍ണമായ പദ്ധതികളുമായാണ് മുമ്പോട്ടുപോകുന്നത്. കിഫ്ബിയെ പുനരുജ്ജീവിപ്പിച്ച് ബജറ്റിനു പുറത്ത് അമ്പതിനായിരം കോടി രൂപ സമാഹരിച്ച് വിനിയോഗിക്കുന്നതു തന്നെ സ്ഥിരം രീതി വിട്ടുള്ള കാര്യമാണ്. അതിന്റെയൊക്കെ ഫലം കാണുന്നുണ്ടുതാനും. കേരള റീബില്‍ഡ്, വികസന കോണ്‍ക്ലേവ്, അസെന്‍ഡ്, പ്രവാസി ചിട്ടി, എന്‍ആര്‍ഐ ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി, മസാലാ ബോണ്ട് എന്നിങ്ങനെ നൂനത പദ്ധതികളാണ് നടപ്പാക്കുന്നത്. ആരുടെയും സങ്കല്‍പത്തില്‍ പോലും അതുവരെ ഉണ്ടായിട്ടില്ലാത്ത പദ്ധതികളുമായി കേരളം മുമ്പോട്ടുപോകുമ്പോള്‍, അതിലൊക്കെ പ്രവാസി സമൂഹത്തിനു സഹകരിക്കാവുന്ന സാധ്യതയുടെ അനവധി മേഖലകളുണ്ട്.

നോര്‍ക്കാ റൂട്ട്‌സിന്റെ കീഴിലെ ബിസിനസ് ഫെസിലിറ്റേഷന്‍ സെന്റര്‍, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊജക്ട് ഫോര്‍ റിട്ടേണ്‍ എമിഗ്രന്റ്‌സ് (എന്‍ഡി പ്രേം) എന്നിവ എടുത്തുപറയേണ്ട മുന്‍കൈകളാണ്. വ്യവസായ സംരംഭക സാധ്യതകള്‍ അവതരിപ്പിക്കലാണ് ആദ്യത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. പുതിയ സംരംഭങ്ങള്‍ക്ക് പണവും ഇളവും ഉറപ്പാക്കലാണ് രണ്ടാമത്തേതു കൊണ്ടുദ്ദേശിച്ചിട്ടുള്ളത്. കഴിഞ്ഞവര്‍ഷം 791 പേര്‍ക്ക് 15 കോടി രൂപ സബ്‌സിഡിയായി നല്‍കാന്‍ ഇതുവഴി കഴിഞ്ഞു. പ്രവാസ ജീവിതത്തിനുശേഷം അവശരായി മടങ്ങുന്നവര്‍ക്കായുള്ള സാന്ത്വന പദ്ധതിയിലൂടെ പോയവര്‍ഷം 25 കോടി രൂപ അര്‍ഹരായവര്‍ക്കു നല്‍കി.

കുടിയേറ്റം, അഭയാര്‍ത്ഥി പ്രശ്‌നം തുടങ്ങിയവ സംബന്ധിച്ച നയനിയമ നിര്‍മാണ വേദികളിലും മറ്റും സജീവമായി ഇടപെടുക എന്നതാണ് ഇനി ഈ സഭയുടെ മറ്റൊരു ദൗത്യം. ഏറ്റവുമധികം പ്രവാസികളുള്ളതും ഏറ്റവുമധികം പ്രവാസി പണം കൈപ്പറ്റുന്നതുമായ സമൂഹമെന്ന നിലയ്ക്ക് ഇക്കാര്യത്തില്‍ നമുക്ക് വലിയ ഉത്തരവാദിത്വമുണ്ട്. പ്രവാസികളുടെ മനുഷ്യാവകാശങ്ങള്‍ മുതല്‍ തൊഴിലവകാശങ്ങള്‍ വരെ ഉയര്‍ത്തിപ്പിടിക്കാനുള്ള പോരാട്ടത്തിന്റെ തുടക്കമാവണം ഇത്. പ്രധാനപ്പെട്ട മറ്റു ദൗത്യങ്ങള്‍ പ്രവാസജീവിതത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുക, ചൂഷണരഹിതമായ സാധ്യതകള്‍ കണ്ടെത്തുക, നൈപുണ്യ പരിശീലനം അടക്കമുള്ളവയിലൂടെ അവസരങ്ങള്‍ ഉപയോഗിക്കാന്‍ പുതുതലമുറകളെ പ്രാപ്തരാക്കുക തുടങ്ങിയവയാണ്.

പ്രവാസികള്‍ പല തലങ്ങളിലുള്ള പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നിലനില്‍പ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ മുതല്‍ വളര്‍ച്ചയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വരെയുണ്ട്. കുടിയേറ്റത്തെയും കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തെയും ബാധിക്കുന്ന ദേശീയ നയമോ നിയമമോ ഇല്ല എന്നതു ഗുരുതര പ്രശ്‌നമാണ്. പ്രവാസികളുടെ ജീവിതക്ഷേമം മുന്‍നിര്‍ത്തിയുള്ള നിയമനിര്‍മാണങ്ങള്‍ക്കായി കേന്ദ്രത്തിനു മേല്‍ എല്ലാ വിധത്തിലും സമ്മര്‍ദം ചെലുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

തിരികെ എത്തുന്ന പ്രവാസികളുടെ പുനരധിവാസ പ്രശ്‌നം ഇനിയും പരിഹരിക്കപ്പെടാത്ത പ്രശ്‌നമാണ്. ദേശീയതലത്തില്‍ ഇത്തരം പദ്ധതികളൊന്നുമില്ല. നോര്‍ക്കയും പ്രവാസി ക്ഷേമനിധി ബോര്‍ഡും ചെയ്യുന്ന കാര്യങ്ങള്‍ വിപുലവും ശക്തവുമാക്കണം. പ്രവാസി സമൂഹത്തിന്റെയും കേന്ദ്രത്തിന്റെയും കേരളത്തിന്റെയും ഓഹരികളോടെയുള്ള ഒരു കണ്‍സോര്‍ഷ്യം ആലോചിക്കാവുന്നതാണ്. ഇക്കാര്യം കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തും.

വളരെ ഗൗരവത്തോടെയാണ് ലോക കേരളസഭയുടെ അഭിപ്രായങ്ങളെയും തീരുമാനങ്ങളെയും സര്‍ക്കാര്‍ കാണുന്നത്. മന്ത്രിമാര്‍, വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യം എന്നിവ തന്നെ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. തീരുമാനങ്ങള്‍ സര്‍ക്കാരും തദ്ദേശ സമിതികളും നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ചടങ്ങില്‍ അധ്യക്ഷത വഹിച്ച സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പ്രസീഡിയം അംഗങ്ങളെ വേദിയിലേക്ക് ക്ഷണിച്ചു. ചീഫ് സെക്രട്ടറി ടോം ജോസ് സ്വാഗതം പറഞ്ഞു.

ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂര്‍വ മാതൃകയാണ് ലോകകേരള സഭ : സ്പീക്കര്‍

പൗരശക്തിക്ക്, ജനാധിപത്യശക്തിക്ക് കേരളം മുന്നോട്ടുവെക്കുന്ന അപൂര്‍വ മാതൃകയാണ് ലോക കേരള സഭയെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.  പ്രവാസത്തെ കലയാക്കി മാറ്റിയ സമൂഹമാണ് മലയാളികളുടേത്. നമ്മുടെ സംസ്‌കാരം, ഭാഷ, പാരമ്പര്യം തുടങ്ങിയവയുടെ കൂട്ടായ്മയുണ്ടാകണം. സാമ്പത്തിക സാധ്യത മാത്രമല്ല, സാങ്കേതിക ജ്ഞാനം, അനുഭവങ്ങള്‍, പ്രായോഗികമായ അറിവുകള്‍ തുടങ്ങിയവ കേരളത്തിലേക്ക് സ്വാംശീകരിക്കാനാകണം. എല്ലാം ചേര്‍ന്നുള്ള നവകേരളമാണുണ്ടാകേണ്ടത്.

മലയാളി സ്വത്വം, പ്രവാസത്തിന്റെ സാധ്യത, നവകേരളം എന്നിവ മുന്‍നിര്‍ത്തിയാകണം നീങ്ങേണ്ടത്. ജനാധിപത്യത്തിന്റെ വളര്‍ച്ച പൊതുസമൂഹത്തിന്റെ വളര്‍ച്ചയെ കൂടി അടിസ്ഥാനമാക്കിയാണ്. ഇതൊരു ചര്‍ച്ചാവേദി മാത്രമല്ല, നിര്‍ദേശങ്ങളുണ്ടാകാനും അവ പ്രായോഗികതലത്തില്‍ എത്തിക്കാനുമുള്ള വേദിയാണിതെന്ന് സ്പീക്കര്‍ പറഞ്ഞു. എല്ലാ വൈജാത്യങ്ങളെയും മറികടന്ന് എല്ലാവരെയും യോജിപ്പിച്ച് മുന്നോട്ടുകൊണ്ടുപോകാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു.