47 രാജ്യങ്ങള്‍; 351 പ്രതിനിധികള്‍; ലോകകേരള സഭയ്ക്ക് തുടക്കം

post

തിരുവനന്തപുരം : ലോകമെമ്പാടും വ്യാപിച്ച മലയാളിപ്രവാസ സമൂഹത്തിന്റെ വൈവിധ്യവും ഗാംഭീര്യവും വിളിച്ചോതുന്ന ഉജ്വല പ്രാതിനിധ്യത്തോടെ രണ്ടാമത് ലോകകേരള സഭയ്ക്ക് പ്രൗഢമായ തുടക്കം. മുഖ്യമന്ത്രി അദ്ധ്യക്ഷത വഹിച്ച ചടങ്ങ് ഗവര്‍ണ്ണര്‍ ഉദ്ഘാടനം ചെയ്തു. 47 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിലുള്ളത്.  ഗള്‍ഫ്, സാര്‍ക്ക്, ആഫ്രിക്ക, യൂറോപ്പ്, സൗത്ത് ഈസ്റ്റ് ഏഷ്യ, ഏഷ്യ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി, ജനവാസമുള്ള എല്ലാവന്‍കരകളുടെയും സാന്നിദ്ധ്യം ഇക്കുറിയുണ്ട്. 351 പ്രതിനിധികളാണ് സഭയിലുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. വിദേശരാജ്യങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വര്‍ധിച്ച പ്രാതിനിധ്യം രണ്ടാം സമ്മേളനത്തെ കൂടുതല്‍ പ്രതീക്ഷാനിര്‍ഭരമാക്കുന്നു. 28 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളായിരുന്നു പ്രഥമസമ്മേളനത്തിലുണ്ടായിരുന്നത്.  രണ്ടു വര്‍ഷം കൂടുമ്പോള്‍ മൂന്നിലൊന്ന് അംഗങ്ങള്‍ വിരമിക്കുകയും ആ ഒഴിവിലേക്ക് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുകയുംചെയ്യുമെന്ന് വ്യവസ്ഥ പ്രകാരം 58 പേര്‍ വിരമിച്ച ഒഴിവിലേക്ക് പുതിയ അംഗങ്ങളെ ഇക്കുറി ഉള്‍പ്പെടുത്തിയിട്ടുണ്ട്.