അഴിമതിക്കെതിരായ 'പ്രോജക്ട് സീറോ' ക്യാമ്പയിന്റെ ഭാഗമായി വിജിലൻസ് മാന്വൽ പ്രകാശനം

post

അഴിമതിക്കെതിരായ ബോധവൽക്കരണവും സുതാര്യ ഭരണവും ലക്ഷ്യമിട്ട് കേരള വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ നടപ്പാക്കുന്ന 'പ്രോജക്ട് സീറോ' സംസ്ഥാനതല ക്യാമ്പയിന്റെ ഭാഗമായി പരിഷ്‌കരിച്ച വിജിലൻസ് മാന്വലിന്റെ പ്രകാശനവും വിവിധ സർക്കാർ വകുപ്പുകളിലെയും പൊതുമേഖലാ സ്ഥാപനങ്ങളിലെയും ആഭ്യന്തര വിജിലൻസ് മേധാവിമാരുടെ അവലോകന യോഗവും ജൂലൈ 8ന് രാവിലെ 10.15-ന് തിരുവനന്തപുരം പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ നടക്കും.


പരിപാടിയിൽ കേരള ലോകായുക്ത ജസ്റ്റിസ് എൻ. അനിൽ കുമാർ അധ്യക്ഷത വഹിക്കും. ആഭ്യന്തരം, വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഗതാഗത മന്ത്രി സി. പി. ജോൺ മുഖ്യാതിഥിയായിരിക്കും. ആഭ്യന്തരം & വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, കണ്ണൂർ റേഞ്ച് ഡി.ഐ.ജി കെ. കാർത്തിക് എന്നിവർ ആശംസകളർപ്പിക്കും. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഡയറക്ടറും ഡി.ജി.പിയുമായ മനോജ് എബ്രഹാം സ്വാഗതമാശംസിക്കും. വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ ഐ.ജി.പി (ഇൻ ചാർജ്) തോംസൺ ജോസ് നന്ദി അറിയിക്കും.


2026 മേയ് 26-ന് ആരംഭിച്ച 'പ്രോജക്ട് സീറോ' ക്യാമ്പയിന്റെ ഭാഗമായി അഴിമതി നിർമാർജനത്തിനും പൊതുസേവന രംഗത്തെ സുതാര്യതയും ഉത്തരവാദിത്തവും ശക്തിപ്പെടുത്തുന്നതിനുമായി വിവിധ പ്രവർത്തനങ്ങളാണ് വിജിലൻസ് & ആന്റി കറപ്ഷൻ ബ്യൂറോ സംസ്ഥാനത്തുടനീളം നടപ്പാക്കുന്നത്.