സ്കൂളുകളിൽ സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി; അപേക്ഷകൾ ക്ഷണിച്ചു

post

കേരളാ പോലീസിന്റെ അഭിമാന പദ്ധതിയായ സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനത്തെ കൂടുതൽ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ 'സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി' ആരംഭിക്കുന്നു. നിയമബോധവും പൗരബോധവുമുള്ള, ദുർബലവിഭാഗങ്ങളോട് സഹാനുഭൂതി പുലർത്തുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ഹൈസ്കൂൾ തലത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലേക്ക് താല്പര്യമുള്ള സ്കൂളുകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

നിലവിൽ സംസ്ഥാനത്തെ വിവിധ സ്കൂളുകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി നിലവിലുള്ള രീതിയിൽ തന്നെ തുടർന്നുപോകുന്നതാണ്. ഇതിന് പുറമെയാണ് പുതുതായി സ്വാശ്രയ യൂണിറ്റുകൾ അനുവദിക്കുന്നത്. പദ്ധതിയുടെ വിശദവിവരങ്ങളും നിശ്ചിത അപേക്ഷാഫോമും കേരള പോലീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ www.keralapolice.gov.in ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷകൾ spcprogramme.pol@kerala.gov.in എന്ന വിലാസത്തിലേക്ക് അയക്കണം. അവസാന തീയതി: 2026 ജൂലൈ 10ന് 5.

സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നതിനായി മുൻകാലങ്ങളിൽ അപേക്ഷ സമർപ്പിച്ചിട്ടുള്ള സ്കൂളുകൾ, ഈ സ്വയാശ്രയ പദ്ധതി പ്രകാരം പുതിയ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള പരിഗണനയ്ക്കായി നിർദ്ദിഷ്ട മാതൃകയിൽ വീണ്ടും അപേക്ഷ സമർപ്പിക്കേണ്ടതാണ്.

സ്വാശ്രയ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിപ്രകാരം ആരംഭിക്കുന്ന യൂണിറ്റുകൾക്ക്, സർക്കാർ പ്രത്യേക ഉത്തരവ് പുറപ്പെടുവിക്കുന്ന സാഹചര്യം ഒഴികെ, SPC വഴിയോ മറ്റ് സർക്കാർ പദ്ധതികൾ വഴിയോ യാതൊരുവിധ സാമ്പത്തിക സഹായത്തിനും അർഹത ഉണ്ടായിരിക്കുന്നതല്ല. ഇത്തരം യൂണിറ്റുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് സർക്കാർ ധനസഹായം, റീഇംബേഴ്സ്‌മെന്റ്, മറ്റ് സാമ്പത്തിക ആനുകൂല്യങ്ങൾ എന്നിവ നിലവിലോ ഭാവിയിലോ ആവശ്യപ്പെടുന്നതിനുള്ള അവകാശവും സ്കൂളുകൾക്ക് ഉണ്ടായിരിക്കില്ല.


കൂടുതൽ വിവരങ്ങൾക്ക് : 0471-2432655, 9497980083, 7012844948