കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ഗ്ലോബൽ ഹബ്ബാക്കും: മന്ത്രി റോജി എം. ജോൺ
കൃത്രിമ ബുദ്ധി (എ.ഐ.) പഠനത്തിന്റെയും ഗവേഷണത്തിന്റെയും ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്ന മികച്ച സാങ്കേതികവിദ്യയാണെങ്കിലും അത് വിദ്യാർഥികളുടെ സ്വതന്ത്ര ചിന്തയെയും ബൗദ്ധിക വളർച്ചയെയും പ്രതികൂലമായി ബാധിക്കാൻ അനുവദിക്കരുതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം ജോൺ പറഞ്ഞു. 2026-27 അധ്യയന വർഷത്തെ സംസ്ഥാനതല ബിരുദ പ്രവേശനോത്സവമായ 'ഫസ്റ്റ് ചാപ്റ്റർ' പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു മന്ത്രി.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ എ.ഐ. ഉയർത്തുന്ന പഠന സാധ്യതകളെ കുറിച്ചും തുടർന്ന് ലഭിക്കുന്ന തൊഴിൽ അവസരങ്ങളെ കുറിച്ചും മന്ത്രി വിശദീകരിച്ചു. കൂടാതെ, അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങൾ ആരംഭിക്കുകയും വിദേശാന്തരീക്ഷം കേരളത്തിൽ ഒരുക്കുകയും ചെയ്യും പുതിയ പദ്ധതികളോടൊപ്പം, നാലു വർഷ ബിരുദ കോഴ്സുകളുടെ (FYUGP) വിദ്യാർത്ഥികൾ നേരിടുന്ന പ്രശ്നങ്ങളും ഉടൻ തന്നെ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി.
കേരളത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ ആഗോള കേന്ദ്രമായി (ഗ്ലോബൽ ഹബ്) ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. ആഗോള നിലവാരത്തിലുള്ള കോഴ്‌സുകൾ, ഗവേഷണ സൗകര്യങ്ങൾ, അക്കാദമിക് സഹകരണങ്ങൾ എന്നിവ വിപുലീകരിച്ച് രാജ്യത്തിനകത്തും വിദേശത്തുമുള്ള വിദ്യാർഥികളെ ആകർഷിക്കുന്ന വിദ്യാഭ്യാസ കേന്ദ്രമായി കേരളത്തെ മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് സർക്കാർ ആവിഷ്‌കരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു. വിദ്യാർഥികൾ ഉന്നയിച്ച നിർദേശങ്ങളും ആശങ്കകളും സർക്കാർ ഗൗരവമായി പരിഗണിക്കുമെന്നും ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗുണമേന്മയും ആധുനികതയും ഉറപ്പാക്കുന്ന പരിഷ്‌കാരങ്ങൾ തുടരുമെന്നും മന്ത്രി വിദ്യാത്ഥികളുമായി നടത്തിയ സംവാദത്തിൽ വ്യക്തമാക്കി.








