പകർച്ചവ്യാധി പ്രതിരോധം: ഉന്നതാധികാര കമ്മിറ്റി പ്രാഥമിക റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രിക്ക് കൈമാറി; ‘ഗോൾ’ തീവ്രയജ്ഞ പദ്ധതിക്ക് ശിപാർശ

post

സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി രൂപീകരിച്ച ഉന്നതാധികാര കമ്മിറ്റി തങ്ങളുടെ പ്രാഥമിക റിപ്പോർട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരന് കൈമാറി. സെക്രട്ടേറിയറ്റിലെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ കമ്മിറ്റി ചെയർമാൻ ഡോ. എസ്.എസ്. ലാൽ, കൺവീനർ ഡോ. ശ്രീജിത്ത് എൻ. കുമാർ, അംഗം ഡോ. എ. അൽത്താഫ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ട് വിശദമായി പരിശോധിച്ച് അടിയന്തര പ്രാധാന്യത്തോടെ തുടർനടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


കമ്മിറ്റി കൂടുതൽ ചർച്ചകൾ നടത്തുകയും വിവിധ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകൾ സന്ദർശിക്കുകയും ചെയ്ത ശേഷം വിശദമായ അന്തിമ റിപ്പോർട്ട് പിന്നീട് സമർപ്പിക്കും. നിപ എന്തുകൊണ്ട് പ്രത്യേക സ്ഥലങ്ങളിൽ മാത്രം കാണുന്നു, അമീബിക് മസ്തിഷ്‌കജ്വരത്തിന്റെ ഉറവിടം തുടങ്ങിയ കാര്യങ്ങളിൽ സമിതി വിശദമായ പഠനം നടത്തും. രോഗവ്യാപനം തടയാൻ വേഗത്തിൽ ആശ്വാസം നൽകുന്ന ശിപാർശകൾ ഉടൻ നടപ്പിലാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.


മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ഈ വർഷം ഡെങ്കിപ്പനി കേസുകളിൽ കുറവുണ്ടെന്ന് കമ്മിറ്റി വിലയിരുത്തി. എന്നാൽ ഷിഗല്ല പോലുള്ള ജലജന്യ രോഗങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എൽ-നിനോ പ്രതിഭാസത്തിന്റെയും ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ വരും മാസങ്ങളിൽ ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ കൊതുക് ജന്യ രോഗങ്ങൾ വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ കൂടുതൽ ജാഗ്രതയോടെ തുടരണം. പകർച്ചവ്യാധി പ്രതിരോധയജ്ഞത്തിന് ‘ഗോൾ’ (GOAL) എന്ന് പേരിട്ട് പരിപാടികൾ നടപ്പാക്കാനും കമ്മിറ്റി ശുപാർശ ചെയ്തിട്ടുണ്ട്.


വകുപ്പുകളുടെ ഏകോപനവും ഉന്നതതല യോഗവും: ഏകാരോഗ്യ സമീപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനം, കൃഷി, പൊതുമരാമത്ത്, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുടെ ഉന്നതതല യോഗം ആരോഗ്യ വകുപ്പ് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉടൻ ചേരും.


ശുചീകരണ തീവ്രയജ്ഞം: അടുത്ത മൂന്ന് മാസക്കാലം സംസ്ഥാനത്തുടനീളം കൊതുക് നശീകരണ, മാലിന്യ സംസ്‌കരണ, ശുചീകരണ തീവ്രയജ്ഞം നടത്തണം. ഈയാഴ്ച തന്നെ ഇതിന് തുടക്കമിടണം.


Integrated Disease Surveillance Programme (IDSP) സംവിധാനത്തിന്റെയും ഫീൽഡ് ജീവനക്കാരുടെയും സഹായത്തോടെ രോഗബാധിത പ്രദേശങ്ങൾ (ഹോട്ട്‌സ്‌പോട്ടുകൾ) കണ്ടെത്തി പ്രതിരോധം ഊർജ്ജിതമാക്കും.


ജല സ്രോതസ്സുകൾ മലിനമാണോ എന്ന് പരിശോധിക്കാൻ ഫീൽഡ് തല ആരോഗ്യ പ്രവർത്തകർക്കും ഫുഡ് സേഫ്റ്റി ഓഫീസർമാർക്കും ഫീൽഡ് ടെസ്റ്റ് കിറ്റുകൾ ലഭ്യമാക്കും. ഷിഗല്ല മുൻനിർത്തി ശുചിത്വ ബോധവൽക്കരണം ശക്തമാക്കും.


ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, തട്ടുകടകൾ എന്നിവയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫുഡ് സേഫ്റ്റി, ആരോഗ്യ വകുപ്പ്, തദ്ദേശ സ്ഥാപനങ്ങൾ എന്നിവരുടെ സംയുക്ത സ്ക്വാഡുകൾ രൂപീകരിക്കും. മൂന്ന് മാസത്തിൽ ഒരിക്കലെങ്കിലും എല്ലാ ഭക്ഷണശാലകളും പരിശോധിക്കുന്നുവെന്ന് ഉറപ്പാക്കും.


എലിപ്പനി സാധ്യതയുള്ള തൊഴിലുകളിൽ ഏർപ്പെടുന്നവർക്ക് കയ്യുറ, ബൂട്ട്‌സ് എന്നിവ ലഭ്യമാക്കും. ഡോക്‌സിസൈക്ലിൻ വിതരണം ആരോഗ്യവകുപ്പിന്റെ കൃത്യമായ മാനദണ്ഡപ്രകാരമായിരിക്കും.


കോട്ടയം, തൃശ്ശൂർ, പാലക്കാട്, ഇടുക്കി ജില്ലകളിൽ നിർമ്മാണം പൂർത്തിയായ പബ്ലിക് ഹെൽത്ത് ലബോറട്ടറികൾ ഉടൻ തുറന്നുപ്രവർത്തിക്കും.


മൃഗസാമ്പിൾ പരിശോധനകളുടെ ഏകോപനത്തിനായി ഓരോ ജില്ലയിലും വനം, മൃഗസംരക്ഷണ വകുപ്പുകളിൽ നിന്നുള്ള വെറ്ററിനറി ഡോക്ടറുടെയോ ഉദ്യോഗസ്ഥന്റെയോ സേവനം ആരോഗ്യവകുപ്പിൽ ലഭ്യമാക്കും.


ആരോഗ്യ വകുപ്പിലെ 800-ലധികം ഡോക്ടർമാരുടെ ഒഴിവുകൾ പി.എസ്.സി വഴിയും സ്ഥാനക്കയറ്റം വഴിയും വേഗത്തിൽ നികത്തും. ആവശ്യാനുസരണം ദേശീയ ആരോഗ്യ മിഷൻ (NHM), തദ്ദേശ സ്ഥാപനങ്ങൾ എന്നിവ വഴി താൽക്കാലിക ജീവനക്കാരെ നിയമിക്കും.


ഡോക്ടറുടെ നിർദ്ദേശമില്ലാതെയുള്ള ആന്റിബയോട്ടിക് മരുന്നുകളുടെ ദുരുപയോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കും.