ക്ഷീരദിനാഘോഷം : സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കും
ലോക ക്ഷീരദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ജൂൺ 1 ന് മുഖ്യമന്ത്രി വി ഡി സതീശൻ നിർവഹിക്കും. ക്ഷീരവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഡി.പി.ഐ. ജംഗ്ഷനിലെ ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ രാവിലെ 11.30 ന് നടക്കുന്ന പരിപാടിയിൽ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ അദ്ധ്യക്ഷയാകും. ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ മുഖ്യപ്രഭാഷണം നടത്തും.
ശശി തരൂർ എം.പി, മേയർ വി.വി. രാജേഷ്, ക്ഷീരവികസന വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മിൻഹാജ് ആലം, ക്ഷീരവികസന വകുപ്പ് ഡയറക്ടർ ശാലിനി ഗോപിനാഥ്, ജോയിന്റ് ഡയറക്ടർ (പ്ലാനിംഗ്) സിനില ഉണ്ണികൃഷ്ണൻ, മിൽമ ചെയർമാൻ കെ.എസ്. മണി, കെ.സി.എം.എം.എഫ് മാനേജിംഗ് ഡയറക്ടർ ആസിഫ് കെ. യൂസഫ് ഉൾപ്പടെ ക്ഷീരമേഖലയിലെ പ്രമുഖരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്നിഹിതരാകും.
‘സെലിബ്രേറ്റിംഗ് വിമൻ ഫാർമേഴ്സ്’ എന്നതാണ് ഈ വർഷത്തെ ലോക ക്ഷീരദിന പ്രമേയം. കുടുംബത്തിന്റെ വരുമാന വർദ്ധനവിലും ഗ്രാമീണ വനിതാ ശാക്തീകരണത്തിലും ക്ഷീരമേഖലയിലെ വനിതകൾ നൽകുന്ന അതുല്യമായ സംഭാവനകളെയും അവരുടെ അർപ്പണബോധത്തെയും ആദരിക്കുന്നതിനാണ് ഇത്തവണ മുൻഗണന നൽകുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, മൃഗസംരക്ഷണ വകുപ്പ്, മിൽമ, കെ.എൽ.ഡി.ബി, കേരള ഫീഡ്സ്, ക്ഷീരസഹകരണ സംഘങ്ങൾ എന്നിവയുടെ സഹകരണത്തോടെ രാവിലെ 9 മുതൽ ശിൽപശാലയും വിപുലമായ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. ശിൽപശാലയുടെ ഭാഗമായി ‘പോഷകഗുണമുള്ള തീറ്റയിലൂടെ പശുക്കളുടെ ആരോഗ്യ സംരക്ഷണവും ഗുണമേന്മയുള്ള പാലും’ എന്ന വിഷയത്തിൽ കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം പ്രിൻസിപ്പൽ വർക്കി ജോർജ്ജും, ‘ശാസ്ത്രീയ പ്രജനന രീതികൾ’ എന്ന വിഷയത്തിൽ കെ.എൽ.ഡി.ബി മാനേജർ ഡോ. അവിനാശ് കുമാറും ക്ലാസുകൾ നയിക്കും.






