നാളെയുടെ പൗരന്മാരെ വാർത്തെടുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ചുവട് 2026
പാഠപുസ്തക പഠനത്തിനപ്പുറം, സാമൂഹ്യ പ്രതിബദ്ധതയുള്ളതും മൂല്യബോധമുള്ളതുമായ ഒരു പുതുതലമുറയെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയാണ് 'ചുവട് 2026'. കുട്ടികളെ ഉത്തരവാദിത്തമുള്ള മികച്ച പൗരന്മാരാക്കി മാറ്റുന്നതിനായുള്ള ഈ കർമ്മപദ്ധതി 2026-ഓടെ സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ പൂർണ്ണതോതിൽ നടപ്പിലാക്കും.
ഇന്ത്യൻ ഭരണഘടനയോടുള്ള കൂറും ജനാധിപത്യ ബോധവും വളർത്തുക, സമൂഹത്തോടും സഹജീവികളോടും സഹാനുഭൂതിയോടെ പെരുമാറാൻ കുട്ടികളെ പ്രാപ്തരാക്കുക, കുടുംബത്തിലും സമൂഹത്തിലും മുതിർന്നവരെ ബഹുമാനിക്കുന്ന സംസ്കാരം വളർത്തുക, പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കി പരിസ്ഥിതി സൗഹൃദ ജീവിതശൈലി രൂപപ്പെടുത്തുക, സഹവിദ്യാർത്ഥികളുമായി മത്സരത്തിനപ്പുറം സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കാൻ പഠിപ്പിക്കുക എന്നിങ്ങനെയുള്ള ഗുണങ്ങൾ വിദ്യാർത്ഥികളിൽ വളർത്തിയെടുക്കുന്നതിനാണ് 'ചുവട് 2026' മുൻഗണന നൽകുന്നത്
ഇന്നത്തെ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായ ലഹരി വിപത്തിനെതിരെ വിദ്യാർത്ഥികളെ സജ്ജമാക്കുക എന്നത് ഈ പദ്ധതിയുടെ പ്രധാന ദൗത്യമാണ്. ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് അവബോധം നൽകുന്നതിനൊപ്പം, മാനസികാരോഗ്യം ഉറപ്പാക്കാനും സമ്മർദ്ദങ്ങളെ അതിജീവിക്കാനുമുള്ള ജീവിത നൈപുണ്യങ്ങൾ കുട്ടികൾക്ക് പകർന്നുനൽകും.'ചുവട് 2026' പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത ഇതിനായി പ്രത്യേക പരീക്ഷകളോ റാങ്കുകളോ ഉണ്ടായിരിക്കില്ല എന്നതാണ്. പകരം, കുട്ടികളുടെ ദൈനംദിന ജീവിതരീതിയിലുണ്ടാകുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയും അവരുടെ പെരുമാറ്റം, വ്യക്തിത്വ വികസനം, സാമൂഹ്യ പ്രവർത്തനങ്ങളിലെ പങ്കാളിത്തം എന്നിവ വിലയിരുത്തുകയും ചെയ്യും. അധ്യാപകർക്കും രക്ഷിതാക്കൾക്കും കുട്ടികളിലെ മാറ്റങ്ങൾ മനസ്സിലാക്കാൻ പ്രത്യേക സംവിധാനങ്ങൾ ഒരുക്കും. വിജ്ഞാന സമ്പാദനത്തിനപ്പുറം ഒരു നല്ല മനുഷ്യനായി വളരാൻ ഓരോ വിദ്യാർത്ഥിയെയും സഹായിക്കുന്ന 'ചുവട് 2026' സംസ്ഥാനത്ത് മാതൃകാ പൗരന്മാരെ വാർത്തെടുക്കുന്നതിനുള്ള പ്രധാന വഴിത്തിരിവായി മാറും.






