കായിക സ്വപ്നങ്ങൾക്ക് ചിറകേകി നടക്കാവ് മൾട്ടി പർപ്പസ് സ്റ്റേഡിയം; മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു

post

കാസർകോട്: സംസ്ഥാന കായിക വകുപ്പ് കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി തൃക്കരിപ്പൂർ നടക്കാവിൽ നിർമ്മിച്ച അത്യാധുനിക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. കിഫ്ബി ഫണ്ടിൽ നിന്നും 31.53 കോടി രൂപ വിനിയോഗിച്ചാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. 


ഏത് പ്രതികൂല കാലാവസ്ഥയിലും ദേശീയതല മത്സരങ്ങൾ വരെ സംഘടിപ്പിക്കാൻ പാകത്തിൽ സജ്ജീകരിച്ചിട്ടുള്ള എം ആർ സി കൃഷ്‌ണൻ സ്‌മാരക മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയമാണ് ഈ പദ്ധതിയുടെ പ്രധാന ആകർഷണം. ബാഡ്മിന്റൺ, ബാസ്‌ക്കറ്റ്ബോൾ, ടെന്നീസ്, ടേബിൾ ടെന്നിസ് തുടങ്ങിയ മത്സരങ്ങൾക്കുള്ള അത്യാധുനിക കോർട്ടുകളും ഇവിടെ സജ്ജമാണ്. ഇതിനുപുറമെ കബഡി കോർട്ടും സ്പ്രിംഗ്‌ളർ സംവിധാനത്തോട് കൂടിയ സെവൻസ് നാച്ചുറൽ ഗ്രാസ് ഫുട്ബോൾ കോർട്ടും ജില്ലയിലെ ആദ്യത്തെ സെമി ഒളിംപിക് നീന്തൽക്കുളവും ഈ സമുച്ചയത്തെ വേറിട്ടുനിർത്തുന്നു. ആയിരക്കണക്കിന് കാണികൾക്ക് ഒരേസമയം ഇരുന്ന് കളി കാണാവുന്ന ഗാലറിയോട് കൂടിയ മൂന്നുനില പവലിയൻ മന്ദിരമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കളിക്കാർക്കും ഒഫീഷ്യൽസിനും സാങ്കേതിക വിദഗ്ധർക്കുമായി പ്രത്യേകം മുറികൾ, വി.ഐ.പി ലോഞ്ച്, മീഡിയ റൂം, ഫെഡറേഷൻ ലോഞ്ച് എന്നിവയും കെട്ടിടത്തിലുണ്ട്. ഷോപ്പിംഗ് മാൾ, വിപുലമായ പാർക്കിംഗ് സൗകര്യം, സമാന്തര റോഡ് എന്നിവ കൂടി ഉൾപ്പെടുത്തി സമ്പൂർണ്ണമായ ഒരു സ്‌പോർട്‌സ് ഹബ്ബായാണ് ഈ സ്റ്റേഡിയം വിഭാവനം ചെയ്തിരിക്കുന്നത്. കിറ്റ്‌കോ ലിമിറ്റഡാണ് അത്യാധുനിക രീതിയിലുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.


ചടങ്ങിൽ കായിക-യുവജനകാര്യ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു എബ്രഹാം, ജില്ലാ കളക്ടർ കെ. ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി എന്നിവർ മുഖ്യാതിഥികളായി.