ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
* ടൂറിസം വളര്‍ച്ചയുടെ ഗുണം സാധാരണക്കാരിലേക്കെത്തുന്നു -മന്ത്രി മുഹമ്മദ് റിയാസ്
* ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം അന്താരാഷ്ട്ര സമ്മേളനം മന്ത്രി ഉദ്ഘാടനം ചെയ്തു
ടൂറിസം ജനങ്ങള്‍ക്ക് വേണ്ടിയാണെന്ന നയമാണ് സര്‍ക്കാറിനുള്ളതെന്നും ടൂറിസത്തിലൂടെ അതത് പ്രദേശത്തെ ജനങ്ങളുടെ വരുമാനം വര്‍ധിക്കുന്നുവെന്നും പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം വികസന പദ്ധതിയുടെ ഭാഗമായ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനവും ബേപ്പൂരിനെ അന്താരാഷ്ട്ര മാതൃകാ ഉത്തരവാദിത്ത ടൂറിസം കേന്ദ്രമായുള്ള പ്രഖ്യാപനവും നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ആസൂത്രിത ജനകീയ ടൂറിസം സാധ്യമാക്കുന്നതിലൂടെ കരകൗശല ഉല്‍പന്നങ്ങള്‍, ഭക്ഷണം, പരമ്പരാഗത വ്യവസായ മേഖല എന്നിവക്ക് പ്രാധാന്യം ലഭിക്കുന്നുണ്ട്. ഇതിലൂടെ ഏറ്റവും സാധാരണ ജനവിഭാഗങ്ങള്‍ക്ക് ടൂറിസത്തിന്റെ ഗുണം ലഭിക്കുന്നു. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഭാഗമായി 112 യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇതില്‍ പലര്‍ക്കും സര്‍ക്കാര്‍ സാമ്പത്തിക സഹായം ലഭ്യമാക്കിയെന്നും മന്ത്രി അറിയിച്ചു. കടലുണ്ടിയിലെ കയര്‍ നിര്‍മാണശാലയും ഖാദി സെന്ററും ഉള്‍പ്പെടുത്തി 'ഇഴകള്‍' എന്ന പദ്ധതിയിലൂടെ ഫണ്ട് ലഭ്യമാക്കി ഈ മേഖലകളിലെ തൊഴിലാളികളെ ചേര്‍ത്തുനിര്‍ത്താനായി. ബേപ്പൂര്‍ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതിയിലൂടെ ബേപ്പൂരിന്റെ ചരിത്രവും സംസ്‌കാരവും ജനജീവിതവും ലോകത്തിനു മുന്നില്‍ തുറന്നിടുകയാണെന്നും മന്ത്രി പറഞ്ഞു.
സുരക്ഷിതവും സമത്വപരവുമായ വിനോദസഞ്ചാര പരിസരം സൃഷ്ടിക്കാനുള്ള കേരളത്തിന്റെ പ്രതിബദ്ധത കാണിക്കുന്ന ജന്‍ഡര്‍ ഇന്‍ക്ലൂസീവ് പോളിസി ഡോക്യുമെന്റ് യു എന്‍ വിമന്‍ ഇന്ത്യ കണ്‍ട്രി റെപ്രസന്‍േററ്റീവ് കാന്ത സിങ് മന്ത്രിക്ക് നല്‍കി പ്രകാശനം ചെയ്തു. മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ കോര്‍പറേഷന്‍ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ രാജീവന്‍ അധ്യക്ഷനായി. ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്, കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സലന്‍, കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ ഷഹര്‍ബാന്‍, ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം സി.ഇ.ഒ കെ രൂപേഷ്, ജില്ലാ കോഓഡിനേറ്റര്‍ ശ്രീകലാലക്ഷ്മി തുടങ്ങിയവര്‍ പങ്കെടുത്തു.
രണ്ട് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിന്റെ ആദ്യദിനത്തില്‍ ഉത്തരവാദിത്ത ടൂറിസവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. ഇന്ത്യയിലും വിദേശത്തുമുള്ള 20 പ്രഭാഷകര്‍ ഉള്‍പ്പെടെ 150 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി പദ്ധതി പ്രദേശത്തെ ആര്‍.ടി യൂണിറ്റ് സന്ദര്‍ശനങ്ങളും എക്സ്പീരിയന്‍സ് ടൂറിസം പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. ബേപ്പൂരിനെ സ്ത്രീ സൗഹൃദ അന്താരാഷ്ട്ര ഉത്തരവാദിത്ത ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുക എന്ന ലക്ഷ്യവും സമ്മേളനത്തിലൂടെ പ്രാവര്‍ത്തികമാക്കും. ടൂറിസം ക്ലബ് അംഗങ്ങള്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റിയുടെ വുമണ്‍ ഫ്രണ്ട്‌ലി നെറ്റ്‌വര്‍ക്ക് അംഗങ്ങള്‍, ആര്‍.ടി യൂണിറ്റുകള്‍, സ്റ്റോറി ടെല്ലര്‍മാര്‍, കമ്യൂണിറ്റി ടൂര്‍ ഗൈഡുകള്‍ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
--
പുത്തന്‍ വികസന ആശയങ്ങള്‍ പങ്കുവെച്ച് ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്
പുത്തന്‍ വികസന ആശയങ്ങള്‍ പങ്കുവെച്ച് ബേപ്പൂര്‍ ആഗോള ഉത്തരവാദിത്ത ടൂറിസം മീറ്റ്. ആദ്യ ദിനം വിവിധ വിഷയങ്ങളില്‍ സെമിനാറുകളും സാംസ്‌കാരിക പരിപാടികളും നടന്നു. ഐ.സി.ആര്‍.ടി ഗ്ലോബല്‍ ഡയറക്ടര്‍ മനീഷ പാണ്ഡെയുടെ നേതൃത്വത്തില്‍ 'ഉത്തരവാദിത്ത ടൂറിസം വഴിയുള്ള സുസ്ഥിര ടൂറിസം' വിഷയത്തില്‍ തുറന്ന ചര്‍ച്ച നടന്നു. ചര്‍ച്ചയില്‍ ടൂറിസം ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, കേരള റെസ്പോണ്‍സിബിള്‍ ടൂറിസം മിഷന്‍ സൊസൈറ്റി സിഇഒ കെ രൂപേഷ് കുമാര്‍, വെസ്‌റ്റേണ്‍ സിഡ്‌നി യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസര്‍ ജോസഫ് എം ചീര്‍, എഴുത്തുകാരന്‍ ഫിലിപ്പ ജെയ്ന്‍ കെയി തുടങ്ങിയവര്‍ പങ്കെടുത്തു.
കാലാവസ്ഥ വ്യതിയാനം ടൂറിസത്തെ എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു എന്ന വിഷയത്തിലും സമഗ്ര ചര്‍ച്ച നടന്നു. കെ.ടി.ഐ.എല്‍ എംഡി ഡോ. മനോജ് കുമാര്‍ കിനി നയിച്ച ചര്‍ച്ചയില്‍ കാലാവസ്ഥാ വ്യതിയാനം ടൂറിസം മേഖലകളില്‍ സൃഷ്ടിക്കുന്ന ദുരിതങ്ങളും അവ മറികടക്കാന്‍ സാധ്യമാകുന്ന മാര്‍ഗങ്ങളും നിര്‍ദേശിച്ചു.
ബേപ്പൂരിന്റെ ടൂറിസം സാധ്യതകള്‍ ഉള്‍പ്പെടുത്തി ബേപ്പൂര്‍ മാതൃക: ഇന്‍ക്ലൂസീവ് ടൂറിസം നടപ്പാക്കാനുള്ള വഴികള്‍ എന്ന വിഷയത്തില്‍ പ്രത്യേക അവതരണ സെഷന്‍ നടന്നു. ബേപ്പൂര്‍ മേഖലയില്‍ എല്ലാവര്‍ക്കും ഒരേ വിധത്തില്‍ ആസ്വാദ്യമായ ടൂറിസം വികസിപ്പിക്കാന്‍ അനുയോജ്യമായ മാര്‍ഗങ്ങള്‍, നയങ്ങള്‍, പദ്ധതികള്‍ എന്നിവ വിശദീകരിച്ചു.
രണ്ടാം ദിനമായ ഇന്ന് (ഫെബ്രുവരി 8) മലബാര്‍ മറീന കണ്‍വെന്‍ഷന്‍ സെന്ററില്‍ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ പങ്കെടുക്കുന്ന ഉത്തരവാദിത്ത ടൂറിസം പ്രസന്റേഷന്‍, കേരളത്തിലെ ഉത്തരവാദിത്ത ടൂറിസം വിജയ കഥകള്‍ പരിചയപ്പെടുത്തല്‍, സ്ത്രീ സൗഹൃദ ടൂറിസം, ഇന്‍ക്ലൂസീവ് ടൂറിസവും സുസ്ഥിര വികസനവും വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവ നടക്കും.






