നൈബര്‍ഹുഡ് വാച്ച് സിസ്റ്റം സംസ്ഥാനത്താകെ നടപ്പാക്കും: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് രോഗബാധ തടയുന്നതിന് ജനങ്ങള്‍ സ്വയം നിരീക്ഷണം നടത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ സ്വയം ഏര്‍പ്പെടുത്തുന്ന നൈബര്‍ഹുഡ് വാച്ച് സിസ്റ്റം ജനമൈത്രി പൊലീസിന്റെ സഹായത്തോടെ സംസ്ഥാനത്താകെ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

സമ്പര്‍ക്കവ്യാപന കേസുകള്‍ വര്‍ദ്ധിക്കുന്ന തിരുവനന്തപുരം റൂറല്‍ ജില്ലയില്‍ സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാമാര്‍ഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം പകരുന്നതിന് ദക്ഷിണമേഖല പൊലീസ് ഐജി ഹര്‍ഷിത അത്തല്ലൂരിക്കു പ്രത്യേക ചുമതല നല്‍കിയതായി മുഖ്യമന്ത്രി അറിയിച്ചു. മാസ്‌ക് ധരിക്കുന്നത് ഉള്‍പ്പെടെയുള്ള സുരക്ഷാ മാര്‍ഗങ്ങള്‍ പ്രചരിപ്പിക്കാന്‍ ഐജി നേതൃത്വം നല്‍കും.

കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് റൂറല്‍, കോഴിക്കോട് സിറ്റി, പാലക്കാട്, വയനാട്, തൃശൂര്‍ സിറ്റി, എറണാകുളം റൂറല്‍ എന്നിവടങ്ങളില്‍ സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ തൃപ്തികരമായി നടപ്പിലാക്കുന്നുണ്ട്. ഇക്കാര്യത്തിലുള്ള എല്ലാ ജില്ലകളിലെയും പ്രവര്‍ത്തനം വിലയിരുത്താനും പുതിയ നിയന്ത്രണ രീതികള്‍ക്ക് രൂപം നല്‍കാനുമായി ഐജിമാര്‍, ഡിഐജിമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവരുടെ യോഗം വിളിച്ചിട്ടുണ്ട്.

തീരദേശദേശത്ത് കോവിഡ് ബാധ പടരുന്ന സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വിവിധ വിഭാഗങ്ങളുടെ ഏകോപനത്തിനുമായി ഐജി എസ് ശ്രീജിത്തിനെ നിയോഗിച്ചു. കോസ്റ്റല്‍ പൊലീസ് അദ്ദേഹത്തെ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.