വികസന പ്രതീക്ഷയുടെ ചിറക് വരിച്ച് ജില്ലയുടെ പക്ഷി ഗ്രാമം- നിരീക്ഷകര്‍ക്കായി കിദൂരില്‍ ഡോര്‍മിട്ടറി ഒരുങ്ങുന്നു

post

കാസര്‍ഗോഡ് " ജില്ലയിലെ ഏറ്റവും വലിയ പക്ഷി സങ്കേതമായ കുമ്പള കിദൂരില്‍ പക്ഷി സ്നേഹികള്‍ക്ക് വേണ്ടി ഡോര്‍മിട്ടറി ഒരുങ്ങുന്നു. സ്ഥലം പരിശോധിക്കുന്നതിനായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. കിദൂരിലെ പക്ഷി സങ്കേതത്തിന് സമീപം 45 സെന്റ് റവന്യു ഭൂമിയാണ് ഡോര്‍മിട്ടറിക്കായി ഏറ്റെടുത്തത്. പക്ഷി നിരീക്ഷണത്തിനായി എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും നിരീക്ഷകര്‍ക്കും ഡോര്‍മിട്ടറി പ്രയോജനപ്പെടുത്താന്‍ സാധിക്കും. ജില്ലാ കളക്ടറുടെ നിര്‍ദേശ പ്രകാരം ഡിടിപിസിയാണ് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്നത്. ഏറ്റെടുക്കുന്ന ഭൂമിയുടെ രേഖകള്‍ വില്ലേജ് ഓഫീസര്‍ കൈമാറിയതായി ഡിടിപിസി സെക്രട്ടറി ബിജു രാഘവന്‍ പറഞ്ഞു. നേരത്തേ നിശ്ചയിച്ചിരുന്ന ഭൂമി സാങ്കേതിക പ്രശ്നം മൂലം ഒഴിവാക്കിയാണ് പുതിയ സ്ഥലം കണ്ടെത്തിയത്.

ഡിസംബറോടെ പൂര്‍ത്തിയാവും

ഡോര്‍മിട്ടറിയുടെ നിര്‍മാണം ഈ മാസം തന്നെ ആരംഭിക്കും. ഡിസംബറോടെ നിര്‍മാണം പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടത്തിനകത്ത് മുളയുള്‍പ്പെടെയുള്ളവ കൊണ്ടായിരിക്കും മുറികള്‍ വേര്‍തിരിക്കുക. പരമാവധി പരിസ്ഥിതി സൗഹാര്‍ദമായിരിക്കും നിര്‍മാണം. ജില്ലാ നിര്‍മിതി കേന്ദ്രം നിര്‍മാണത്തിന് നേതൃത്വം നല്‍കും. ടൂറിസം വകുപ്പിന്റെ എംപാനല്‍ഡ് ലിസ്റ്റിലുള്ള കൊച്ചിയിലെ സങ്കല്‍പ് ആര്‍കിടെക്ച്ചറാണ് കെട്ടിടത്തിന്റെ ഡിസൈന്‍ തയ്യാറാക്കുന്നത്. ഡോര്‍മിട്ടറി മുറികള്‍, മിനി കോണ്‍ഫറന്‍സ് ഹാള്‍, അടുക്കള, ശുചിമുറികള്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഈ ഒറ്റനില കെട്ടിടത്തില്‍ ഒരുക്കും.

ഗൈഡുകളുടെ സേവനം ലഭ്യമാക്കും

കിദൂരിലെ പക്ഷി സങ്കേതത്തിലേക്ക് നിരീക്ഷണത്തിനെത്തുന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഗൈഡുകളുടെ സേവനം ലഭ്യമാക്കുമെന്ന് കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എല്‍ പുണ്ഡരികാക്ഷ പറഞ്ഞു. നിരീക്ഷകര്‍ക്ക് സഹായകമായി പക്ഷി ഗ്രാമത്തിലെ ജനങ്ങളുടെ പിന്തുണയുമുണ്ടാകും. ഡോര്‍മിട്ടറിയിലെത്തുന്നവര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണവും നല്‍കും. കാസര്‍കോട് വികസന പാക്കേജിലുള്‍പ്പെടുത്തിയ 2.75 കോടി രൂപയുടെ കുമ്പള ഗ്രാമീണ ടൂറിസം പദ്ധതി പ്രകാരമാണ് കിദൂരില്‍ ഡോര്‍മിട്ടറി നിര്‍മിക്കുന്നത്. കെട്ടിടമൊരുങ്ങുന്നതോടെ മേഖലയില്‍ നിരീക്ഷണത്തിനും ക്യാമ്പിനുമായി വിവിധ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് വലിയ ആശ്വാസമാവും.

താമസിച്ച് നിരീക്ഷണം നടത്താം

പക്ഷി സങ്കേതത്തിന് സമീപത്ത് താരതമ്യേന താമസ സൗകര്യങ്ങളില്ലാത്തത് നിരീക്ഷകര്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഡോര്‍മിട്ടറി വരുന്നതോടെ രാത്രികളിലും പക്ഷി നിരീക്ഷണത്തിന് സൗകര്യമാവും. വിദേശികളടക്കം നിരവധി പേരാണ് അത്യപൂര്‍വ ജൈവസമ്പത്തിനെ അടുത്തറിയാന്‍ ഇവിടെ എത്തുന്നത്. വംശനാശം നേരിടുന്ന ചാരത്തലയന്‍ ബുള്‍ബുള്‍, വെള്ളഅരിവാള്‍ കൊക്കന്‍, കടല്‍ക്കാട, ചേരക്കോഴി, വാള്‍കൊക്കന്‍ എന്നിയവയുള്‍പ്പടെ നിരവധി ദേശാടനപ്പക്ഷികളെയാണ് കിദൂരില്‍ കണ്ടെത്തിയിട്ടുള്ളത്. പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന കൊമ്പന്‍ വാനമ്പാടി, ചാരത്തലയന്‍ ബുള്‍ബുള്‍, ഗരുഡന്‍ ചാരക്കാളി, ചെഞ്ചിലപ്പന്‍, ചാരവരിയന്‍ പ്രാവ് തുടങ്ങിയവയും ഇവിടെ കണ്ടുവരുന്നു. ഈ പ്രദേശത്ത് മാത്രം കൂടുതലായി കണ്ടുവരുന്ന മഞ്ഞ വരിയന്‍ പ്രാവ് പ്രധാന ആകര്‍ഷണമാണ്. പക്ഷി നിരീക്ഷണത്തിനായി പ്രതിവര്‍ഷം നിരവധി ക്യാമ്പുകളാണ് ഇവിടെ സംഘടിപ്പിക്കാറുള്ളത്.