കാത്തിരിപ്പിന് വിരാമം; കാസര്‍കോട് വാതക ശ്മശാനം ഒരുങ്ങുന്നു

post

കാസര്‍ഗോഡ് : വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം കാസര്‍കോട് വാതകശ്മശാനം വരുന്നു. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ മധൂര്‍ പഞ്ചായത്തിലെ പാറക്കട്ടയിലാണ് വാതകശ്മശാനം തയ്യാറാവുന്നത്. ആധുനിക സൗകര്യങ്ങളോടെ ശാസ്ത്രീയമായാണ് ശ്മശാനം ഒരുക്കുന്നത്. മൃതദേഹം ഉചിതമായി സംസ്‌കരിക്കുന്നതിന് ജനങ്ങള്‍ നേരിടുന്ന പ്രതിസന്നധി പരിഹരിക്കുന്നതിനായാണ് ബ്ലോക്ക് പഞ്ചായത്തിന്റെ പ്രത്യേക താല്പര്യപ്രകാരമാണ് പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ കാസര്‍കോട് മേഖലയില്‍ പ്രവര്‍ത്തനക്ഷമമായ വാതക ശ്മാശാനമില്ലെന്നും പദ്ധതി യാഥാര്‍ത്ഥ്യമാവുന്നതോടെ ഈ ഭാഗത്തുള്ളവരുടെ പ്രയാസങ്ങള്‍ക്ക് പരിഹാരമാവുമെന്നും  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി എച്ച് മുഹമ്മദ് കുഞ്ഞി ചായിന്റടി പറഞ്ഞു. മൂന്നു വര്‍ഷം മുമ്പ് തന്നെ പ്രാരംഭ നടപടികള്‍ ആരംഭിച്ചിരുന്നെങ്കിലും വിവിധ സാങ്കേതിക കാരണങ്ങളാല്‍ നിര്‍മാണം നീണ്ടുപോവുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആരംഭിച്ച നിര്‍മാണം സെപ്തംബറോടെ പൂര്‍ത്തിയാക്കി പ്രവര്‍ത്തനമാരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

90 ലക്ഷം രൂപയുടെ പദ്ധതി

ശ്മശാനം സ്ഥാപിക്കുന്നതിന് 90 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് 56 ലക്ഷവും മധൂര്‍ പഞ്ചായത്ത് 34 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. മധൂര്‍ പഞ്ചായത്തിന്റെ അധീനതയിലുള്ള പാറക്കട്ടയിലെ 50 സെന്റിലാണ് പദ്ധതി പുരോഗമിക്കുന്നത്. നേരത്തേ തന്നെ ഇവിടെ മൃതദേഹം ചിതയൊരുക്കി ദഹിപ്പിച്ചു വരുന്നുണ്ട്. വാതക ശ്മശാനം വരുന്നതോടെ ചിതയൊരുക്കി ദഹിപ്പിക്കുന്നതില്‍ നേരിടുന്ന പലപ്രയാസങ്ങളും ഒഴിവാക്കാന്‍ സാധിക്കും. എല്‍പിജി സിലിണ്ടറുകളായിരിക്കും ഉപയോഗിക്കുക. ദുര്‍ഗന്ധമില്ലാതെയും വേഗത്തിലും മൃതദേഹം സംസ്‌കരിക്കാന്‍ സാധിക്കും.  പദ്ധതി പൂര്‍ത്തിയായാല്‍ പിന്നീട് പഞ്ചായത്തിനായിരിക്കും നിയന്ത്രണ ചുമതല. ശുചിത്വമിഷന്റെ എംപാനല്‍ഡ് ലിസ്റ്റിലുള്ള ജ്വാല എന്ന കമ്പനിയാണ് സാങ്കേതിക ക്രമീകരണങ്ങള്‍ നടത്തുന്നത്. ആദ്യഘട്ടത്തില്‍ സാങ്കേതിക വിദഗ്ധര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ജീവനക്കാരെ സഹായിക്കും. ശ്മശാനത്തിന്റെ പൊതുവായ മൂകഭാവത്തെ പ്രസന്നമാക്കാന്‍ കോംപൗണ്ടില്‍ ചെടികളും മറ്റും പിടിപ്പിച്ച് സൗന്ദര്യവല്‍ക്കരണവും നടത്തും. അനുശോചനായോഗത്തിനായി ഒരു ഹാളും കെട്ടിടത്തിലുണ്ടാവും.