പെട്ടിമുടി മണ്ണിടിച്ചില്‍: 15 മരണം , മരണമടഞ്ഞവര്‍ക്ക് 5 ലക്ഷം രൂപ വീതം ആശ്വാസ സഹായം

post

തിരുവനന്തപുരം : ഇടുക്കി രാജമല പെട്ടിമുടിയിലുണ്ടായ മണ്ണിടിച്ചിലില്‍ 15 പേര്‍ മരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 30 മുറികളുള്ള നാല് ലയങ്ങള്‍ മണ്ണിടിച്ചിലില്‍ പൂര്‍ണമായും ഇല്ലാതായി എന്നാണ് ലഭ്യമായ റിപ്പോര്‍ട്ട്. ആകെ 80ലേറെ പേര്‍ താമസിച്ചിരുന്നു. ഇതില്‍ 15 പേരെ രക്ഷപ്പെടുത്തി.

ഗാന്ധിരാജ് (48), ശിവകാമി (35), വിശാല്‍ (12), മുരുകന്‍ (46), രാമലക്ഷ്മി (40), മയില്‍ സാമി (48), കണ്ണന്‍ (40), അണ്ണാദുരൈ (44),  രാജേശ്വരി (43), കൗസല്യ (25), തപസിയമ്മാള്‍ (42), സിന്ധു (13), നിതീഷ് (25), പനീര്‍സെല്‍വം (50), ഗണേശന്‍ (40) എന്നിവരാണ് മരണമടഞ്ഞത്. പരിക്കേറ്റ മൂന്നു പേരെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലും ഒരാളെ മൂന്നാറിലെ ടാറ്റ ജനറല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് അഞ്ചുലക്ഷം രൂപ ആശ്വാസധനമായി സര്‍ക്കാര്‍ നല്‍കും. പരിക്കേറ്റവരുടെ മുഴുവന്‍ ചികിത്സാച്ചെലവും സര്‍ക്കാര്‍ വഹിക്കും.

രാജമലയില്‍ പുലര്‍ച്ചയോടെ മണ്ണിടിച്ചിലുണ്ടായതായാണ് മനസിലാക്കുന്നത്. കനത്ത മഴയെത്തുടര്‍ന്ന് വൈദ്യുതിബന്ധവും വാര്‍ത്താവിനിമയ ബന്ധവും അവിടെ തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് ദുരന്തം പുറംലോകമറിയാന്‍ വൈകുന്ന സാഹചര്യവുമുണ്ടായി. ഇവിടേയ്ക്കുള്ള റോഡിലെ പാലം ഒലിച്ചുപോയത് രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്താന്‍ വൈകുന്നതിനും ഇടയാക്കി. സബ്കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ് സംഘങ്ങളും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. ലഭ്യമായ മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനം അതീവ ദുഷ്‌കരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കനത്ത മഴ മുന്നില്‍ കണ്ട് ദേശീയ ദുരന്ത പ്രതികരണ സേനയുടെ ഒരു യൂണിറ്റിനെ ഇടുക്കി ജില്ലയിലേക്ക് നിയോഗിച്ചിരുന്നു. എന്നാല്‍, വാഗമണ്ണില്‍ ഇന്നലെ രാത്രി ഒരു കാര്‍ ഒലിച്ചുപോയ സംഭവത്തെതുടര്‍ന്ന് എന്‍ഡിആര്‍എഫ് അവിടെ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു. രാവിലെ ഈ സംഘത്തെ രാജമലയിലേക്ക് നിയോഗിച്ചു. തൃശൂരില്‍ ഉണ്ടായിരുന്ന എന്‍ഡിആര്‍എഫ് സംഘത്തെയും രാജമലയിലെ ദുരന്തമേഖലയിലേക്ക് നിയോഗിച്ചു. ഇതുകൂടാതെ ഫയര്‍ഫോഴ്സിന്റെ പരിശീലനം ലഭിച്ച 50 അംഗ ടീമിനെ എറണാകുളത്തുനിന്നും നിയോഗിച്ചു. വ്യോമസേനയുടെ ഹെലികോപ്റ്റര്‍ സേവനം ലഭ്യമാക്കാന്‍ ശ്രമിച്ചെങ്കിലും മോശം കാലാവസ്ഥ തടസമായെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തം ഉണ്ടായ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുതിനും മേല്‍നോട്ടം വഹിക്കുന്നതിനുമായി ക്രൈം ബ്രാഞ്ച് ഐജി ഗോപേഷ് അഗര്‍വാളിനെ സ്പെഷ്യല്‍ ഓഫീസറായി നിയോഗിച്ചു. മൃതദേഹങ്ങള്‍  നിയമനടപടികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി ക്രൈം ബ്രാഞ്ച് എസ്പി സുദര്‍ശനനെ നിയോഗിച്ചു.

എറണാകുളം റേഞ്ച് ഡിഐജി കാളിരാജ് മഹേഷ്‌കുമാര്‍, ഇടുക്കി ജില്ലാ പൊലീസ് മേധാവി ആര്‍ കറുപ്പസ്വാമി എന്നിവര്‍ അപകടസ്ഥലത്തും മൂന്നാറിലുമായി ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു. വിവിധ ബറ്റാലിയനുകളില്‍നിന്നും മറ്റു ജില്ലകളില്‍നിന്നുമായി അധികമായി പൊലീസിനെ അവിടത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മഴ കനക്കുന്ന പശ്ചാത്തലത്തില്‍ എല്ലാ ജില്ലകളിലും പൊലീസിന് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപകടത്തില്‍പ്പെട്ടവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെ എറണാകുളം, കോട്ടയം ജില്ലകളില്‍നിന്ന് രാജമലയിലേക്ക് നിയോഗിച്ചു. ഇടുക്കി ജില്ലയില്‍ മൊബൈല്‍ മെഡിക്കല്‍ സംഘത്തെയും ആംബുലന്‍സുകളെയും തയ്യാറാക്കിയിട്ടുണ്ട്. ആവശ്യമെങ്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് കരസേനയുടെയും നാവികസേനയുടെയും സഹായവും തേടും.