കോവിഡ് പോരാളികള്‍ക്ക് കൂടുതല്‍ പ്രതിഫലം ; ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും

post

മന്ത്രിസഭായോഗ തീരുമാനങ്ങള്‍

തിരുവനന്തപുരം : കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നാട്ടില്‍ എത്തി വിദേശത്തെ ജോലി സ്ഥലങ്ങളിലേക്ക് മടങ്ങിപ്പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് 5000 രൂപ വീതം ധനസഹായം നല്‍കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാനിധിയില്‍ നിന്ന് 50 കോടി രൂപ നോര്‍ക്ക റൂട്ട്‌സിന് അനുവദിക്കാന്‍ തീരുമാനിച്ചു. നേരത്തെ നല്‍കിയ 8.5 കോടി രൂപയ്ക്കു പുറമെയാണിത്.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനം നിര്‍വഹിക്കുന്ന എന്‍എച്ച്എം ജീവനക്കാരുടെ പ്രതിഫലം പരിമിതമായതിനാല്‍ എന്‍എച്ച്എമ്മിന്റെ കീഴില്‍ കരാര്‍, ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കപ്പെടുന്നവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കും. ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിന് പ്രതിമാസം 22.68 കോടി രൂപ അധിക ബാധ്യതയായി അനുവദിക്കും.

മെഡിക്കല്‍ ഓഫീസര്‍, സ്‌പെഷ്യലിസ്റ്റ് എന്നിവരടക്കമുള്ളവര്‍ ഗ്രേഡ് ഒന്നിലായിരിക്കും. ഇവരുടെ വേതനം കുറഞ്ഞത് 40,000 എന്നത് 50,000മാക്കി ഉയര്‍ത്തും. 20 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.

സീനിയര്‍ കണ്‍സള്‍ട്ടന്റ്, ഡെന്റല്‍ സര്‍ജന്‍, ആയുഷ് ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ അടങ്ങുന്ന രണ്ടാം കാറ്റഗറിക്ക് 20 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.

മൂന്നാമത്തെ വിഭാഗത്തില്‍ സ്റ്റാഫ് നഴ്‌സ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഫാര്‍മസിസ്റ്റ്, ടെക്‌നീഷ്യന്‍ തുടങ്ങിയവരാണുള്ളത്. ഇവരുടെ പ്രതിമാസ വേതനം കുറഞ്ഞത് 13,500 രൂപ ആയിരുന്നത് 20,000 രൂപയായി ഉയര്‍ത്തും. 25 ശതമാനം റിസ്‌ക് അലവന്‍സും അനുവദിക്കും.

ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാര്‍ക്ക് ദിവസവേതനത്തിനു പുറമെ 30 ശതമാനം റിസ്‌ക് അലവന്‍സ് അനുവദിക്കും.

കോവിഡ് പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പിന് അധിക ജീവനക്കാര്‍ ഉണ്ടെങ്കില്‍, ഇന്‍സെന്റീവും റിസ്‌ക് അലവന്‍സും പുതുതായി നിയമിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും ലഭ്യമാക്കും.

വിവിധ രോഗങ്ങള്‍ക്കുള്ള കോവിഡ് ഹെല്‍ത്ത് പോളിസി പാക്കേജുകള്‍ കെഎഎസ്പി സ്‌കീമിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കും നല്‍കും. കോവിഡ് ബ്രിഗേഡിലെ എല്ലാ അംഗങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ അഭിനന്ദന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു.

2020-21 അധ്യയനവര്‍ഷം സര്‍ക്കാര്‍, എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ നിബന്ധനകള്‍ക്ക് വിധേയമായി പ്ലസ് വണ്‍ കോഴ്‌സുകളില്‍ മാര്‍ജിനല്‍ സീറ്റ് വര്‍ധന വരുത്തും. കാസര്‍കോട്. കോഴിക്കോട്, വയനാട്, മലപ്പുറം, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ 20 ശതമാനവും മറ്റ് ജില്ലകളില്‍ 10 ശതമാനവുമാണ് വര്‍ധന വരുത്തുക. വര്‍ധിപ്പിക്കുന്ന സീറ്റുകളില്‍ സര്‍ക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടാകാത്ത രീതിയില്‍ നിലവിലുള്ള വ്യവസ്ഥകള്‍ക്കു വിധേയമായി ഏകജാലക പ്രക്രിയ മുഖേനയായിരിക്കും പ്രവേശനം. അണ്‍ എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് ബാധകമല്ല.

നാഷണല്‍ ഹെല്‍ത്ത് മിഷന്‍ (എന്‍എച്ച്എം) സമര്‍പ്പിച്ച ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് കോവിഡ് മഹാമാരിയുടെ സാഹചര്യത്തിലുണ്ടായ വരുമാനനഷ്ടം കണക്കിലെടുത്ത് 36.36 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് അനുവദിക്കാന്‍ തീരുമാനിച്ചു.

2018 മഹാപ്രളയത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച വ്യാപാരി ക്ഷേമബോര്‍ഡ് അംഗങ്ങളല്ലാത്ത 10800 വ്യാപാരികള്‍ക്ക് 5000 രൂപ വീതം ധനസഹായം അനുവദിക്കാന്‍ 5.4 കോടി രൂപ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കാന്‍ തീരുമാനിച്ചു. റവന്യൂ അതോറിറ്റി / ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ജനപ്രതിനിധി / സെക്രട്ടറി എന്നിവര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ / സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ധനസഹായം.  

രാത്രി ഏഴു മണി മുതല്‍ രാവിലെ 6 മണി വരെ രാത്രി ഷിഫ്റ്റുകളില്‍ സ്ത്രീകള്‍ക്ക് ഫാക്ടറികളില്‍ ജോലി ചെയ്യാന്‍ അനുമതി നല്‍കുന്നതിന് 1948ലെ ഫാക്ടറീസ് ആക്ട് സെക്ഷന്‍ 66 ഭേദഗതി ചെയ്യാന്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.

സഹകരണ വകുപ്പില്‍ 1986 മുതല്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ തുടര്‍ന്നു വരുന്ന കുടിശ്ശിക നിവാരണ ഓഡിറ്റര്‍മാരുടെ 75 തസ്തികകള്‍ ധനകാര്യ വകുപ്പ് നിര്‍ദേശിച്ച വ്യവസ്ഥകള്‍ക്ക് വിധേയമായി 01-01-2020 മുതല്‍ പ്രാബല്യത്തില്‍ സ്ഥിരം തസ്തികകളായി മാറ്റുന്നതിന് അനുമതി നല്‍കാന്‍ തീരുമാനിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച വിഷയങ്ങളില്‍ വിവിധ വശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച ജസ്റ്റിസ് എം.എം. പുഞ്ചി കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ പരിഗണിക്കുന്ന ഇന്റര്‍ സ്റ്റേറ്റ് കൗണ്‍സിലിന്റെ അജണ്ട ഇനങ്ങളില്‍ സംസ്ഥാനത്തിന്റെ അഭിപ്രായം രൂപീകരിക്കുന്നതിന് മന്ത്രിസഭാ ഉപ സമിതി രൂപീകരിച്ചു. നിയമ വകുപ്പ് മന്ത്രി ചെയര്‍മാനും ധനകാര്യം, റവന്യൂ, ജലവിഭവം, ഗതാഗതം, തുറമുഖ വകുപ്പ് മന്ത്രിമാര്‍ മെമ്പര്‍മാരുമായാണ് സമിതി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ഡയറക്ടര്‍ തസ്തിക സൃഷ്ടിക്കും. സെന്റര്‍ ഫോര്‍ ഡി.എന്‍.എ ഫിംഗര്‍ പ്രിന്റിംഗ് ആന്‍ഡ് ഡയഗണോസ്റ്റിക്‌സ് മുന്‍ ഡയറക്ടര്‍ (ഹൈദരാബാദ്) ഡോ. ദേബാഷിശ്  മിത്രയെ പുനര്‍നിയമന വ്യവസ്ഥയില്‍ നിയമിക്കും.

2020-ലെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിലെ പരിപാടികളില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിക്കും. മറ്റ് ജില്ലകളില്‍ അഭിവാദ്യം സ്വീകരിക്കുന്നവര്‍.

കോല്ലം - അഡ്വ. കെ. രാജു

പത്തനംതിട്ട - ജെ. മേഴ്‌സിക്കുട്ടിയമ്മ

ആലപ്പുഴ - ഡോ. ടി.എം. തോമസ് ഐസക്

കോട്ടയം - പി. തിലോത്തമന്‍

ഇടുക്കി - എം.എം. മണി

എറണാകുളം - അഡ്വ. വി.എസ്. സുനില്‍കുമാര്‍

തൃശ്ശൂര്‍ - എ.സി. മൊയ്തീന്‍

പാലക്കാട് - കെ. കൃഷ്ണന്‍കുട്ടി

മലപ്പുറം - ഡോ. കെ.ടി. ജലീല്‍

കോഴിക്കോട് - എ.കെ. ശശീന്ദ്രന്‍

വയനാട് - രാമചന്ദ്രന്‍ കടന്നപ്പള്ളി

കണ്ണൂര്‍ - ഇ.പി. ജയരാജന്‍

കാസര്‍കോട് - ഇ. ചന്ദ്രശേഖരന്‍