ഐഎഫ്എഫ്കെ നവാഗത സംവിധായകനുള്ള രജത ചകോരം തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും
30 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ മികച്ച നവാഗത സംവിധാനത്തിനുള്ള രജത ചകോരം ഷാഡോ ബോക്സ് സംവിധാനം ചെയ്ത തനുശ്രീ ദാസിനും സൗമ്യാനന്ദ ഷാഹിക്കും.
നിശാഗന്ധിയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുരസ്കാരം സമ്മാനിച്ചു . മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
മായ എന്ന സാധാരണ ബംഗാളി സ്ത്രീയേയും അവരുടെ കുടുംബത്തെയും പശ്ചാത്തലമാക്കിയ ചിത്രമാണ് ഷാഡോ ബോക്സ്. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോഡർ ബാധിച്ച് വിശ്രമത്തിലാണ് മായയുടെ ഭർത്താവ് സുന്ദർ. സുന്ദറിനെ പരിചരിക്കാൻ കഷ്ടപ്പെടുന്ന മായയെയും മകൻ ദേബുവിനേയും ചിത്രത്തിൽ കാണാം. സുന്ദറിൻ്റെ തിരോധാനവും തുടർന്നുണ്ടാവുന്ന സംഭവവികാസങ്ങളുമാണ് പ്രധാന കഥാതന്തു. മേളയിൽ ചിത്രം ഈ വർഷത്തെ മികച്ച അഭിനയത്തിനുള്ള ഫിപ്രസി പുരസ്കാരവും നേടിയിട്ടുണ്ട്.







