ചലച്ചിത്ര മേളയിൽ ശ്രദ്ധേയമായി ഹരിത ആശയങ്ങളും
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ഇത്തവണ ഹരിത ആശയങ്ങൾ കൂടുതൽ ശ്രദ്ധേയമാകുന്നു. ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനൊപ്പം ഗംഭീര ഇൻസ്റ്റലേഷനുകളും സ്റ്റാളുകളുമൊരുക്കി സംസ്ഥാന ശുചിത്വമിഷനും ഹരിത ആശയങ്ങളുടെ സ്റ്റാളുമായി കേരള ഖരമാലിന്യ പരിപാലന പദ്ധതിയുമാണ് ചലച്ചിത്ര അക്കാദമിയുമായി ചേർന്ന് ഇത്തവണ ഹരിത ആശയങ്ങൾ മികച്ച രീതിയിൽ നടപ്പിലാക്കിയത്.
പാഴ്വസ്തുക്കൾ മാത്രം ഉപയോഗിച്ച് തയ്യാറാക്കിയ വലിയ സിനിമാസ്‌ക്രീൻ ഇൻസ്റ്റലേഷനാണ് ഏറ്റവും ശ്രദ്ധേയം. സ്‌ക്രീനിൽ ആകാശവും മേഘങ്ങളും തെങ്ങുമൊക്കെ പശ്ചാത്തലമാകുന്ന ദൃശ്യം. ഉപയോഗം കഴിഞ്ഞ പ്ലാസ്റ്റിക് കവറുകൾ, കുടിവെള്ളക്കുപ്പികൾ, ഷീറ്റുകൾ, മറ്റ് വസ്തുക്കൾ തുടങ്ങിയവയാണ് ഇൻസ്റ്റലേഷൻ നിർമിക്കാനായി തെരഞ്ഞെടുത്തത്. ആർട്ടിസ്റ്റ് സുമോദ് (തൃശൂർ), ശബരീഷ് എന്നിവരാണ് ഇത് തയ്യാറാക്കിയത്.
ഇതൊടൊപ്പം ടാഗോർ തിയേറ്റർ പരിസരത്ത് സുസ്ഥിരതയും ശാസ്ത്രീയ മാലിന്യ സംസ്‌കരണ രീതികളും പ്രോത്സാഹിപ്പിക്കുന്നതിനായി ഒരു പ്രത്യേക ഇക്കോ സ്‌പേസും ജില്ലാ ശുചിത്വമിഷൻ സ്ഥാപിച്ചിട്ടുണ്ട്.
ഫോട്ടോഗ്രഫി, സിനിമാറ്റോഗ്രഫി ഘടകങ്ങൾ, പെയിന്റ് ചെയ്ത മാലിന്യ വസ്തുക്കൾ എന്നിവ ഉപയോഗിച്ചാണ് ഇക്കോ സ്‌പേസ് തയ്യാറാക്കിയത്. കൂടാതെ കേരള ഖരമാലിന്യ സംസ്‌കരണ പദ്ധതിയും വിവിധ ഹരിത ആശയങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാൾ തയ്യാറാക്കിയിട്ടുണ്ട്.
ഇത്തവണ IFFK വേദിയിൽ ഗ്രീൻ പ്രോട്ടോകോൾ കർശനമായി നടപ്പിലാക്കുന്നതിനായി ടാഗോർ തിയേറ്ററിൽ 20-30 സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ വേദികളിലും മാലിന്യം തരംതിരിച്ച് ഇടുന്നതിന് വേണ്ടത്ര ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇത്തവണ മേളയിൽ ഭക്ഷണവിതരണത്തിന് സ്റ്റീൽ പ്ലേറ്റുകളുമാണ് സ്റ്റാളുകളിൽ ഉപയോഗിക്കുന്നത്. പ്രതിനിധികൾക്കുള്ള കിറ്റിലും ഗ്രീൻ പ്രോട്ടോക്കോൾ സംബന്ധിച്ച ആശയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്.







