35 പുതിയ രോഗികള്‍; ആകെ 571 പേര്‍

post

കോട്ടയം: ജില്ലയില്‍ പുതിയതായി 35 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. രണ്ട് ആരോഗ്യ പ്രവര്‍ത്തകരും സമ്പര്‍ക്കം മുഖേന ബാധിച്ച 25 പേരും വിദേശത്തുനിന്ന് വന്ന മൂന്നു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന അഞ്ചു പേരും ഇതില്‍ ഉള്‍പ്പെടുന്നു. സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവരില്‍ ഒരാള്‍ കാസര്‍കോട് സ്വദേശിയാണ്.

ഒരേ റിസോര്‍ട്ടിലെ ജീവനക്കാരായ നാലു പേര്‍ ഉള്‍പ്പെടെ കുമരകത്തുനിന്നുള്ള ഏഴു പേര്‍ രോഗബാധിതരായി. ഏറ്റുമാനൂരില്‍ രണ്ടു കന്യാസ്ത്രീകളുടെ പരിശോധനാ ഫലം പോസിറ്റീവായി. ചങ്ങനാശേരിയില്‍ മൂന്നു പേര്‍ക്കൂ കൂടി രോഗം സ്ഥിരീകരിച്ചു.

58 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ 1347 പേര്‍ക്ക് രോഗം ബാധിച്ചു. 774 പേര്‍ രോഗമുക്തി നേടി. നിലവില്‍ കോട്ടയം ജില്ലക്കാരായ 571 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

ഇന്നലെ 1449 പരിശോധനാ ഫലങ്ങളാണ് വന്നത്. 526 സാമ്പിളുകളുടെ പരിശോധനാ ഫലം വരാനുണ്ട്. പുതിയതായി 893 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.

മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന 234 പേരും വിദേശ രാജ്യങ്ങളില്‍നിന്ന് വന്ന ഒന്‍പതുപേരും രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്ക പട്ടികയിലുള്ള 75 പേരും ഉള്‍പ്പെടെ 318 പേര്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിച്ചു. ആകെ 8997 പേരാണ് ക്വാറന്റൈനില്‍ കഴിയുന്നത്.