അറിവിന്റെ ജനാധിപത്യം ആഘോഷമാക്കാൻ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം നാലാം പതിപ്പ്
രാജ്യാന്തരശ്രദ്ധയാകർഷിച്ച കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ നാലാം പതിപ്പിനുള്ള ഒരുക്കത്തിലാണ് നിയമസഭ. 2026 ജനുവരി 7 മുതൽ 13 വരെ നിയമസഭാ വളപ്പിൽ നടക്കുന്ന പുസ്തകോത്സവത്തിൽ പ്രവേശനം തീർത്തും സൗജന്യമാണ്. ഈ ദിവസങ്ങളിൽ കേരള നിയമസഭാ ഹാളും നിയമസഭാ മ്യൂസിയവും സന്ദർശിക്കാനും അവസരമുണ്ടായിരിക്കും. ഇരുന്നൂറിലധികം പ്രസാധകർ പങ്കെടുക്കുന്ന പുസ്തകോത്സവത്തിൽ, 250ലേറെ സ്റ്റാളുകളാണ് ഇത്തവണയും നിയമസഭാവളപ്പിൽ തയ്യാറാകുന്നത്.
തസ്ലിമ നസ്രിൻ, റാണാ അയൂബ്, ചൂളാനന്ദ സമരനായകെ, പ്രഫുൽ ഷിലേദാർ, സൈറ ഷാ ഹലീം, ബാനു മുഷ്താഖ് ദേശീയ- അന്തർദേശീയ തലങ്ങളിൽ ശ്രദ്ധേയരായ നിരവധി എഴുത്തുകാർക്കും മാധ്യമപ്രവർത്തകർക്കും സാമൂഹിക-സാംസ്‌കാരിക പ്രവർത്തകർക്കും ഒപ്പം, മലയാളത്തിന്റെ പ്രിയപ്പെട്ട ധാരാളം എഴുത്തുകാരും പുസ്തകോത്സവത്തിൽ പങ്കെടുക്കും. പുസ്തകപ്രകാശനങ്ങൾ, പുസ്തകചർച്ചകൾ, സംവാദങ്ങൾ, എഴുത്തുകാരുമായുള്ള അഭിമുഖസംഭാഷണങ്ങൾ, പ്രഭാഷണങ്ങൾ എന്നിങ്ങനെ ആറ് വേദികളിലായി, നിരവധി പരിപാടിൾ പുസ്തകോത്സവത്തെ സമ്പന്നമാക്കുന്നു. വിദ്യാർത്ഥികൾക്ക് പ്രത്യേകമായി സജ്ജീകരിക്കുന്ന സ്റ്റുഡന്റ്‌സ് കോർണറിൽ നിരവധി പ്രമുഖർ കുട്ടികളുമായി സംവദിക്കും. പപ്പറ്റ് ഷോകൾ, മാജിക് ഷോകൾ, കുട്ടികളുടെ പരിപാടികൾ തുടങ്ങിയവ സ്റ്റുഡന്റ് കോർണർ വേദിയെ ആകർഷകമാക്കുന്നു. പ്രസാധകർ സംഘടിപ്പിക്കുന്ന പുസ്തക പ്രകാശനങ്ങളും ചർച്ചകളും നിയമസഭയിലെ മൂന്ന് വേദികളിലായി നടക്കും. നിയമസഭയുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുന്ന മാതൃകാ നിയമസഭ എന്ന പരിപാടി മാത്രം സെക്രട്ടേറിയറ്റ് മന്ദിരത്തിലെ പഴയ നിയമസഭാ ഹാളിൽവച്ച് നടക്കും.
ജനുവരി 8 മുതൽ 12 വരെയുള്ള തീയതികളിലായി വടക്കൻ കേരളത്തിന്റെ തനതുകലാരൂപമായ തെയ്യം അവതരിപ്പിക്കപ്പെടുമെന്നത് ഇത്തവണത്തെ പുസ്തകോത്സവത്തെ സവിശേഷ അനുഭവമാക്കി മാറ്റും. പുസ്തകോത്സവരാവുകളെ വർണ്ണാഭമാക്കുന്ന മെഗാഷോകൾ, കേരളത്തിന്റെ രുചിവൈവിധ്യമറിയാൻ ഭക്ഷ്യമേള, ഇഷ്ടപ്പെട്ട എഴുത്തുകാരുടെ കൈയ്യൊപ്പ് വാങ്ങാൻ അവസരം തുടങ്ങിയവ പുസ്തകോത്സവത്തെ തലസ്ഥാനനഗരിയുടെ ആഘോഷമാക്കി മാറ്റുന്നു. അറിവിന്റെ ജനാധിപത്യം ആഘോഷിക്കുന്ന ഏഴ് ദിനരാത്രങ്ങൾക്കായി കേരള നിയമസഭ ഒരുങ്ങുന്നു.







