മത്സ്യ കൃഷി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി ആഗസ്റ്റ് മൂന്നിനും നാലിനും പരിശീലനം

post

മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : സംസ്ഥാനത്ത് മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കാന്‍ നടപ്പാക്കുന്ന പൊതു കുളങ്ങളിലെ മത്സ്യ കൃഷി പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്കായി ആഗസ്റ്റ് മൂന്നിനും നാലിനും പരിശീലനം സംഘടിപ്പിക്കുന്നു. പരിശീലനപരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മൂന്നിന് രാവിലെ 10 മണിക്ക് ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഓണ്‍ലൈനായി നിര്‍വഹിക്കും.

കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരിശീലനം. സംസ്ഥാനത്ത് 28 കേന്ദ്രങ്ങളില്‍ തെരഞ്ഞെടുക്കപ്പെട്ട 280 കര്‍ഷകര്‍ പരിപാടിയില്‍ പങ്കെടുക്കും. 5000 ഓളം കര്‍ഷകര്‍ ഫേസ്ബുക്കിലൂടെ പരിപാടി തത്സമയം വീക്ഷിച്ച് സംശയനിവാരണം നടത്തും. ഫിഷറീസ് വകുപ്പിലെയും ഫിഷറീസ് സര്‍വകലാശാലയിലെയും വിദഗ്ധര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യും. മത്സ്യകൃഷിയില്‍ താത്പര്യമുള്ളവര്‍ക്ക്  https://www.facebook.com/janakeeyamatsyakrishi.kerala.9 എന്ന ലിങ്കിലൂടെ തത്സമയം പരിശീലനം കാണാം.

മത്സ്യകൃഷിക്കായി തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ അതത് പ്രദേശത്തെ തെരഞ്ഞെടുത്ത  സ്വയം സഹായ സംഘങ്ങള്‍, കുടുംബശ്രീ / വനിതാ ഗ്രൂപ്പുകള്‍ / അയല്‍ക്കൂട്ടങ്ങള്‍, മത്സ്യ കര്‍ഷക ക്ലബ്ബുകള്‍, യുവാക്കള്‍ , മത്സ്യകര്‍ഷകര്‍ എന്നിവരാണ് ഗുണഭോക്താക്കള്‍. 1367.85 ഹെക്ടര്‍ പ്രദേശത്തുള്ള 8748 കുളങ്ങളിലാണ് മുഖ്യമന്ത്രിയുടെ 12 ഇന പരിപാടിയില്‍ ഉള്‍പ്പെട്ട പദ്ധതി പ്രകാരം മത്സ്യ കൃഷി നടപ്പാക്കുന്നത്.