മത്സ്യത്തൊഴിലാളി പുനരധിവാസം: 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് അംഗീകാരം

post

തിരുവനന്തപുരം : കടലാക്രമണഭീഷണിയില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ സുരക്ഷിതമേഖലയില്‍ പുനരധിവസിപ്പിക്കുന്നതിനായി 2450 കോടി രൂപയുടെ പുനര്‍ഗേഹം പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. വേലിയേറ്റരേഖയുടെ 50 മീറ്റര്‍ പരിധിക്കുള്ളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികകള്‍ക്കായുള്ള പദ്ധതിയുടെ ചെലവില്‍ 1398 കോടിരൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്നും ബാക്കി തുക ഫിഷറീസ് വകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍നിന്നുമാണ് കണ്ടെത്തുന്നത്.  മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തില്‍ 998.61 കോടിയും രണ്ടാം ഘട്ടത്തില്‍ 796.54 കോടിയും മൂന്നാം ഘട്ടത്തില്‍ 654.85 കോടി രൂപയുമാണ് ചെലവഴിക്കുന്നത്. പദ്ധതിയുടെ ഭാഗമായി വേലിയേറ്റരേഖയുടെ 50 മീറ്റര്‍ ചുറ്റലവില്‍ കഴിയുന്ന 18685 കുടുംബങ്ങള്‍ക്ക് ഭൂമിയും ഭവനവും നല്‍കും. പുനരധിവാസപദ്ധതി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതതലസമിതിയുടെ കര്‍ശനമേല്‍നോട്ടത്തിലായിരിക്കും നടപ്പാക്കുക. കൂടാതെ ജില്ലാതലത്തില്‍ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി എല്ലാ മാസവും പദ്ധതിയുടെ പുരോഗതി വിലയിരുത്തും. വിശദവിവരങ്ങൾക്ക്: ജി.ഒ (ആർറ്റി)നം.1009/2019/ഫിഷറീസ്,തുറമുഖ വകുപ്പ്    തീയതി: 26/12/2019