ആഗസറ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കും

post

തിരുവനന്തപുരം : കേരള തീരത്ത് ട്രോളിങ് നിരോധനം അവസാനിക്കുകയാണെന്നും ആഗസ്റ്റ് അഞ്ചുമുതല്‍ നിയന്ത്രിത മത്സ്യബന്ധനം അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് 19 പശ്ചാത്തലത്തില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാകും നിയന്ത്രിത മത്സ്യബന്ധനം. എല്ലാ ബോട്ടുകളും രജിസ്‌ട്രേഷന്‍ നമ്പരിന്റെ അടിസ്ഥാനത്തില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെടാം. കണ്ടെയിന്‍മെന്റ് സോണിലും മത്സ്യബന്ധനം നടത്താം. എന്നാല്‍, അങ്ങനെ ലഭ്യമാകുന്ന മത്സ്യം അതാത് സോണില്‍ വിറ്റുതീര്‍ക്കണം. കണ്ടെയിന്‍മെന്റ് സോണില്‍നിന്ന് മത്സ്യവില്‍പനയ്ക്കായി പുറത്തേക്ക് പോകാന്‍ പാടില്ല. അധികമുള്ള മത്സ്യം സഹകരണ സംഘങ്ങള്‍ മുഖേന മാര്‍ക്കറ്റില്‍ എത്തിക്കും.

മത്സ്യബന്ധനത്തിനു പുറപ്പെടുന്ന സ്ഥലത്തുതന്നെ നിര്‍ബന്ധമായും തിരിച്ചെത്തണം. മത്സ്യലേലം പൂര്‍ണമായും ഒഴിവാക്കണം. ഹാര്‍ബറുകളില്‍ ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റികളും ലാന്‍ഡിങ് സെന്ററുകളില്‍ മത്സ്യത്തൊഴിലാളി പ്രതിനിധികളെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തി പ്രാദേശികമായി രൂപീകരിക്കുന്ന ജനകീയ കമ്മിറ്റികളായിരിക്കും മത്സ്യത്തിന്റെ വില നിശ്ചയിക്കുന്നതും മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിയന്ത്രിക്കുന്നതുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.