മുഖ്യമന്ത്രി ബലിപെരുന്നാള്‍ ആശംസകള്‍ നേര്‍ന്നു

post

*നമസ്‌കാരത്തിന് കോവിഡ് മാനദണ്ഡം പാലിക്കണം

തിരുവനന്തപുരം: ത്യാഗത്തിന്റെ, സമര്‍പ്പണത്തിന്റെ, മനുഷ്യസ്‌നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ഈദുല്‍ അസ്ഹ നമുക്കു നല്‍കുന്നതെന്നും ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആശംസിച്ചു.

കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യം ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്‌കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്‌കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണം. ഇന്നത്തെ സാഹചര്യത്തിന്റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണയും നമസ്‌കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.