കോവിഡ് പ്രതിരോധം: മുതിർന്ന പൗരൻമാർക്ക് ഹെൽപ് ഡെസ്‌ക്

post

ഹെൽപ് ഡെസ്‌ക് നമ്പർ: 1800 425 2147

തിരുവനന്തപുരം: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കുവേണ്ടി സാമൂഹ്യനീതി ഡയറക്ടറേറ്റിൽ പുതുതായി ഹെൽപ് ഡെസ്‌ക് ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു. കോവിഡ് ഏറ്റവും അപകടകരമായി ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡ് മഹാമാരിയുടെ വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാന സർക്കാർ പുറപ്പെടുവിച്ചിട്ടുള്ള റിവേഴ്‌സ് ക്വാറന്റൈൻ മാർഗ നിർദ്ദേശങ്ങൾ പ്രകാരം വയോജനങ്ങൾ വീടുകളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലും സുരക്ഷിതരായി കഴിയണം. ഇങ്ങനെ കഴിയുന്ന മുതിർന്ന പൗരൻമാർക്ക് അവരുടെ പ്രശ്‌നങ്ങൾ അറിയിക്കുന്നതിനും അവർക്ക് മാനസിക പിന്തുണ നൽകുന്നതിനുമായാണ് ഹെൽപ് ഡെസ്‌ക് ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

1800 425 2147 എന്ന നമ്പരിൽ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെ വിളിക്കാവുന്നതാണ്. സാമൂഹ്യനീതി വകുപ്പിന്റെ ലിസ്റ്റ് പ്രകാരം അങ്ങോട്ട് വിളിച്ചും വയോജനങ്ങൾക്ക് സഹായങ്ങൾ നൽകുന്നതാണ്. വയോജനങ്ങളുടെ ബുദ്ധിമുട്ടുകൾ ചോദിച്ചറിഞ്ഞ് ആരോഗ്യ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും സഹായത്തോടെ ശാരീരിക മാനസിക ആരോഗ്യം ഉറപ്പ് വരുത്തുന്നു. സൈക്കോ സോഷ്യൽ പരിപാടിയുടെ ഭാഗമായി കൗൺസിലർമാരുടെ സേവനവും ലഭ്യമാക്കുന്നു.