മന്ത്രിസഭായോഗ തീരുമാനങ്ങള്‍

post

* താല്‍കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമ ഭേദഗതി

തിരുവനന്തപുരം : താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കുന്നതിനുള്ള നിയമ ഭേദഗതി മന്ത്രിസഭ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കാലാവധി 2020 ഏപ്രില്‍ ഒന്നു മുതല്‍ 180 ദിവസമായി ദീര്‍ഘിപ്പിക്കുന്നതിന് താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനാണ് മന്ത്രിസഭ തീരുമാനിച്ചിട്ടുള്ളത്.   1985ലെ താല്‍ക്കാലിക റവന്യൂ പിരിച്ചെടുക്കല്‍ നിയമപ്രകാരം 120 ദിവസമാണ് റവന്യൂ പിരിക്കാന്‍ സര്‍ക്കാരിന് അധികാരമുള്ളത്. ഈ കാലാവധിയ്ക്കകം ബില്ലുകള്‍ നിയമസഭ പാസാക്കിയില്ലെങ്കില്‍ അവ കാലഹരണപ്പെട്ടുപോകും. കേരള ധനകാര്യ ബില്‍ പാസാക്കുന്നതിന് ജൂലൈ 27ന് നിയമസഭ ചേരാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവെച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് കാലാവധി 120 ദിവസത്തില്‍ നിന്ന് 180 ദിവസമാക്കുന്നതിന് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.

കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി

രാജ്യത്തെ പ്രതികൂല സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് 2019-20 വര്‍ഷം 1471 കോടി രൂപ അധിക വായ്പ എടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേരള ധനഉത്തരവാദിത്വ നിയമത്തില്‍ ഭേദഗതി വരുത്തുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഈ നിയമത്തില്‍ ഭേദഗതി വരുത്തണമെന്ന വ്യവസ്ഥയോടെയാണ് ഒറ്റത്തവണയായി അധിക വായ്പ എടുക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിയമസഭ ചേരാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുന്നത്. ധനഉത്തരവാദിത്വ നിയമപ്രകാരം സംസ്ഥാനത്തിന്റെ ധന കമ്മി മൊത്തം ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമായി നിലനിര്‍ത്തണം. അതുകൊണ്ടാണ് ഒറ്റത്തവണയായി അധികവായ്പ എടുക്കുന്നതിന് നിയമഭേദഗതി വേണ്ടിവന്നത്.

അസമിന് രണ്ട് കോടി രൂപ

വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന അസമിലെ ജനങ്ങളോട് മന്ത്രിസഭായോഗം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. ജനങ്ങളെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് രണ്ടു കോടി രൂപ അസം സര്‍ക്കാരിന് നല്‍കാനും തീരുമാനിച്ചു.

തോട്ടം തൊഴിലാളി ക്ഷേമനിധിയിലേക്ക് തൊഴിലാളികളും തൊഴില്‍ ഉടമകളും അടയ്‌ക്കേണ്ട അംശദായം 20 രൂപയില്‍ നിന്ന് 30 രൂപയായും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ അടയ്‌ക്കേണ്ട അംശദായം 40 രൂപയില്‍ നിന്ന് 60 രൂപയായും വര്‍ധിപ്പിക്കുന്നതിന് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച നിയമഭേദഗതിയുടെ കരട് മന്ത്രിസഭ അംഗീകരിച്ചു.