ലൈഫില്‍ തളിര്‍ത്ത പുഞ്ചിരി; സൗമ്യയ്ക്കും പ്രദീപനും ഇനി ആധിയൊഴിഞ്ഞ നാളുകള്‍

post

കാസര്‍കോട് : ബളാല്‍ പഞ്ചായത്തിലെ താമസക്കാരാണ് സൗമ്യയും ഭര്‍ത്താവ് പ്രദീപും. പതിനൊന്ന് വര്‍ഷക്കാലം ബളാലിലെ നായര്‍കടവിലെ വീട്ടിലായിരുന്നു  ഇവര്‍ താമസിച്ചത്. ഓരോ വര്‍ഷം പിന്നിടുമ്പോഴും വീടിന്റെ ഓട് പൊളിഞ്ഞു തുടങ്ങി, ഷീറ്റിട്ട നിലയിലുള്ള വീടിന്റെ ഭിത്തികളില്‍ വിള്ളലുകള്‍ വീണു. ഓരോ മഴയിലും മേല്‍കൂര തകര്‍ന്നു പോകുമോ,  ചുമരിടിഞ്ഞ് വീഴുമോ എന്ന പേടിയോടെ മകളേയും ചേര്‍ത്ത് പിടിച്ച് ഈ ദമ്പതികള്‍ വര്‍ഷങ്ങള്‍ തള്ളി നീക്കി. കൂലിപ്പണിക്കാരനായ പ്രദീപനും വീട്ടമ്മയായ സൗമ്യയ്ക്കും ഒരു വീടെന്നത് വിദൂര സ്വപ്നമായി അവശേഷിച്ചു. കാടിനോട് ചേര്‍ന്ന പ്രദേശത്ത് ഇഴ ജീവികളേയും ചെറിയ വന്യ ജീവികളേയും ഭയന്ന് അവര്‍ ജീവിതം കഴിച്ചു കൂട്ടി.

മകള്‍ വളര്‍ന്നു തുടങ്ങിയപ്പോള്‍ അടച്ചുറപ്പുള്ള സുരക്ഷിതമായ ഒരു വീടെന്നത് വലിയ ആവശ്യമായി. കൂലിപ്പണി ചെയ്ത് കിട്ടുന്ന തുച്ഛമായ കൂലി കൂട്ടിവെച്ച് ബളാലില്‍ അത്യാവശ്യം ഗതാഗത സൗകര്യമുള്ള സ്ഥലത്ത് കുറച്ച് ഭൂമി വാങ്ങി. അപ്പോഴും അവിടെ ഒരു വീട് എന്നത് അവരുടെ സ്വപ്നം മാത്രമായി. നെഞ്ചിലെ ആധി കൂടി കൂടി വരുന്ന സമയത്തായിരുന്നു, സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തില്‍ ഉള്‍ള്‍പ്പെടുത്തി സൗമ്യയ്ക്ക് വീട് അനുവദിക്കുന്നത്. സര്‍ക്കാര്‍ ധനസഹായത്താല്‍ ഈ കുടുംബത്തിന്റെ സ്വപ്ന വീട് ബളാലില്‍ ഒരുങ്ങി. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ക്കൊപ്പം സൗമ്യയും പ്രദീപനും ഇപ്പോള്‍ സന്തുഷ്ടരാണ്.