തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടല്‍ റെക്കോഡ് വേഗതയില്‍ പൂര്‍ത്തിയായി

post

അനുവദിച്ചത് 120 ദിവസം; വേണ്ടിവന്നത് 59 ദിവസം

തിരുവനന്തപുരം : തോട്ടപ്പള്ളി പൊഴിയുടെ ആഴം കൂട്ടല്‍ റെക്കോഡ് വേഗതയില്‍ പൂര്‍ത്തീകരിച്ച് ജലസേചന വകുപ്പ്. 120 ദിവസംകൊണ്ട് തീര്‍ക്കേണ്ട പ്രവൃത്തി വെറും 59 ദിവസംകൊണ്ടാണ് വകുപ്പ് പൂര്‍ത്തീകരിച്ചത്. വീണ്ടുമൊരു പെരുമഴയുണ്ടായാല്‍ വെള്ളം കൂടുതല്‍ സുഗമമായി കടലിലേക്കൊഴുക്കി വിടാന്‍ ഇത് സഹായിക്കും. ഈ മേഖലയിലെ വെള്ളപ്പൊക്ക ഭീഷണിക്കും ഇതോടെ പരിഹാരമാവുകയാണ്.

കഴിഞ്ഞ മേയ്മാസം അവസാനത്തോടെയാണ് തോട്ടപ്പള്ളി പൊഴിയുടെ ആഴംകൂട്ടല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്. ജൂലൈ അവസാനത്തോടെ ഈ പ്രവൃത്തികള്‍ ലക്ഷ്യത്തിലെത്തിക്കുവാന്‍ സാധിച്ചു. പ്രവൃത്തികള്‍ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നേരില്‍കണ്ട് വിലയിരുത്തി. റെക്കോഡ് വേഗതയില്‍ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ച ഉദ്യോസ്ഥരെ മന്ത്രി അനുമോദിച്ചു. ജലവിഭവ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി യുദ്ധകാല അടിസ്ഥാനത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് പരിസമാപ്തിയായത്. രാത്രിയും പകലും ഇവിടെ മണ്ണ് നീക്കല്‍ പ്രവര്‍ത്തനം നടന്നിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ചട്ടങ്ങളും പാലിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനങ്ങള്‍. ഉദ്യോഗസ്ഥരും തൊഴിലാളികളും ഒരേ മനസോടെ തങ്ങളുടെ ജോലി നിര്‍വഹിച്ചപ്പോള്‍ പകുതിസമയംകൊണ്ടുതന്നെ പൂര്‍ത്തിയാക്കാനായി.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേപ്രകാരം ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിയും ഈ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നിരീക്ഷിച്ചിരുന്നു. ജലസേചന വകുപ്പ് അലപ്പുഴ  ഡിവിഷന്‍ എക്ിക്യൂട്ടീവ് എന്‍ജിനീയര്‍ അരുണ്‍ ജേക്കബ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. മണല്‍ നീക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ കൃത്യമായി എത്തിക്കുന്നതിനും അതിന്റെ പണം സമയാസമയംതന്നെ വിതരണം ചെയ്യാനും ജില്ലാ ഭരണകൂടവും പ്രത്യേകം ശ്രദ്ധിച്ചത് പ്രവര്‍ത്തനം സുഗമമാക്കി. ഒരു കൂട്ടായ്മയുടെ വിജയമാണ്  വെള്ളപൊക്ക ഭീഷണിയില്‍നിന്നും കുട്ടനാട് മേഖലയ്ക്ക് ആശ്വാസമേകുന്ന ഈ പ്രവൃത്തിയെന്ന് മന്ത്രി കെ. കൃഷ്ണന്‍ കുട്ടി പറഞ്ഞു. ജില്ലാ കലക്ടര്‍ എ. അലക്‌സാണ്ടര്‍, ജലസേചന വകുപ്പ് ഭരണവിഭാഗം ചീഫ് സെക്രട്ടറി ഡി. ബിജു, എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അരുണ്‍ കെ. ജേക്കബ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.